അയ്യപ്പന്റെ സ്വർണം കട്ടവരിൽ മന്ത്രിമാരും മുൻ മന്ത്രിമാരും ഉണ്ടെന്ന് രമേശ് ചെന്നിത്തല; സിപിഎം അറസ്റ്റിലായ നേതാക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സംസ്ഥാനത്തെ മന്ത്രിമാരും മുൻ മന്ത്രിമാരും ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പൻ്റെ മുതൽ കട്ടവരാരും രക്ഷപെട്ടിട്ടില്ലെന്നും മന്ത്രിമാരടക്കമുള്ളവർ ഈ സ്വർണ കൊള്ളയിൽ ഉണ്ടെന്നാണ് ലഭിച്ചിട്ടുള്ള വിവരമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. അറസ്റ്റിലായ സിപിഎം നേതാക്കൾക്കെതിരെ ഇതുവരെയും സിപിഎം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അറസ്റ്റിലായ സിപിഎം നേതാക്കളെ രക്ഷപ്പെടുത്താനുള്ള മാർഗങ്ങളാണ് പാർട്ടി നോക്കുന്നത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. തന്ത്രിയെ അറസ്റ്റ് ചെയ്തു എന്നത് ഒരു വസ്തുതയാണ്, അത് നിയമപരമായ കാര്യവുമാണ്. അതിനാൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ആരും നിയമത്തിനതീതരല്ല എന്നും അദ്ദേഹം പറഞ്ഞു. എസ്ഐടി അന്വേഷണം മുന്നോട്ട് നീങ്ങട്ടെയെന്ന് പറഞ്ഞ രമേശ് ചെന്നിത്തല കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറ് സീറ്റ് നേടുമെന്ന് യുഡിഎഫ് പറഞ്ഞപ്പോൾ അതിനെ കടത്തിവെട്ടാനാണ് മുഖ്യമന്ത്രി 110 എന്ന് പറഞ്ഞതെന്നും രമേശ് ചെന്നിത്തല. പിണറായി വിജയന്റേത് പരാജിതൻ്റെ കപട ആത്മവിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി രംഗത്ത് വന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നേരത്തെ ഉയർന്നു കേട്ട പ്രമുഖ വ്യക്തികളിലേക്ക് അന്വേഷണം ഇനിയും എത്തിയിട്ടില്ലെന്ന് കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. അന്വേഷണം കൃത്യമായ ദിശയിൽ നടക്കണമെന്നും കുറ്റവാളികൾ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം വടകരയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പ്രത്യേക അന്വേഷണസംഘം (SIT) വെള്ളിയാഴ്ച പുലർച്ചെ മുതൽ നടത്തിയ ദീർഘനേരത്തെ ചോദ്യംചെയ്യലിന് ശേഷമാണ് തന്ത്രി കണ്ഠരര് രാജീവറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കണ്ഠരര് രാജീവരാണെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ ഉൾപ്പെടെയുള്ളവർ മൊഴി നൽകിയിരുന്നു. ഇത് കേസിൽ നിർണായകമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."