നമ്മള്‍ എന്തുകൊണ്ട് തോറ്റു..? അന്തര്‍ധാരയും റാഡിക്കലായ മാറ്റവും.. പിറന്നത് മൂർച്ചയേറിയ ആക്ഷേപഹാസ്യങ്ങൾ
തിരുവനന്തപുരം: യേശുദാസിന്റെ ഒരു ഗാനമെങ്കിലും ദിവസവും കേള്‍ക്കാത്തതോ മൂളാത്തതോ ആയ മലയാളികള്‍ ഉണ്ടാകില്ലെന്ന് പറയുന്നതുപോലെയാണ് ഇന്നലെ അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസന്റെ കാര്യവും. ശ്രീനിവാസന്‍ ചിത്രങ്ങളും അതിലെ ഡയലോഗുകളും പറയാത്ത ഒരുദിവസം പോലും മലയാളിക്കുണ്ടാകില്ല. അത്രയ്ക്ക് സ്വാധീനിച്ചതാണ് ശ്രീനിവാസന്റെ അതുല്യമായ രചനാവൈഭവം.
ജനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന കഥകളാണ് ശ്രീനിവാസന്‍ ചിത്രങ്ങളില്‍. രാഷ്ട്രീയ വിമര്‍ശനമായും മറ്റും ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള തൂലികയില്‍ പിറന്ന ഡയലോഗുകള്‍ മലയാളികള്‍ ഉപയോഗിക്കാറുള്ളത്. സ്വയം ഒരു കോമാളിയായി ചിത്രീകരിക്കുന്ന കഥാപാത്രങ്ങള്‍ സൃഷ്ടിക്കാനും അത് ഭംഗിയാക്കാനും ശ്രീനിവാസനെ പോലെ മറ്റൊരു പ്രതിഭയില്ല. തന്റെ രൂപം പോലും അതിന് ഉപകരണമാക്കി. ശ്രീനിവാസന്റെ സന്ദേശം സിനിമയിലെ കഥാപാത്രങ്ങള്‍ ഒാരോ തെരഞ്ഞെടുപ്പുകളിലും ആക്ഷേപഹാസ്യമായി മലയാളിയുടെ നാവിലെത്താറുണ്ട്.
സന്ദേശത്തിലെ കഥാപാത്രങ്ങളായ തോട്ടപ്പള്ളി പ്രഭാകരനും കുമാരപിള്ള സാറും ഉത്തമനും എല്ലാം തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് തിരിച്ചടി നേരിട്ടപ്പോള്‍ സൈബര്‍ ഇടങ്ങളിൽ പൊങ്ങിവന്നിരുന്നു. സിനിമയിലെ നമ്മള്‍ എന്തുകൊണ്ട് തോറ്റുവെന്ന ചോദ്യവും വിഘടനവാദികളും അന്തര്‍ധാരയും റാഡിക്കലായ മാറ്റവും ചേര്‍ത്തുള്ള ഉത്തരവും രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാറുണ്ട്.വരവേല്‍പ്പ് എന്ന ചിത്രവും സി.പി.എമ്മിനെ കളിയാക്കുന്നതാണ്. നാടോടിക്കാറ്റിലെ ദാസനും വിജയനും അതിലെ ഐശ്വര്യത്തിന്റെ സൈറണും ഓരോന്നിനും അതിന്റേതായ സമയമുണ്ടെന്ന പ്രത്യാശയും എല്ലാം മലയാളികളുടെ മനസിൽ എന്നും തങ്ങിനിൽക്കുന്നതാണ്. എങ്ങനെയും പണം ഉണ്ടാക്കാൻ ശ്രമിക്കുന്ന മലയാളിയുടെ സഹജമായ സ്വഭാവമാണ് ചിന്താവിഷ്ടയായ ശ്യാമളയില്‍ പറയുന്നത്. ഉദയനാണ് താരം എന്ന സിനിമ സൂപ്പര്‍ സ്റ്റാറുകളെ പൊളിച്ചടുക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."