എസ്.ഐ.ആര്‍: ഹാജരായില്ലെങ്കില്‍ കാരണം രേഖാമൂലം ഇ.ആര്‍.ഒയെ അറിയിക്കണം, ഇല്ലാത്തപക്ഷം അന്തിമ പട്ടികയില്‍ പേരുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം: എസ്.ഐ.ആര്‍ ഹിയറിങിന് ഹാജരായില്ലെങ്കില്‍ കാരണം രേഖാമൂലം ഇ.ആര്‍.ഒയെ അറിയിക്കണം. എങ്കില്‍ മാത്രമേ രണ്ടാമത് അവസരം നല്‍കുകയുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കാരണം അറിയിച്ചില്ലെങ്കില്‍ അന്തിമ പട്ടികയില്‍ പേരുണ്ടാകില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. രണ്ടാം തവണയും ഹാജരായില്ലെങ്കില്‍ പിന്നീടൊരു അവസരം ലഭിക്കുകയുമില്ലെന്നും കമ്മീഷന്‍ ബി.എല്‍.ഒമാര്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശക്കുറിപ്പില്‍ പറയുന്നു.
ഹിയറിങിന് ഹാജരാകുന്നതിനായി ഏഴ് ദിവസങ്ങള്‍ക്ക് മുന്നേ നോട്ടിസ് നല്‍കും. നിശ്ചയിച്ചിരിക്കുന്ന ദിവസം തന്നെ ഹാജരാകണം. കമ്മീഷന്‍ നിശ്ചയിക്കുന്ന ദിവസം ഹാജരാകാന്‍ സാധിച്ചില്ലെങ്കില്‍ രേഖമൂലം കൃത്യമായി കാരണം ബോധ്യപ്പെടുത്തണം. അങ്ങനെ കാരണം ബോധ്യപ്പെടുത്തിയെങ്കില്‍ മാത്രമേ രണ്ടാമതൊരു അവസരം ലഭിക്കുകയുള്ളൂ. ഇതാണ് കമ്മീഷന്‍ ബിഎല്‍ഒമാര്‍ക്ക് നല്‍കിയ കുറിപ്പിലുള്ളത്.
വിദേശത്തുള്ളവരും ജോലിക്കാരുമായ ആളുകളാണെങ്കിലും ഇക്കാര്യം ബാധകമാണ്. ഫിസിക്കല്‍ അപ്പിയറന്‍സ് അനിവാര്യമായതിനാലാണ് ഹിയറിങിന് രണ്ട് അവസരം നിശ്ചയിച്ചതെന്നാണ് തെരഞ്ഞെടുപ്പ് ഓഫിസര്‍ വിശദീകരിക്കുന്നത്. ഒന്നാം അവസരത്തില്‍ എത്തിച്ചേരാനാകാതെ പോയവര്‍ രണ്ടാം അവസരം ലഭിക്കണമെങ്കില്‍ തങ്ങളുടെ സാഹചര്യങ്ങള്‍ കൃത്യമായി രേഖാമൂലം അറിയിക്കണം.
അതേസമയം, വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണത്തില്‍ ഹിയറിങിനുള്ള രേഖ ഹാജരാക്കുന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. 2002ലെ ലിസ്റ്റുമായി മാപ്പിങ് ചെയ്യാത്തവര്‍ ജനന തീയതി, ജനനസ്ഥലം എന്നിവ തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, കമ്മീഷന്‍ പറയുന്ന 11 രേഖകളില്‍ ഏതെല്ലാം സാധുവാണെന്നതില്‍ ബി.എല്‍.ഒമാര്‍ക്ക് വ്യക്തതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മാപ്പിങ് ചെയ്യാത്തവരെ ബി.എല്‍.ഒമാര്‍ ബന്ധപ്പെട്ട് തുടങ്ങിയിട്ടുണ്ട്. നേരത്തെ, കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 24 ലക്ഷത്തിലധികം ആളുകളാണ് പട്ടികയില്‍ നിന്ന് പുറത്തായത്.
അസം എസ്.ഐ.ആര്‍: കരട് പട്ടികയില്‍ പുറത്തായത് 10.56 ലക്ഷം പേർ
ഗുവാഹതി: അസമിലെ വോട്ടര്‍ പട്ടികാ പരിഷ്‌കണത്തിന്റെ ഭാഗമായി തയാറാക്കിയ (എസ്.ഐ.ആര്‍) കരട് പട്ടികയില്‍ നിന്ന് 10.56 ലക്ഷം പേരെ പുറത്താക്കി. ശനിയാഴ്ച പുറത്തുവിട്ട പട്ടികയില്‍ 2.51 കോടി വോട്ടര്‍മാരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതില്‍ പൗരത്വം സംശയനിഴലിലുള്ള 'ഡി വോട്ടര്‍' (ഡൗട്ട്ഫുള്‍ വോട്ടര്‍) കാറ്റഗറിയിലുള്ളവര്‍ ഉള്‍പ്പെട്ടിട്ടില്ല. മരണം, രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍നിന്ന് താമസം മാറിയവര്‍, ആവര്‍ത്തനം എന്നീ മൂന്നുകാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍മാരെ പട്ടികയില്‍നിന്ന് ഒഴിവാക്കിയത്.
മരിച്ചുപോയ 4.8 ലക്ഷം പേരെയും മറ്റിടങ്ങളിലേക്ക് താമസം മാറിയ 5.23 ലക്ഷം പേരെയും പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. വിവരങ്ങളിലെ ആവര്‍ത്തന സ്വഭാവം കാരണം 53,000 ലധികം പേരുകളും നീക്കി. ജനുവരി 22 വരെ എസ്.ഐ.ആറില്‍ പരാതി സമര്‍പ്പിക്കാം. ഫെബ്രുവരി 10നാണ് അന്തിമ പട്ടിക പുറത്തുവിടുക.
the election commission warns that voters must inform the ero in writing if they fail to appear for sir verification, otherwise their names will not be included in the final electoral list.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."