നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ഹമാസിനും ഇറാനുമെതിരെ ഭീഷണിയുമായി ട്രംപ്; രണ്ടാംഘട്ട വെടിനിര്‍ത്തല്‍ വൈകില്ലെന്നും സൂചന
തെല്‍ അവിവ്: ഹമാസിനും ഇറാനുമെതിരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ട്രംപിന്റെ നീക്കം.
നിരായുധീകരണത്തില്‍ പരാജയപ്പെട്ടാല്‍ ഹമാസിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് ഭീഷണി. ഇറാന്റെ ആണവ പദ്ധതി പുനര്‍നിര്‍മ്മിക്കാനുള്ള ഏതൊരു ശ്രമത്തെയും 'വേഗത്തില്‍ ഇല്ലാതാക്കുമെന്നും' 'തകര്‍ക്കുമെന്നുമുള്ള താക്കീതും അമേരിക്കന്‍ പ്രസിഡന്റ് നല്‍കിയിട്ടുണ്ട്.
ഗസ്സ വെടിനിര്‍ത്തല്‍ രണ്ടാംഘട്ടം വൈകില്ലെന്ന സൂചനയും നല്‍കിയിട്ടുണ്ട്. ഗസ്സയുടെ പുനര്‍നിര്‍മാണം ഉടന്‍ നടക്കുമെന്നും യു.എസ് പ്രസിഡന്റ് അറിയിച്ചു. ചര്‍ച്ചയില്‍ തന്റെ ഇരുപതിന ഗസ്സ സമാധാന പദ്ധതിയുടെ തുടര്‍ച്ചക്ക് ട്രംപ് നെതന്യാഹുവിന്റെ പിന്തുണ തേടി. അവശേഷിച്ച ഒരു ബന്ദിയുടെ മൃതദേഹ കൈമാറ്റവും ഹമാസിന്റെ നിരായുധീകരണത്തിനുള്ള വ്യക്തമായ പദ്ധതിയും ഇല്ലാതെ രണ്ടാം ഘട്ടത്തലേക്ക് എടുത്തു ചാടരുതെന്ന് നെതന്യാഹു പറഞ്ഞതായി ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യു.എസ് പശ്ചിമേഷ്യന്‍ ദൂതന്‍ സ്റ്റിവ് വിറ്റ്‌കോഫ്, ട്രംപിന്റെ ഉപദേശകനും മരുമകനുമായ ജറാദ് കുഷ്‌നര്‍ എന്നിവരും ട്രംപിനൊപ്പം നെതന്യാഹുവുമായുള്ള ചര്‍ച്ചയില്‍ സംബന്ധിച്ചിരുന്നു. ഗസ്സയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന നിലപാടും ഇസ്‌റാഈല്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രണ്ടാംഘട്ട വെടിനിര്‍ത്തല്‍ അടുത്ത മാസം തന്നെ നടപ്പില്‍ വരണം എന്നാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഗസ്സയുടെ പുനര്‍നിര്‍മാണം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉടന്‍ ഉണ്ടാകും എന്നായിരുന്നു ട്രംപിന്റെ മറുപടി.
ഗസ്സയിലെ വെടിനിര്‍ത്തലില്‍ ഇസ്‌റാഈല്‍ തങ്ങളുടെ പങ്ക് നിര്‍വഹിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. ദിവസേനയുള്ള ആക്രമണങ്ങളില്‍ കുറഞ്ഞത് 400 പേരെങ്കിലും കൊല്ലപ്പെട്ടു എന്നിരിക്കേ കരാറിന്റെ ഭാഗം പാലിക്കണമെന്ന് ഹമാസിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ട്രംപ്.
''ഞങ്ങള്‍ ഹമാസിനെക്കുറിച്ച് സംസാരിച്ചു, നിരായുധീകരണത്തെക്കുറിച്ച് സംസാരിച്ചു, അവര്‍ക്ക് നിരായുധീകരിക്കാന്‍ വളരെ കുറഞ്ഞ സമയം മാത്രമേ നല്‍കൂ, അത് എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് നോക്കാം,'' ട്രംപ് പറഞ്ഞു.
''അവര്‍ നിരായുധീകരിക്കുന്നില്ലെങ്കില്‍, പിന്നെ അവര്‍ക്ക് നരകയാതന അനുഭവിക്കേണ്ടിവരും- ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ, സായുധ വിഭാഗം വക്താവ് അബൂ ഉബൈദ, ഗസ്സയിലെ നേതാവായിരുന്ന മുഹമ്മദ് സിന്‍വാര്‍ എന്നിവര്‍ ഈ വര്‍ഷം ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. ഹമാസ് മിലിട്ടറി വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്‌സ് ആണ് വിഡിയോ പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. പുതിയ വക്താവിനെ നിയമിച്ചതായും ഹമാസ് വ്യക്തമാക്കി. ഇസ്‌റാഈലിന്റെ നേതൃത്വത്തില്‍ നടന്ന ഗസ്സ നരനായാട്ടില്‍ ഹമാസിന്റെ മാധ്യമ നയം ആവിഷ്‌കരിച്ച വ്യക്തികൂടിയാണ് അബു ഉബൈദ.
ആഗസ്റ്റ് 31ന് ഗസ്സയില്‍ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. അബു ഉബൈദയുടെ ശരിയായ പേര് ഹുദൈഫ സാമിര്‍ അബ്ദുല്ല അല്‍ കഹ്‌ലൂത് എന്നാണ്. യഥാര്‍ഥ പേരുവിവരവും ചിത്രവും ഇപ്പോഴാണ് സംഘടന പുറത്തുവിടുന്നത്. ഹമാസിന്റെ റഫ മേധാവിയായിരുന്ന മുഹമ്മദ് ശബാന ഉള്‍പ്പെടെ മറ്റു രണ്ടു മുതിര്‍ന്ന നേതാക്കളുടെ മരണവും ഖസ്സാം ബ്രിഗേഡ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.
after meeting israeli prime minister benjamin netanyahu, former us president donald trump issued strong warnings to hamas and iran and indicated that the second phase of the ceasefire process will not be delayed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."