നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയിൽ ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ദിലീപ്. വിചാരണ കോടതി വെറുതെ വിട്ടതിന് പിന്നാലെ ഇന്ന് നടന്ന കോടതിയലക്ഷ്യ ഹരജികളിലെ വാദത്തിനിടെയാണ് ദിലീപിന്റെ അഭിഭാഷകൻ അന്വേഷണ സംഘത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
ദുരൂഹമായ ലക്ഷ്യത്തോടെ അടച്ചിട്ട കോടതി മുറിയിൽ നടന്ന വാദങ്ങൾ ബൈജു പൗലോസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന് ദിലീപ് ആരോപിച്ചു. കോടതിയിൽ പറയാത്ത കാര്യങ്ങൾ പോലും ചാനലുകളിൽ പ്രചരിപ്പിക്കാൻ ഉദ്യോഗസ്ഥൻ ഒത്താശ ചെയ്തു. പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാർ പൊലിസിന് മൊഴി നൽകുന്നതിന് മുൻപ് ചാനലുകളിൽ അഭിമുഖം നൽകിയത് ഇതിന് തെളിവാണ്. ഇത്തരം സാക്ഷികളെ കുറിച്ച് പൊലിസിന് വിവരമുണ്ടെങ്കിൽ ആദ്യം കോടതിയെ അറിയിക്കുകയായിരുന്നു വേണ്ടതെന്നും ദിലീപ് വാദിച്ചു. കേസ് ജനുവരി 12-ലേക്ക് കോടതി മാറ്റിയിട്ടുണ്ട്.
വർഷങ്ങളായി കോടതിയുടെ കസ്റ്റഡിയിലായിരുന്ന ദിലീപിന്റെ പാസ്‌പോർട്ട് ഇന്ന് വിട്ടുനൽകി. പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വിദേശ യാത്രകൾ ആവശ്യമാണെന്ന ദിലീപിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യവ്യവസ്ഥകൾ അപ്രസക്തമായെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. എന്നാൽ പാസ്‌പോർട്ട് വിട്ടുനൽകുന്നതിനെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തിരുന്നു.
അതേസമയം അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ചതിന് കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ തൃശൂർ സൈബർ പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഈ വീഡിയോ പ്രചരിപ്പിച്ച മറ്റ് വ്യക്തികൾക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് തൃശൂർ സിറ്റി പൊലിസ് കമ്മീഷണർ അറിയിച്ചു. അതിജീവിതയ്ക്ക് പിന്തുണയുമായി സെക്രട്ടറിയേറ്റിലെ വനിതാ സംഘടനയായ 'കനൽ' രംഗത്തെത്തി. സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച 'അവൾക്കൊപ്പം' ഐക്യദാർഢ്യ സദസ്സ് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു.
In the actress assault case, actor Dileep has raised serious allegations against investigation officer Baiju Paulose in court. Dileep claimed that the officer leaked confidential in-camera proceedings to the media and spread information that was never actually mentioned in court. Meanwhile, the court has returned Dileep’s passport, noting that his acquittal has nullified previous bail conditions. In a separate development, a case has been registered against the second accused, Martin Antony, for revealing the victim's identity in a video.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."