'പരാജയപ്പെടുന്നത് ജീവിതത്തിന്റെ ഭാഗം, വീണ്ടും എഴുന്നേൽക്കാൻ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം'; വിജയരഹസ്യങ്ങൾ പങ്കുവെച്ച് ഇമാർ സ്ഥാപകൻ മുഹമ്മദ് അലബ്ബാർ
ദുബൈ: തന്റെ വിജയഗാഥയും പരാജയങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങളും പങ്കുവെച്ച് ലോകപ്രശസ്ത റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഇമാന്റെ (Emaar) സ്ഥാപകൻ മുഹമ്മദ് അലബ്ബാർ. ദുബൈയിൽ വെച്ച് നടക്കുന്ന '1 ബില്യൺ ഉച്ചകോടി'യിലാണ് (1 Billion Followers Summit) അദ്ദേഹം മനസ്സ് തുറന്നത്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം ചൈന സന്ദർശിച്ച അനുഭവം അദ്ദേഹം വിവരിച്ചു. വെറും 12 ദിവസത്തിനുള്ളിൽ 15 നില കെട്ടിടം പണിയുന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് അവിടെ കണ്ടത്. റോബോട്ടിക്സും ഓട്ടോമേഷനും ഉപയോഗിച്ചുള്ള ഈ രീതി നിർമ്മാണ മേഖലയുടെ ഭാവി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ അബൂദബിയിലെ ഒരു പ്രോജക്റ്റിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.
പുതിയ സംരംഭകരോടായി അലബ്ബാർ പറയുന്ന ഏറ്റവും വലിയ കാര്യം "കടം വാങ്ങരുത്" എന്നതാണ്. ബിസിനസ്സ് ചെയ്യാൻ പണമില്ലെങ്കിൽ കടം വാങ്ങാൻ നിൽക്കരുത്. കടം തന്റെ ജീവിതത്തെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. കടം വാങ്ങുന്നത് കുറച്ചത് ബിസിനസ്സിനെ കൂടുതൽ സുരക്ഷിതമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ കരിയർ എപ്പോഴും വിജയകരമായിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 1997-ൽ സിംഗപ്പൂരിലെ ബിസിനസ്സിനിടെ താൻ പാപ്പരത്തത്തിന്റെ വക്കിലായിരുന്നു. അതുപോലെ, ഇമാറിന്റെ യുഎസ് വിപുലീകരണത്തിനിടെ ഏകദേശം 1 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായി. എന്നാൽ ഇത്തരം വലിയ തെറ്റുകളാണ് തനിക്ക് വിലമതിക്കാനാവാത്ത പാഠങ്ങൾ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
"നിങ്ങൾ എല്ലാ കാര്യങ്ങളും ശരിയായി ചെയ്യണമെന്നില്ല. പരാജയപ്പെടുന്നത് ജീവിതത്തിന്റെ ഭാഗമാണ്. വീണ്ടും എഴുന്നേൽക്കാൻ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം," അലബ്ബാർ കൂട്ടിച്ചേർത്തു.
emaar founder mohammed alabbbar shared insights on success, saying failure is a natural part of life. he emphasized resilience, learning from setbacks, and rising again as the true measure of achievement for entrepreneurs, leaders, and aspiring innovators worldwide.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."