നീതിയുടെ ചിറകരിഞ്ഞ്; അദാനിക്കെതിരേ വിധി പറഞ്ഞ് 24 മണിക്കൂറിനുള്ളിൽ ജഡ്ജിക്ക് സ്ഥലംമാറ്റം
ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബി.ജെ.പിയുമായും അടുപ്പമുണ്ടെന്ന് ആക്ഷേപം നേരിടുന്ന ശതകോടീശ്വരൻ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരേ വിധി പുറപ്പെടുവിച്ച് 24 മണിക്കൂറിനുള്ളിൽ രാജസ്ഥാനിലെ ജഡ്ജിക്ക് സ്ഥലംമാറ്റം. രാജസ്ഥാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുതി കമ്പനിയിൽ നിന്ന് 1,400 കോടിയിലധികം രൂപ അദാനി ഗ്രൂപ്പ് അന്യായമായി കൈപ്പറ്റിയെന്ന് കണ്ടെത്തി അദാനി ഗ്രൂപ്പിന് 50 ലക്ഷം രൂപ പിഴയിട്ട ജയ്പൂർ വാണിജ്യ കോടതി ജഡ്ജി ദിനേശ് കുമാർ ഗുപ്തയ്ക്കാണ് സ്ഥലംമാറ്റം ലഭിച്ചത്.
അദാനി ഗ്രൂപ്പിനെതിരായ ജൂലൈ അഞ്ചിലെ വാണിജ്യ കോടതിയുടെ ഉത്തരവും ഇതേതുടർന്നുണ്ടായ സ്ഥലംമാറ്റവും ദി സ്‌ക്രോൾ റിപ്പോർട്ട്‌ചെയ്തതോടെയാണ് വാർത്തയായത്. ഛത്തിസ്ഗഡിലെ കൽക്കരി ഖനനവുമായി ബന്ധപ്പെട്ട കരാറിൽ റെയിൽവേ സൈഡിങ്ങുകൾ നിർമിക്കുന്നതിൽ അദാനി ഗ്രൂപ്പ് പരാജയപ്പെട്ടതായും ഇതേത്തുടർന്നുണ്ടായ റോഡ് ഗതാഗത ചെലവ് സർക്കാരിന് മേൽ അടിച്ചേൽപ്പിച്ചുവെന്നും ജഡ്ജി വ്യക്തമാക്കി.
ഉത്തരവിൽ അദാനി ഗ്രൂപ്പിന് കനത്ത പിഴ ചുമത്തിയ ജഡ്ജി കരാർ വിശദമായി പരിശോധിക്കാൻ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന് നിർദേശം നൽകുകയും ചെയ്തു. ഉത്തരവ് പുറപ്പെടുവിച്ച അന്ന് തന്നെ ജഡ്ജി പദവിയിൽനിന്ന് ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാൻ സർക്കാർ ഗുപ്തയെ പുറത്താക്കി. പിന്നാലെ രാജസ്ഥാൻ ഹൈക്കോടതി അദ്ദേഹത്തെ ജയ്പൂരിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള ബിവാർ ജില്ലയിലേക്ക് സ്ഥലംമാറ്റിയതായും സ്‌ക്രോൾ റിപ്പോർട്ട് ചെയ്തു.
സ്ഥലംമാറ്റത്തിന് ശേഷം രണ്ടാഴ്ച കഴിഞ്ഞ് ഇതേ കേസ് ഹൈക്കോടതി പരിഗണിക്കുകയും ഗുപ്തയുടെ ഉത്തരവ് സ്റ്റേ ചെയ്യുകയുമുണ്ടായി. പിഴയും സ്റ്റേചെയ്തു. ഗുപ്തയെ നീക്കാനുള്ള ഉത്തരവ് രാജസ്ഥാൻ നിയമകാര്യവകുപ്പാണ് കൈക്കൊണ്ടത്. വകുപ്പിന്റെ വിജ്ഞാപനം ഇറങ്ങി അടുത്ത മണിക്കൂറിനകം തന്നെ ജഡ്ജിയെ ബീവാറിലേക്ക് സ്ഥലംമാറ്റി ജോധ്പൂർ ബെഞ്ച് ഉത്തരവ് ഇറക്കിയെന്നും സ്‌ക്രോൾ റിപ്പോർട്ട് ചെയ്തു. കേസിലെ അടുത്ത വാദം 2026 ജനുവരി അവസാന വാരം നടക്കും.അദാനി ഗ്രൂപ്പിന്റെ പി.കെ.സി.എൽ, രാജസ്ഥാൻ രാജ്യ വിദ്യുത് ഉത്പാദൻ നിഗം ലിമിറ്റഡിൽ (ആർ.ആർ.വി.യു.എൻ.എൽ) നിന്ന് റോഡ് ഗതാഗത ചാർജായി 1,400 കോടി രൂപയിലധികം ഈടാക്കിയതാണ് കേസിനാസ്പദമായ സംഭവം.
കരാർ പ്രകാരം കൽക്കരി റെയിൽവേ മാർഗം രാജസ്ഥാനിലെത്തിക്കണമായിരുന്നു. റെയിൽവേ സൈഡിങ് നിർമിക്കാൻ വൈകിയതിനാൽ റോഡ് മാർഗം കൽക്കരി കൊണ്ടുപോകാൻ ഇരു കമ്പനികളും തീരുമാനിച്ചു. ഈ ചെലവ് ആർ.ആർ.വി.യു.എൻ.എല്ലിൽ നിന്ന് അദാനി ഗ്രൂപ്പ് ഈടാക്കി. പലിശ ആവശ്യപ്പെട്ടപ്പോൾ ആർ.ആർ.വി.യു.എൻ.എൽ ഉടക്കുകയും വിഷയം കോടതിയിലെത്തുകയുമായിരുന്നു.
judge transferred within 24 hours after giving a verdict against adani
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."