ഉന്നാവ് ബലാത്സംഗക്കേസ്: ബി.ജെ.പി മുന്‍ എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതിയുടെ സ്‌റ്റേ
ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ഉന്നാവോ ബലാത്സംഗ കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രിം കോടിത. ഉത്തരവിനെതിരെ സി.ബി.ഐ ആണ് സുപ്രിം കോടതിയെ സമീപിച്ചത്. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി ഹൈക്കോടതി വിധി യുക്തിഹീനവും നിയമവിരുദ്ധവുമാണെന്നാണ് സി.ബി.ഐ വാദിച്ചത്.
സെന്‍ഗാറിന് ജാമ്യം നല്‍കരുതെന്നും സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. സെന്‍ഗാര്‍ ജയിലില്‍ തന്നെ തുടരും. രൂക്ഷവിമര്‍ശനമാണ് കേസില്‍ കോടതി ഉന്നയിച്ചത്. നിയമത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്നതാണ് ഹൈക്കോടതി വിധിയെന്നും വിമര്‍ശനമുയര്‍ന്നു. ഹൈക്കോടതി വിധിയുടെ പ്രത്യാഘാതങ്ങളും കോടതി ചൂണ്ടിക്കാട്ടി.
പ്രതികളെ കേള്‍ക്കാതെ വിചാരണ കോടതികളോ ഹൈക്കോടതികളോ പുറപ്പെടുവിക്കുന്ന ജാമ്യ ഉത്തരവുകള്‍ സാധാരണയായി സ്റ്റേ ചെയ്യാറില്ലെന്ന് സുപ്രീം കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, നിലവിലെ കേസില്‍ 'വിചിത്രമായ വസ്തുതകള്‍' ഉള്‍പ്പെടുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു, കാരണം സെന്‍ഗാര്‍ മറ്റൊരു കേസില്‍ ഐപിസി സെക്ഷന്‍ 304 പാര്‍ട്ട് കക പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്, ആ കേസില്‍ ഇപ്പോഴും കസ്റ്റഡിയിലാണ്- കോടതി ചൂണ്ടിക്കാട്ടി.
ഹൈക്കോടതി വിധി പ്രകാരം സെന്‍ഗാറിനെ വിട്ടയക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. സി.ബി.ഐ സമര്‍പ്പിച്ച ഹരജിയില്‍ പ്രതികരണം തേടി കുല്‍ദീപ് സെന്‍ഗാറിന് സുപ്രിം കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.
ഇരയ്ക്ക് പ്രത്യേക സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്യാന്‍ നിയമപരമായ അവകാശമുണ്ടെന്നും അതിന് കോടതിയുടെ അനുമതി ആവശ്യമില്ലെന്നും കോടതി അടിവരയിട്ടു പറഞ്ഞു. ആവശ്യപ്പെട്ടാല്‍ സുപ്രിം കോടതി ലീഗല്‍ സര്‍വീസസ് കമ്മിറ്റി സൗജന്യ നിയമസഹായം നല്‍കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അതേസമയം, അതിജീവിതക്ക് സ്വന്തം അഭിഭാഷകന്‍ വഴി കേസ് തുടരാമെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി വിധി ഇങ്ങനെ
വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് കഴിഞ്ഞ ദിവസം ഹൈക്കോടതി മരവിപ്പിക്കുകയായിരുന്നു. ഡല്‍ഹിയില്‍ തന്നെ തുടരണമെന്നും, അതിജീവിത താമസിക്കുന്ന സ്ഥലത്തിന്റെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ പോകരുതെന്നുമടക്കമുള്ള ഉപാധിയോടെയായിരുന്നു ഹൈക്കോടതി നടപടി. നേരത്തെ നേത്ര രോഗ ശസ്ത്രക്രിയ നടത്താന്‍ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കുല്‍ദീപ് സിങ് സെന്‍ഗാറിനെ ജാമ്യത്തില്‍ വിട്ടയക്കുകയും അപ്പീല്‍ പരിഗണനയിലിരിക്കെ ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്ന് ആണെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു.
ഉന്നാവോ കേസ്
2017ലാണ് രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച ഉന്നാവോ ബലാത്സംഗക്കേസിന്റെ തുടക്കം. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി രംഗത്തെത്തുന്നു. പോലിസ് ആദ്യം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചെന്നും പരാതി ഉയര്‍ന്നു. മാത്രമല്ല ഇരയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നുമുള്ള ആരോപണങ്ങളുമുണ്ടായി. കേസ് രാജ്യവ്യാപകമായി പ്രതിഷേധത്തിനിടയാക്കി.
2018 ഏപ്രിലില്‍, അധികാരികളുടെ നിഷ്‌ക്രിയത്വത്തിനെതിരെ അതിജീവിത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് പുറത്ത് ആത്മാഹത്യാ ശ്രമം നടത്തുന്നു. വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും തീവ്രമായ മാധ്യമ പരിശോധനയ്ക്കും ശേഷം, അന്വേഷണം കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കൈമാറുന്നു. നീതിയുക്തമായ പ്രക്രിയ ഉറപ്പാക്കാന്‍ സുപ്രിം കോടതി പിന്നീട് വിചാരണ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റി.
2019-ല്‍ ഡല്‍ഹി കോടതി സെന്‍ഗാറിനെ ബലാത്സംഗക്കുറ്റത്തിന് ശിക്ഷിക്കുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇരയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടതും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടതുമായ വ്യത്യസ്ത കേസുകളിലും അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. അദ്ദേഹത്തിന്റെ നിരവധി കുടുംബാംഗങ്ങളും കൂട്ടാളികളും അനുബന്ധ കേസുകളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി.
മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത
മുഖ്യപ്രതിയും ബി.ജെ.പി മുന്‍ എം.എല്‍.എയുമായ കുല്‍ദീപ് സെന്‍ഗാറിന് സഹായകരമായ രീതിയില്‍ ഉന്നാവോ ബലാത്സംഗ കേസ് അന്വേഷിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. സെന്‍ഗറിനെ രക്ഷിക്കാന്‍ തന്റെ ജനനത്തീയതി തെറ്റാണെന്ന് കാണിക്കാന്‍ താന്‍ പഠനം നടത്താത്ത സര്‍ക്കാര്‍ സ്‌കൂളിന്റെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യാജരേഖ ചമച്ചുവെന്ന് ആറ് പേജുള്ള പരാതിയില്‍ അതിജീവിത ബോധിപ്പിക്കുന്നു.
2017ല്‍ ബലാത്സംഗത്തിനിരയാകുമ്പോള്‍ ബാലികയായിരുന്ന അതിജീവിതയുടെ ജനനത്തീയതിയില്‍ കൃത്രിമം കാണിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രമിച്ചതെന്നാണ് പരാതി. ഇതു കൂടാതെ ഹീരാ സിങ് എന്ന യുവതിയുടെ മൊബൈല്‍ അതിജീവിത ഉപയോഗിച്ചിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കുറ്റപത്രത്തില്‍ എഴുതിച്ചേര്‍ന്നെന്നും പരാതിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."