ഓണസമൃദ്ധിക്ക് ആകര്‍ഷകമായി വട്ടവട-കാന്തല്ലൂര്‍ പച്ചക്കറി പവലിയന്‍
തിരുവനന്തപുരം: കേരള കൃഷിവകുപ്പിന്റെ ഓണസമൃദ്ധിയുടെ ഉദ്ഘാടന വേദിയായ തിരുവനന്തപുരത്തെ പാളയം ഹോര്‍ട്ടികോര്‍പ്പ് വിപണനകേന്ദ്രത്തില്‍ ഒരുക്കിയ വട്ടവട-കാന്തല്ലൂര്‍ പ്രദേശത്തെ പച്ചക്കറി വിഭവങ്ങളടങ്ങുന്ന പവലിയന്‍ ജനശ്രദ്ധയാകര്‍ഷിച്ചു.
കേരളത്തില്‍ മറ്റു പ്രദേശങ്ങളില്‍ ഉത്പാദിപ്പിക്കാത്തതും എന്നാല്‍ പ്രത്യേക കാലാവസ്ഥാ പരിസ്ഥിതിയുള്ള ഇടുക്കി ജില്ലയിലെ വട്ടവട-കാന്തല്ലൂര്‍ എന്നീ പ്രദേശങ്ങളില്‍ മാത്രം കൃഷി ചെയ്യുന്നതുമായ വിഭവങ്ങളാണ് പവലിയനില്‍ ഒരുക്കിയിട്ടുള്ളത്.
ചൗ-ചൗ, കെയില്‍, സ്ട്രാബെറി, ബട്ടര്‍ ഫ്രൂട്ട്, ഓറഞ്ച്, ആപ്പിള്‍, പിയര്‍, വെളുത്തുള്ളി, സെലറി, ലെടൂസ്, ചൈനീസ് കാബേജ് തുടങ്ങിയവ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. ബീന്‍സിന്റെ തന്നെ പല ഇനങ്ങളായ മുരിങ്ങ ബീന്‍സ്, ബട്ടര്‍ ബീന്‍സ് സോയാ ബീന്‍സ്, കൊടി ബട്ടര്‍ എന്നിവ ഏറെ ആകര്‍ഷണീയമായിരുന്നു.
ഇതു കൂടാതെ ഇടുക്കിയില്‍ നിന്നുള്ള പാഷന്‍ ഫ്രൂട്ട്, ഉരുളക്കിഴങ്ങ് ചെടി, മരത്തക്കാളി, സീതപ്പഴം, മാതളം, പാഴ്‌സലി, ലോക്വാട്ട് ചെടിയും പഴവും പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. മറയൂറിന്റെ സ്‌പെഷ്യല്‍ വിഭവമായ മറയൂര്‍ ശര്‍ക്കര വില്‍പനയ്ക്ക് ഒരുക്കിയിട്ടുണ്ട്.
ആദ്യമായാണ് ഇത്രയും വിപുലമായ രീതിയില്‍ വിപണന ശൃംഖലയും ഇടുക്കി വിഭവങ്ങളുടെ പ്രത്യേക പവലിയനും ഓണക്കാലത്ത് ഒരുക്കുന്നതെന്ന് കൃഷിമന്ത്രി പറഞ്ഞു. ഓണം വാരാഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന ഓണസമൃദ്ധി മേളയും തലസ്ഥാന നഗരിക്ക് പുതമയേകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."