പൊലിസ് സ്റ്റേഷനിൽ വച്ച് യുവതിയുടെ മുഖത്തടിച്ചതിൽ നടപടി: എസ്.എച്ച് ഒ പ്രതാപചന്ദ്രന് സസ്‌പെൻഷൻ
തിരുവനന്തപുരം: പൊലിസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ ഗർഭിണിയായ യുവതിയെ മർദിച്ച സംഭവത്തിൽ എസ്.എച്ച് ഒ പ്രതാപചന്ദ്രനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. എ.ഡി.ജി.പിയുടെ നിർദേശപ്രകാരം ദക്ഷിണ മേഖലാ ഐ.ജി ശ്യാം സുന്ദറാണ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്.
2024-ൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടത്. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഡിജിപിക്ക് കർശന നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷിനോട് റിപ്പോർട്ടും തേടിയിരുന്നു. പിന്നാലെയാണ് എസ്.എച്ച്.ഒയെ സസ്പെൻഡ് ചെയ്തതായി ദക്ഷിണ മേഖലാ ഐ.ജി ശ്യാം സുന്ദറാണ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്. യുവതിയുടെ ഭർത്താവ് നടത്തുന്ന ഹോട്ടലിലെ അടിപിടിയുമായി ബന്ധപ്പെട്ടാണ് ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇത് അന്വേഷിക്കാനെത്തിയപ്പോഴാണ് ഷൈമോളിന് ക്രൂരമായ മർദനമേറ്റത്.
സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൊലിസിന്റെ ക്രൂര സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയതോടെ ആഭ്യന്തര വകുപ്പ് കടുത്ത പ്രതിരോധത്തിലായിരുന്നു. പൊലിസ് സ്റ്റേഷനുള്ളിൽ വെച്ച് യുവതിക്ക് നേരെ അതിക്രമം ഉണ്ടായെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. ക്രമസമാധാന പാലനത്തിന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയായാണ് വകുപ്പ് ഇതിനെ കണക്കാക്കുന്നത്.
'പ്രതിരോധിച്ചതെന്ന്' ഉദ്യോഗസ്ഥൻ; മർദനം ക്രൂരമെന്ന് ദൃശ്യങ്ങൾ
യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും വനിതാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തപ്പോൾ ഉണ്ടായ സ്വാഭാവിക പ്രതികരണമായിരുന്നു മർദനമെന്നുമാണ് എസ്എച്ച്ഒ പ്രതാപചന്ദ്രൻ്റെ വിശദീകരണം. യുവതി കൈക്കുഞ്ഞുങ്ങളെ താഴെ എറിയാൻ ശ്രമിച്ചതായും ഇദ്ദേഹം അവകാശപ്പെടുന്നു. എന്നാൽ, കോടതി ഉത്തരവിലൂടെ പരാതിക്കാരിക്ക് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ ഉദ്യോഗസ്ഥൻ്റെ വാദങ്ങളെ തള്ളുന്നതാണ്. കസ്റ്റഡിയിലെടുത്ത യുവാവിന്റെ ഭാര്യ ഷൈമോൾ എൻ. ജെ. യെ പ്രതാപചന്ദ്രൻ മുഖത്തടിക്കുകയും നെഞ്ചിൽ പിടിച്ചു തള്ളുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വനിതാ പൊലിസുകാരുടെ സാന്നിധ്യത്തിലായിരുന്നു ഈ അതിക്രമം.
സർക്കാരിനെതിരെ വി.ഡി. സതീശൻ
"ഇതാണോ പിണറായി വിജയൻ സർക്കാരിന്റെ സ്ത്രീസുരക്ഷയും ജനമൈത്രി പൊലിസും?" എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു. മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും പൂർണ പരാജയമാണെന്ന് അദ്ദേഹം ആരോപിച്ചു. പൊലിസിനെ സി.പി.എം ക്രിമിനലുകൾക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിനും അടിയറവ് വച്ചതിന്റെ ദുരന്തഫലമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൊലിസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
In a major disciplinary action SHO Prathapachandran has been suspended following allegations of assaulting a woman inside a police station. The incident, which involved the officer slapping a woman (reportedly pregnant) who came to the station to file a complaint, sparked widespread outrage. South Zone IG Shyam Sundar issued the suspension order following a directive from the ADGP. A detailed probe has been initiated into the officer's misconduct and breach of duty.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."