സ്റ്റേഷനില്‍ കയറി എസ്.ഐയെ അസഭ്യം പറഞ്ഞയാളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു; സി.പി.എം നേതാക്കളെത്തി മോചിപ്പിച്ചു
കായംകുളം: പൊലിസ് സ്റ്റേഷനില്‍ കയറി എസ്.ഐ.യെ അസഭ്യം പറഞ്ഞയാളെ സി.പി.എം നേതാക്കളെത്തി മോചിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെ കായംകുളം പൊലിസ് സ്റ്റേഷനിലായിരുന്നു സംഭവം.
ദേശീയപാതയില്‍ ഒ.എന്‍.കെ ജംഗ്ഷനില്‍ വച്ച് കാറും പിക്കപ്പ് വാനും തമ്മില്‍ കൂട്ടിയിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കാര്‍ ഓടിച്ച കായംകുളം കോട്ടക്കുഴിയില്‍ സുബിന്‍ഷാ (21) പിക്കപ്പ് വാനിന്റെ ഡ്രൈവറെ മര്‍ദ്ദിച്ചു. സംഭവത്തില്‍ സുബിന്ഷായെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇതറിഞ്ഞ് സുബിന്ഷായുടെ പിതാവ് സുബേര്‍ സ്റ്റേഷനിലെത്തി മകനെ കസ്റ്റഡിയിലെടുത്തിന് എസ്.ഐ.യെ അസഭ്യം പറഞ്ഞു. കഴിഞ്ഞ ദിവസം സസ്യമാര്‍ക്കറ്റില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാനെത്തിയ പൊലിസുകാരുമായി സുബേര്‍ വാക്കേറ്റമുണ്ടാകുകയും കൈയ്യെറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് കൂടെയുണ്ടായിരുന്ന പൊലിസുകാര്‍ വീഡിയോയില്‍ പകര്‍ത്തി ഡിവൈ.എസ്.പിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലിസ് കേസെടുത്തു.
എന്നാല്‍ ഇത് അറിയാതെ സ്റ്റേഷനിലെത്തിയ സുബേറിനെ മര്‍ദ്ദനമേറ്റ പൊലിസുകാര്‍ തിരിച്ചറിയുകയും എസ്.ഐയെ വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് സുബേറിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
സുബേറിനെ കോടതിയിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ എടുക്കുന്നതറിഞ്ഞ് സി.പി.എം പ്രവര്‍ത്തകരും നേതാക്കളും എത്തി പൊലിസ് ജീപ്പ് തടയുകയും ബഹളംവെക്കുകയും ചെയ്തു. തുടര്‍ന്ന് രാത്രി ഏഴോടെ ഡിവൈ.എസ്.പിയുടെ സാന്നിധ്യത്തില്‍ സി.പി.എം നേതാക്കളുമായി ചര്‍ച്ച നടത്തുകയും ഉപാധികളോടെ ഇവരെ വിട്ടയക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."