ജയിലിലുള്ള ഭർത്താവിനെ മോചിപ്പിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; യുവതിക്ക് പണവും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ട് അബുദബി കോടതി
അബുദബി: ജയിലിലുള്ള ഭർത്താവിനെ മോചിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവതിക്ക് അനുകൂല വിധി. തട്ടിയെടുത്ത തുകയും അതോടൊപ്പം നഷ്ടപരിഹാരവും നൽകാൻ പ്രതിയോട് അബുദബി കോടതിയാണ് ഉത്തരവിട്ടത്.
യുവതിയുടെ ഭർത്താവിനെ ജയിലിൽ നിന്ന് പുറത്തിറക്കാൻ സ്വാധീനമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പ്രതി ഇവരിൽ നിന്നും പണം വാങ്ങിയത്. ഭർത്താവിന്റെ മോചനത്തിനായി യുവതി 15,850 ദിർഹം ഇയാൾക്ക് കൈമാറി. എന്നാൽ പണം വാങ്ങിയതല്ലാതെ വാഗ്ദാനം പാലിക്കപ്പെട്ടില്ല. പിന്നാലെ താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ യുവതി കോടതിയെ സമീപിക്കുകയായിരുന്നു.
വഞ്ചനയിലൂടെ തട്ടിയെടുത്ത 15,850 ദിർഹം യുവതിക്ക് ഉടൻ തിരികെ നൽകാൻ കോടതി ഉത്തരവിട്ടു. സാമ്പത്തിക തട്ടിപ്പിന് പുറമെ, യുവതി അനുഭവിക്കേണ്ടി വന്ന മാനസിക വിഷമവും സാമ്പത്തിക ചൂഷണവും കണക്കിലെടുത്ത് 1,500 ദിർഹം അധികമായി നഷ്ടപരിഹാരം നൽകാനും പ്രതിയോട് കോടതി ആവശ്യപ്പെട്ടു.
കൂടാതെ, കേസ് നടത്തുന്നതിനായി യുവതിക്ക് ചെലവായ തുകയും കോടതി ഫീസും പ്രതി തന്നെ നൽകണമെന്നും വിധിയിൽ വ്യക്തമാക്കുന്നു.
നേരത്തെ ഈ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് ക്രിമിനൽ കോടതി കണ്ടെത്തി പിഴ ചുമത്തിയിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് യുവതി പിന്നീട് സിവിൽ കോടതിയിൽ നഷ്ടപരിഹാരത്തിനായി കേസ് നൽകിയത്. താൻ പണം തിരികെ നൽകിയെന്നോ കേസ് ഒത്തുതീർപ്പാക്കിയെന്നോ തെളിയിക്കാൻ പ്രതിക്ക് സാധിച്ചിരുന്നില്ല.
മറ്റൊരാൾക്ക് ഉപദ്രവമുണ്ടാക്കുന്ന ഏതൊരു വ്യക്തിയും ആ നഷ്ടം നികത്താൻ ബാധ്യസ്ഥനാണെന്ന് കോടതി നിരീക്ഷിച്ചു. ഭർത്താവിന്റെ മോചനം കാത്തിരുന്ന യുവതിയുടെ വൈകാരികമായ അവസ്ഥയെ പ്രതി സാമ്പത്തിക ലാഭത്തിനായി ചൂഷണം ചെയ്തതായി ജഡ്ജിമാർ ചൂണ്ടിക്കാട്ടി.
വ്യക്തിപരമായ പ്രയാസങ്ങൾ അനുഭവിക്കുന്നവരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതിനെതിരെ കർശനമായ നിലപാടാണ് ജുഡീഷ്യറി സ്വീകരിക്കുന്നത് എന്ന് ഈ വിധി വ്യക്തമാക്കുന്നു.
abu dhabi court ordered a woman to receive money and compensation after she was cheated by fraudsters who promised to secure the release of her jailed husband, highlighting strict action against deception cases in the uae.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."