ക്രൂരതയുടെ 'വിദ്യാലയം': ഏഴാം ക്ലാസുകാരനെ തല്ലാൻ പത്താം ക്ലാസുകാർക്ക് ക്വട്ടേഷൻ നൽകി പ്രിൻസിപ്പൽ
ഹൈദരാബാദ്: വിദ്യാലയ മുറ്റത്ത് അച്ചടക്കം പഠിപ്പിക്കേണ്ട പ്രിൻസിപ്പൽ തന്നെ വിദ്യാർത്ഥിയെ മർദ്ദിക്കാൻ 'ക്വട്ടേഷൻ' നൽകിയ വാർത്തയുടെ ഞെട്ടലിലാണ് ഹൈദരാബാദ് കൊമ്പള്ളിയിലെ സർക്കാർ സ്കൂൾ. സൈക്കിൾ സ്റ്റാൻഡിലെ ചെറിയ തർക്കത്തിന്റെ പേരിൽ ഏഴാം ക്ലാസുകാരനായ ഫണീന്ദ്ര സൂര്യ എന്ന വിദ്യാർത്ഥിയെയാണ് പത്താം ക്ലാസുകാരുടെ സംഘത്തെക്കൊണ്ട് പ്രിൻസിപ്പൽ തല്ലിച്ചത്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ കൃഷ്ണയ്ക്കും മറ്റ് രണ്ട് അധ്യാപകർക്കുമെതിരെ പൊലിസ് കേസെടുത്തു.
സംഭവത്തിന്റെ തുടക്കം ഇങ്ങനെ:
തിങ്കളാഴ്ച സ്കൂളിലെ സൈക്കിൾ സ്റ്റാൻഡിൽ സൈക്കിളുകളുടെ കാറ്റ് അഴിച്ച് വിടുന്നതായും സൈക്കിൾ ഭാഗങ്ങൾ മോഷണം പോകുന്നതായും പരാതി ഉയർന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാൻ മധു എന്ന അധ്യാപകൻ ഏഴാം ക്ലാസുകാരൻ സൂര്യയെ സ്റ്റാൻഡിലേക്ക് അയച്ചു. എന്നാൽ അവിടെ നിൽക്കുകയായിരുന്ന സൂര്യയെ കണ്ട മറ്റൊരു അധ്യാപകൻ കുട്ടി സൈക്കിൾ നശിപ്പിക്കുകയാണെന്ന് തെറ്റിദ്ധരിച്ച് പിടികൂടുകയും പ്രിൻസിപ്പൽ കൃഷ്ണയുടെ മുന്നിൽ ഹാജരാക്കുകയുമായിരുന്നു.
പ്രിൻസിപ്പലിന്റെ 'ശിക്ഷാ രീതി':
സൂര്യ പറയുന്നതൊന്നും കേൾക്കാൻ തയ്യാറാകാതിരുന്ന പ്രിൻസിപ്പൽ ഒൻപത് പത്താം ക്ലാസ് വിദ്യാർത്ഥികളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് സൂര്യയുടെ മുതുകിൽ വടികൊണ്ട് അടിക്കാൻ ഈ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകുകയായിരുന്നു. പ്രിൻസിപ്പലിന്റെ ഉത്തരവ് അനുസരിച്ച മുതിർന്ന കുട്ടികൾ സൂര്യയെ ക്രൂരമായി മർദ്ദിച്ചു.
മർദ്ദനമേറ്റ് അവശനായി വീട്ടിലെത്തിയ സൂര്യ മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. കുട്ടിയുടെ മുതുകിലെ പാടുകൾ കണ്ട പിതാവ് ശിവ രാമകൃഷ്ണൻ ഉടൻ തന്നെ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവിന്റെ പരാതിയിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.
കേസിലെ പ്രതികൾ പ്രിൻസിപ്പൽ കൃഷ്ണ, അധ്യാപകരായ മധു, ചാരി എന്നിവരാണ്.ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് (കുട്ടികൾക്കെതിരായ അതിക്രമം), ഭാരതീയ ന്യായ സംഹിത (പരിക്കേൽപ്പിക്കൽ) എന്നിവ പ്രകാരം കേസെടുത്തു.
പ്രതിയായ കൃഷ്ണ സ്കൂൾ പ്രിൻസിപ്പൽ എന്നതിന് പുറമെ ദുണ്ടിഗൽ മേഖലയിലെ എഡ്യൂക്കേഷൻ ഓഫീസർ (MEO) കൂടിയാണ്. കുട്ടികളുടെ അവകാശം സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥൻ തന്നെ ഇത്തരത്തിൽ ക്രൂരത കാട്ടിയത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ (RTE) ലംഘനമാണ് നടന്നതെന്നും കൃഷ്ണയെ പദവികളിൽ നിന്ന് എത്രയും വേഗം സസ്‌പെൻഡ് ചെയ്യണമെന്നും മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."