വംശഹത്യക്കിടെ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് മാധ്യമപ്രവര്‍ത്തകരെ മാത്രമല്ല കുടുംബത്തേയും; കൊല്ലപ്പെട്ടത് 706 കുടുംബാംഗങ്ങള്‍
ഗസ്സ: ഗസ്സയിലെ വംശഹത്യയ്ക്കിടെ ഇസ്റാഈല്‍ സൈന്യം മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തില്‍പ്പെട്ട 706 പേരെ കൊലപ്പെടുത്തിയതായി കണക്കുകള്‍. ഫലസ്തീന്‍ ജേണലിസ്റ്റ് സിന്‍ഡിക്കേറ്റിന്റേതാണ് കണക്ക്. ശനിയാഴ്ചയാണ് സിന്‍ഡിക്കേറ്റ് ഫ്രീഡം കമ്മിറ്റി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങളെ ഇസ്റാഈല്‍ സേന കരുതിക്കൂട്ടി കൊലപ്പെടുത്തി എന്നു വ്യക്തമാക്കുന്നതാണ് പുറത്തുവന്ന കണക്കുകള്‍.
ഗസ്സയിലെ വിവരങ്ങള്‍ പുറത്തുവരുന്നത് തടയാനാണ് ഇസ്റാഈല്‍ മാധ്യമ പ്രവര്‍ത്തകരെയും അവരുടെ കുടുംബങ്ങളെയും തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയത്. കുടുംബാംഗങ്ങളെ കൊലപ്പെടുത്തി അതുവഴി ജേണലിസ്റ്റുകളെ ഭീഷണിപ്പെടുത്തുകയാണ് ഇസ്റാഈല്‍ ലക്ഷ്യം. അല്‍ ജസീറ ഗസ്സ ബ്യൂറോചീഫിന്റെ കുടുംബത്തെ ലക്ഷ്യമിട്ട ശേഷമാണ് ഇസ്റാഈല്‍ സൈന്യം അദ്ദേഹത്തെ കൊലപ്പെടുത്തിയിരുന്നത്. 2023 മുതല്‍ 2025 വരെയാണ് ഗസ്സയില്‍ മാധ്യമങ്ങളെ പ്രധാനമായും ഇസ്റാഈല്‍ ലക്ഷ്യമിട്ടത്. ഫലസ്തീനികളുടെ ശബ്ദത്തെ ഇല്ലാതാക്കാനാണ് മാധ്യമപ്രവര്‍ത്തകരുടെ രക്തച്ചൊരിച്ചിലിലൂടെ ഇസ്റാഈല്‍ ലക്ഷ്യമിട്ടതെന്ന് ഫ്രീഡം കമ്മിറ്റി മേധാവി മുഹമ്മദ് അല്‍ ലഹാം പറഞ്ഞു.
2023ല്‍ ഇസ്റാഈല്‍ 436 കുടുംബാംഗങ്ങളെയും 2024 ല്‍ 203 പേരെയും ഈ വര്‍ഷം ഇതുവരം 67 പേരെയുമാണ് ഇസ്റാഈല്‍ സൈന്യം കൊലപ്പെടുത്തിയത്. ഖാന്‍ യൂനുസിന് സമീപം ഹിബ അല്‍ അബ്ദുല്ലയുടെ മൃതദേഹം കണ്ടെടുത്തത് ഈയിടെയാണ്. ഹിബയുടെ കുടുംബത്തിലെ 15 അംഗങ്ങളെയും ഇസ്റാഈല്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു. രണ്ടു വര്‍ഷം മുന്‍പ് പടിഞ്ഞാറന്‍ ഖാന്‍ യൂനുസിലെ ഇവരുടെ വീടിനു നേരെ ഇസ്റാഈല്‍ ബോംബാക്രമണവും നടത്തിയിരുന്നു.
ഗസ്സ വംശഹത്യയ്ക്കിടെ ഇസ്റാഈല്‍ കൊലപ്പെടുത്തിയ മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം 278 ആണ്. ഇതില്‍ 273 പേരും ഫലസ്തീനികളായിരുന്നു. മൂന്നു ലബനീസ് മാധ്യമ പ്രവര്‍ത്തകരും രണ്ടു ഇസ്റാഈലി ജേണലിസ്റ്റുകളെയും ഇസ്റാഈല്‍ കൊലപ്പെടുത്തിയിരുന്നു. നിരവധി മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
the palestinian journalist syndicate reports that 706 family members of journalists have been killed by israeli forces in gaza since 2023, alleging deliberate targeting to silence media coverage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."