അനാഥർക്ക് കൈത്താങ്ങായി അബുദബി; 'മദർ ഓഫ് ദി നേഷൻ' എൻഡോവ്‌മെന്റ് പദ്ധതിക്ക് തുടക്കമായി
അബുദബി: അനാഥരായ കുട്ടികളുടെ സംരക്ഷണത്തിനും സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിനുമായി 'മദർ ഓഫ് ദി നേഷൻ' (Mother of the Nation) എൻഡോവ്‌മെന്റ് കാമ്പയിന് തുടക്കമായി. എൻഡോവ്‌മെന്റ്‌സ് ആൻഡ് മൈനേഴ്‌സ് ഫണ്ട്സ് അതോറിറ്റി (ഔഖാഫ്) ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അനാഥ പരിചരണത്തിനായി സുസ്ഥിരമായ ഒരു ധനസഹായ സ്രോതസ്സ് രൂപീകരിക്കാൻ ലക്ഷ്യമിട്ടാണ് സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. ഇതുവഴി കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹിഷ്ണുതയിലും ദാനധർമ്മത്തിലും അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
യുഎഇയുടെ സ്ഥാപക പിതാവ് പരേതനായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മാനുഷിക മൂല്യങ്ങളിൽ ഊന്നിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. രാഷ്ട്രമാതാവായ ശൈഖ ഫാത്തിമ ബിൻത് മുബാറക് മുന്നോട്ടുവെച്ച തത്വങ്ങളെയും ഇത് പ്രതിഫലിപ്പിക്കുന്നു.
ഔഖാഫിന്റെ മുൻ കാമ്പയിനുകൾക്ക് ജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. കമ്മ്യൂണിറ്റി വർഷത്തിൽ നടത്തിയ സമാനമായ പദ്ധതിയിലൂടെ നാലാഴ്ചയ്ക്കുള്ളിൽ ഏകദേശം 1 ബില്യൺ ദിർഹം സമാഹരിക്കാൻ സാധിച്ചിരുന്നു. 200,000-ത്തിലധികം ദാതാക്കളാണ് അന്ന് സഹകരിച്ചത്. താല്പര്യമുള്ളവർക്ക് ഔഖാഫിന്റെ (Awqaf) ഔദ്യോഗിക വെബ്‌സൈറ്റ് വഴി സംഭാവനകൾ നൽകാവുന്നതാണ്.
എന്താണ് 'കുടുംബ വർഷം'?
ദേശീയ കുടുംബ വളർച്ചാ അജണ്ട 2031-ന്റെ ഭാഗമായാണ് യുഎഇ 'കുടുംബ വർഷം' ആചരിക്കുന്നത്. രാജ്യത്തെ ജനനനിരക്കിലുണ്ടാകുന്ന കുറവും ജനസംഖ്യയിലെ പ്രായമായവരുടെ വർദ്ധനവും നേരിടാനാണ് ഈ നീക്കം. സർക്കാർ കണക്കുകൾ പ്രകാരം 2015-നും 2022-നും ഇടയിൽ ഇമാറാത്തി ജനനനിരക്കിൽ 11 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു.
2050 ആകുമ്പോഴേക്കും 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം ഏകദേശം രണ്ട് ദശലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ കുടുംബ മൂല്യങ്ങൾ വളർത്തുന്നതിനും സാമൂഹിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
abu dhabi has launched the mother of the nation endowment initiative to support orphans, strengthening social welfare and humanitarian values, ensuring sustainable care, education, and protection for vulnerable children across the uae through long term community driven support.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."