മറ്റത്തൂരില്‍ ശ്രമിച്ചത് സമാന്തര ഡി.സി.സിക്കായി; ബി.ജെ.പിയുമായി വിമതര്‍ നേരത്തേ ധാരണയുണ്ടാക്കിയതായി കോണ്‍ഗ്രസ്
തൃശൂര്‍: തൃശൂരിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.പി.സി.സി അനുരഞ്ജന നീക്കം നടത്തുന്നതിനിടെ ഡി.സി.സി മുന്‍ ജന.സെക്രട്ടറി ടി.എം ചന്ദ്രനെ തിരിച്ചെടുക്കുന്നതിനെതിരേ യു.ഡി.എഫ് ലേബലില്‍ മത്സരിച്ചു തോറ്റ സ്ഥാനാര്‍ഥികള്‍ രംഗത്ത്. ബി.ജെ.പി നിലപാടനുസരിച്ചാണ് കോണ്‍ഗ്രസിൻ്റെ പഞ്ചായത്ത് അംഗങ്ങളെ രാജിവയ്പിച്ചതെന്നും പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേരത്തേ തന്നെ ഇവര്‍ ബി.ജെ.പി പിന്തുണ ഉറപ്പിച്ചിരുന്നുവെന്നും അവർ പറഞ്ഞു.
കൈപ്പത്തി ചിഹ്നത്തില്‍ വോട്ടുതേടിയ തങ്ങളെ വിമതരായി ചിത്രീകരിച്ച് കുട ചിഹ്നത്തില്‍ മത്സരിച്ചവരെ പിന്തുണച്ച ടി.എം ചന്ദ്രന് ബി.ജെ.പിയുമായി അടുത്ത ബന്ധമുണ്ടെന്നു കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. കെ.പി.സി.സി സെക്രട്ടറി ജോസ് വള്ളൂരിൻ്റെ പിന്തുണയില്‍ ചന്ദ്രനും സംഘവും സമാന്തര ഡി.സി.സി പ്രവര്‍ത്തനമാണ് നടത്തുന്നതെന്നു മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ശാലിനി ജോയി, തങ്കമണി മോഹന്‍, ബ്ലോക്ക് സെക്രട്ടറി നൗഷാദ് കല്ലുപറമ്പില്‍, മുന്‍ പഞ്ചായത്ത് അംഗം ബെന്നി തൊണ്ടുങ്കല്‍ എന്നിവര്‍ ആരോപിച്ചു.
ശാലിനിയും തങ്കമണിയും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചു തോറ്റവരാണ്. കുട ചിഹ്നത്തില്‍ 3 പേരെ നിര്‍ത്തുകയും അവരാണ് ഔദ്യോഗിക സ്ഥാനാര്‍ഥികളെന്നു നോട്ടിസ് അടിച്ചിറക്കുകയും ചെയ്തു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നു മുമ്പേ പരാതിപ്പെട്ടിരുന്നു.
രാജിവച്ചുവെന്ന് അറിയിച്ച വിമതരില്‍ പെട്ട പഞ്ചായത്തംഗം അക്ഷയ് സന്തോഷ് ഔദ്യോഗിക നേതൃത്വത്തിനൊപ്പമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അവർ വിശദീകരിച്ചു.രാജിവച്ച 8 പഞ്ചായത്ത് അംഗങ്ങളെയും കെ.പി.സി.സി തിരിച്ചെടുത്താല്‍ സ്വാഗതം ചെയ്യും. എന്നാല്‍ അവര്‍ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് പദവികള്‍ രാജിവയ്ക്കണം. ടി.എം ചന്ദ്രനെ പാര്‍ട്ടിയിലേക്കു തിരിച്ചെടുത്താല്‍ തങ്ങള്‍ നിശബ്ദരാകുമെന്നും അവർ പറഞ്ഞു.
ജോസ് വള്ളൂരിനെതിരേ കെ.പി.സി.സിക്കു പരാതി നല്‍കും. തങ്കമണിക്കെതിരേ വിമതയായി മത്സരിച്ച രമണിയുടെ സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിക്കാന്‍ ഒരു ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും തോറ്റ സ്ഥാനാർഥികൾ ആരോപിച്ചു. അതിനിടെ ചന്ദ്രനെയും ഷാഫി കല്ലുപറമ്പിലിനെയും തിരിച്ചെടുക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃസംഘം റോജി ജോണ്‍ എം.എല്‍.എയെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."