വടക്കേപ്പുഴ ടൂറിസം പദ്ധതിക്ക് കെ.എസ്.ഇ.ബിയുടെ പച്ചക്കൊടി
തൊടുപുഴ: ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ വടക്കേപ്പുഴയിൽ വിനോദസഞ്ചാര പദ്ധതികൾ ആരംഭിക്കുന്നതിന് വൈദ്യുതി ബോർഡിന്റെ അനുമതി. വടക്കേപ്പുഴ ജലാശയത്തിൽ ടൂറിസം പ്രവർത്തനങ്ങൾ നടത്തുന്നതിനായി കേരള ഹൈഡൽ ടൂറിസം സെന്ററി(കെ.എച്ച്.ടി.സി)നാണ് ബോർഡ് എൻ.ഒ.സി അനുവദിച്ചത്.
കഴിഞ്ഞ ദിവസം ചേർന്ന കെ.എസ്.ഇ.ബി ഫുൾ ടൈം ഡയരക്ടർമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനം എടുത്തത്. വൈദ്യുതി, ജലവിഭവ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളെ തുടർന്നാണ് നടപടി. ടൂറിസം പദ്ധതി നടപ്പിലാക്കുന്ന പ്രദേശം വനം വകുപ്പിന്റെ പാട്ടഭൂമി ആയതിനാൽ, വനം വകുപ്പിൽ നിന്നുള്ള പ്രത്യേക അനുമതി കെ.എച്ച്.ടി.സി വാങ്ങേണ്ടതുണ്ട്.
ബോട്ടിങ്ങിനും മറ്റ് വിനോദസഞ്ചാര പ്രവർത്തനങ്ങൾക്കും ആവശ്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണം. നിലവിൽ വടക്കേപ്പുഴ വിയറിന്റെയും ചാനലിന്റെയും അറ്റകുറ്റപ്പണികൾ കെ.എസ്.ഇ.ബി ഡാം സേഫ്റ്റി വിഭാഗമാണ് നിർവഹിക്കുന്നത്. പ്രതിവർഷം ശരാശരി 16 എം.സി.എം ജലം വൈദ്യുതി ഉൽപ്പാദനത്തിനായി ഇവിടെ നിന്നും കുളമാവ് ഡാമിലേക്ക് പമ്പ് ചെയ്യുന്നുണ്ട്. 240 എച്ച്.പി യുടെ മൂന്ന് മോട്ടോറുകൾ ഉപയോഗിച്ചാണ് വെള്ളം പമ്പ് ചെയ്യുന്നത്.
വടക്കേപ്പുഴ ചെക്ക് ഡാമിൽ പെഡൽ ബോട്ടിങ്, ചെക്ക് ഡാമിനു ചുറ്റും ഉദ്യാനം, ജലാശയത്തിന് നടക്കുന്നതിനുള്ള സൗകര്യം ഇങ്ങനെ വിപുലമായ സംവിധാനങ്ങളാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. അപകടരഹിതമായ ബോട്ടിങിന് ഏറെ സാധ്യതയുള്ളതാണ് വടക്കേപ്പുഴ ചെക്ക് ഡാം. കാര്യമായ ആഴമില്ലാത്തതിനാൽ അപകട സാധ്യത കുറവുമാണ്. വടക്കേപ്പുഴ ടൂറിസം പദ്ധതിക്കായി 2013−14 ബജറ്റിൽ ഒരുകോടി നീക്കിവെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."