14 ലക്ഷം റിയാൽ നൽകിയാൽ ഒരു അമേരിക്കൻ ഡോളർ; ഇറാനിയൻ കറൻസിക്ക് ഇനി 'കടലാസ് വില'?
തെഹ്‌റാൻ: സർക്കാരിനെതിരായ പ്രതിഷേധം പ്രതിദിനം കനക്കുന്നതിനിടെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. നിലവിൽ ഇറാനി റിയാലിന്റെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലയിലാണ്. നിലവിൽ ഓപ്പൺ മാർക്കറ്റിൽ ഒരു യുഎസ് ഡോളറിന് 1.4 മില്യൺ (14 ലക്ഷം) റിയാൽ എന്ന നിലയിലാണ് വിനിമയം നടക്കുന്നത്.
1979-ൽ ഒരു ഡോളറിന് വെറും 70 റിയാൽ ആയിരുന്ന വിനിമയ നിരക്ക് ഇന്ന് 14 ലക്ഷം റിയാലിലാണ് എത്തിനിൽക്കുന്നത്. 2025-ൽ മാത്രം മൂല്യത്തിൽ 45 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഈ തകർച്ച രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 42 ശതമാനത്തിന് മുകളിലേക്ക് ഉയർത്തുകയും ഭക്ഷണം, മരുന്ന്, പാർപ്പിടം തുടങ്ങിയ അവശ്യവസ്തുക്കളുടെ വില സാധാരണക്കാർക്ക് അപ്രാപ്യമാക്കുകയും ചെയ്തു.
കൂടാതെ, ഗോതമ്പും മരുന്നും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന ഇറാന്, കറൻസിയുടെ മൂല്യത്തകർച്ച കാരണം ഇറക്കുമതി ചെലവ് താങ്ങാനാവാത്ത നിലയിലായിരിക്കുകയാണ്. ഇത് രാജ്യത്തെ കടുത്ത ക്ഷാമത്തിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്.
തകർച്ചയ്ക്ക് പിന്നിൽ
രാജ്യത്തിന്റെ പ്രധാന വരുമാന മാർഗ്ഗമായ എണ്ണ കയറ്റുമതിയിൽ നേരിടുന്ന തടസ്സങ്ങളും ആഗോള വിപണിയിലെ വിലക്കുറവുമാണ് പ്രധാന കാരണങ്ങൾ. വിദേശനാണ്യം കുറഞ്ഞതോടെ ജനങ്ങൾ തങ്ങളുടെ സമ്പാദ്യം റിയാലിൽ നിന്ന് മാറ്റി സ്വർണ്ണമായും ഡോളറായും സൂക്ഷിക്കാൻ തുടങ്ങിയിരുന്നു. ഇത് വിപണിയിൽ റിയാലിന്റെ ആവശ്യം വീണ്ടും കുറയ്ക്കുകയും തകർച്ച വേഗത്തിലാക്കുകയും ചെയ്തു.
ഇറാൻ സമ്പദ്‌വ്യവസ്ഥ 2026-ഓടെ കൂടുതൽ ചുരുങ്ങുമെന്നാണ് ലോകബാങ്ക് പ്രവചിക്കുന്നത്. വിദേശ നിക്ഷേപത്തിന്റെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ പഴക്കവും പ്രതിസന്ധി സങ്കീർണ്ണമാക്കുന്നുണ്ട്. വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുകയും എണ്ണ വരുമാനം വർദ്ധിക്കുകയും ചെയ്താൽ മാത്രമേ ഇറാൻ റിയാലിന് അല്പമെങ്കിലും കരുത്ത് ലഭിക്കൂ എന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
അതേസമയം പ്രതിഷേധക്കാർക്കെതിരായ നടപടിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായിരം കടന്നു. പ്രതിഷേധക്കാരെ നേരിടാനായി സർക്കാർ രാജ്യത്ത് ഇന്റർനെറ്റ് സേവനത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന്റെ സഹായത്തോടെ ഇതിനു ശേഷവും പ്രതിഷേധക്കാർ ഇന്റർനെറ്റ് ഉപയോഗിക്കുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു.
iranian currency plunge marks record decline as rial weakens sharply versus dollar fueling inflation fears market turmoil sanctions pressure and economic uncertainty prompting debate over stability reforms and monetary policy responses nationwide.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."