In Depth News: ഗ്രീന്‍ലാന്‍ഡിലേക്കുള്ള ട്രംപിന്റെ അധിനിവേശ നീക്കത്തിന് പിന്നില്‍ നമ്മള്‍ വായിച്ചറിഞ്ഞ സത്യങ്ങള്‍ മാത്രമല്ല; യൂറോപ്പിലെ ദ്വീപിനെ ലക്ഷ്യംവയ്ക്കാന്‍ ഹൈബ്രിഡ് യുദ്ധ തന്ത്രവും
'ഏറ്റവും എളുപ്പമുളള മാര്‍ഗ്ഗമെന്ന നിലയില്‍ ഒരു ഡീലുണ്ടാക്കുക എന്നതാണ് എന്റെ ഉദ്ദേശം. പക്ഷെ, നിങ്ങള്‍ ആ എളുപ്പ മാര്‍ഗ്ഗത്തെ വേണ്ട എന്ന് വെക്കുകയാണെങ്കില്‍ എനിക്കേറ്റവും കഠിനമേറിയ മാര്‍ഗ്ഗം സ്വീകരിക്കേണ്ടി വരും.' ഒറ്റ നോട്ടത്തില്‍ മാസ്സ് സിനിമയിലെ സംഭാഷണശകലമായി തോന്നുമെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പ് ഡെന്‍മാര്‍ക്കിന്റെ അധീനതയിലുള്ള ഗ്രീന്‍ലാന്‍ഡ് എന്ന ദ്വീപിന് നേരെ മുഴക്കിയ ഭീഷണിയാണിത്. വെനിസ്വലേയുടെ പ്രസിഡന്റ് നികോളാസ് മഡുറോയെ തടവിലാക്കിയ അമേരിക്ക തങ്ങളുടെ അധിനിവേശ താത്പ്പര്യങ്ങള്‍ നിലവില്‍ ഗ്രീന്‍ ലാന്‍ഡിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
ഗ്രീന്‍ലേന്‍ഡിന് നേരെയുളള അവകാശവാദം ട്രമ്പ് ഉന്നയിക്കുന്നത് ആദ്യമായിയല്ല. ട്രമ്പിന്റെ ആദ്യ ഭരണകാലത്ത് 2019ല്‍ തന്നെ ഗ്രീന്‍ലാന്‍ഡ് പണം കൊടുത്ത് വാങ്ങാനുള്ള പദ്ധതി അമേരിക്കയ്ക്കുണ്ടായിരുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ തനിക്ക് ബാധകമല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ട്രമ്പിന്റെ ഗ്രീന്‍ലാന്‍ഡിലേക്കുള്ള അധിനിവേശ നീക്കത്തെ ലോകം പരിഭ്രാന്തിയോടെയാണ് നോക്കി കാണുന്നത്. 'രാജ്യ സുരക്ഷ'യുടെ പേരിലാണ് ട്രമ്പ് ഗ്രീന്‍ലാന്റിലേക്കുള്ള അധിനിവേശത്തെ ന്യായീകരിക്കുന്നതെങ്കിലും പ്രദേശത്തെ പ്രകൃതി വിഭവങ്ങളാണ് ട്രമ്പിന്റെ ലക്ഷ്യമെന്നാണ് വിദഗ്ത്തരുടെ വിലയിരുത്തല്‍. മേഖലയില്‍ ശക്തി പ്രാപിക്കുന്ന റഷ്യ ചൈന ഇടപെടല്‍ കൂടി അമേരിക്കയുടെ ഗ്രീന്‍ലാന്‍ഡിലേക്കുള്ള അധിനിവേശ താത്പ്പര്യത്തിന് കാരണമാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
ഗ്രീന്‍ലാന്‍ഡിന്റെ ചരിത്രവും, ഭൂമിശാസ്ത്ര പ്രത്യേകതകളും:
യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക ഭൂഖണ്ഡങ്ങളിലെ എട്ടോളം രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സാങ്കല്‍പ്പിക വൃത്തമാണ് ആര്‍ക്ടിക് സര്‍ക്കിള്‍. യൂറോപ്പില്‍ നിന്ന് നോര്‍വേ, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ഐസ്ലാന്‍ഡ് എന്നീ രാജ്യങ്ങളിലൂടെയും, ഏഷ്യയില്‍ നിന്ന് റഷ്യയിലെ സൈബീരിയന്‍ മേഖലയിലൂടെയം, വടക്കേ അമേരിക്കയിലെ യു.എസ്.എ (അലാസ്‌ക), കാനഡ, ഗ്രീന്‍ലാന്‍ഡ് എന്നീ പ്രദേശങ്ങളിലൂടെയുമാണ് ആര്‍ക്ടിക് സര്‍ക്കളെന്ന സാങ്കല്പിക വൃത്തം കടന്ന് പോകുന്നത്.
ഭൂമിശാസ്ത്രപരമായി ഗ്രീന്‍ലാന്‍ഡ് വടക്കേ അമേരിക്കയുടെ ഭാഗമാണെങ്കിലും യൂറോപ്പിലെ ഡെന്‍മാര്‍ക്കിന്റെ കീഴിലാണ് ഗ്രീന്‍ലാന്‍ഡ്. 300 വര്‍ഷങ്ങളോളം ഡെന്മാര്‍ക്കിന് അധീനതയിലുള്ള ഗ്രീന്‍ലാന്‍ഡ് യൂറോപ്പിയന്‍ യൂണിയനിന്റെ ഭാഗം കൂടിയാണ്. കേവലം 56,583 ജനങ്ങള്‍ മാത്രം വസിക്കുന്ന ഗ്രീന്‍ലാന്‍ഡ് ലോകത്തിലെ ജന സംഖ്യ കുറഞ്ഞ പ്രദേശങ്ങളില്‍ ഒന്ന് കൂടിയാണ്.
ഭൂമിശാസ്ത്രപരവും, രാഷ്ട്രീയപരവുമായുള്ള ഈയൊരു അന്തരം കൊണ്ട് തന്നെ ട്രമ്പിന്റെ നിലവിലെ അധിനിവേശ ഭീഷണി ഡെന്‍മാര്‍ക്ക് അടങ്ങുന്ന യൂറോപ്പ്യന്‍ രാജ്യങ്ങളെയാണ് പ്രതിസന്ധിയാലാക്കിയത്. ഡീലുകളിലൂടെ കാര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ട്രമ്പ് ഡെന്‍മാര്‍ക്കിന് മുന്നില്‍ വെച്ച ഡീല്‍ ഗ്രീന്‍ലാന്‍ഡിനെ വില്‍ക്കുക എന്നതാണ്. ആദ്യമായി അല്ല അമേരിക്ക ഡെന്‍മാര്‍ക്കില്‍ നിന്ന് ഗ്രീന്‍ലാന്‍ഡിണെ പണം നല്‍കി സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്.
1868ല്‍ അലാസ്‌കയെ പണം കൊടുത്ത് സ്വന്തമാക്കിയ ശേഷം സ്റ്റേറ്റ് സെക്രട്ടറി വില്ലിയം സീവാര്‍ഡ് 5.5 മില്യന്‍ യു.എസ് ഡോളറിന്റെ സ്വര്‍ണ്ണം ഐസ്ലാന്‍ഡും, ഗ്രീന്‍ലാന്റും വാങ്ങുന്നതിനായി ഡെന്‍മാര്‍ക്കിന് ഓഫര്‍ ചെയ്‌തെങ്കിലും ഓഫറിനെ ഡെന്മാര്‍ക്ക് നിരസിക്കുകയാണുണ്ടായത്. 1946ല്‍ സോവിയറ്റിനെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി യു.എസ്സ് അന്നത്തെ 100 മില്ലിയന്‍ യു.എസ് ഡോളറിന്റെ സ്വര്‍ണ്ണം ഐസ്ലാന്‍ഡിനും, ഗ്രീന്‍ലാന്‍ഡിനുമായി ഓഫര്‍ ചെയ്‌തെങ്കിലും ഡെന്മാര്‍ക്ക് അത്തവണയും യു.എസ്സിന്റെ ഓഫര്‍ നിരസിച്ചു. ട്രമ്പിന്റെ ആദ്യ അധികാര കാലാവധിയിലാണ് കുറേ കൂടി ശക്തമായി അമേരിക്ക വീണ്ടും ഗ്രീന്‍ലാന്‍ഡിനെ പണം നല്‍കി വാങ്ങാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.
എന്നാല്‍ ഇപ്പോള്‍ ട്രമ്പിന്റെ റിയല്‍ എസ്റ്റേറ്റ് താത്പര്യങ്ങള്‍ക്ക് ഡെന്‍മാര്‍ക്കും, ഗ്രീന്‍ലാന്‍ഡിലെ ജനങ്ങളും വഴങ്ങുന്നില്ല എന്ന നിലയില്‍ എത്തിയപ്പോള്‍ വെനിസ്വലേയിലേത് പോലെ ഒരു സൈനിക അധിനിവേശത്തിനുള്ള തയ്യാറെടുപ്പിലാണ് അമേരിക്ക എന്ന പ്രതീതിയാണ് നിലനില്‍ക്കുന്നത്. അത്തരത്തില്‍ ഏതെങ്കിലും നിലയ്ക്കുള്ള അധിനിവേശ നീക്കം അമേരിക്കയില്‍ നിന്നുണ്ടായാല്‍ പ്രതിരോധമെന്ന നിലയില്‍ ഡെന്മാര്‍ക്കില്‍ നിന്നും സൈനിക ഇടപെടല്‍ അമേരിക്കയിലേക്കോ, അമേരിക്കയുടെ അധീനതയിലുള്ള പ്രദേശങ്ങളിലേക്കോ ഉണ്ടാവുകയും ചെയ്യും. ഇത് യൂറോപ്പ്, വടക്കേ അമേരിക്ക ഭൂഖണ്ഡങ്ങളിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നത് തീര്‍ച്ചയാണ്. ഒരുപക്ഷെ, ആ ഒരു സാധ്യത മുന്നില്‍ കണ്ട് കൊണ്ട് തന്നെ പ്രശ്‌നം യൂറോപ്പ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങള്‍ കൂടി ഇടപെട്ട് പരിഹരിക്കപ്പെടാനാണ് സാധ്യത.
ഹൈബ്രിഡ് യുദ്ധ തന്ത്രം:
ഗ്രീന്‍ലാന്‍ഡ് അധിനിവേശ പദ്ധതി നടപ്പിലാക്കുന്നതിന് ട്രമ്പ് ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നത് കുറേ കൂടി ആധുനിക യുദ്ധ തന്ത്രമായ 'ഹൈബ്രിഡ് വാര്‍ഫയര്‍' ആണെന്നാണ് സാമൂഹിക നിരീക്ഷകരുടെ കണ്ടെത്തല്‍. ഒരേ സമയം സൈനികവും, സാമ്പത്തികവും, രാഷ്ട്രീയവും, പ്രൊപ്പഗണ്ടകളും, വ്യാജ വാര്‍ത്തകളും ഉപയോഗിച്ച് എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന രീതിയാണ് ഹൈബ്രിഡ് യുദ്ധ തന്ത്രം. സാമൂഹിക മാധ്യമങ്ങള്‍ക്ക് മില്യന്‍ കണക്കിന് പണം നല്‍കി ഡെന്‍മാര്‍ക്കിന് എതിരെ നുണ പ്രചരണങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ അമേരിക്ക നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ നിലവില്‍ പുറത്ത് വരുന്നുണ്ട്. ഗ്രീന്‍ലാന്‍ഡിലെ ജനങ്ങളെ ഡെന്‍മാര്‍ക്കിന് എതിരെ തിരിക്കാനുള്ള സാമൂഹിക ഇടപെടലുകളും അമേരിക്ക നടത്തുന്നുണ്ടെന്ന ആരോപണവും നിലനില്‍ക്കെയാണ് ട്രമ്പിന്റെ സൈനിക നടപടിയെ കുറിച്ചുള്ള സൂചനകള്‍ പുറത്ത് വരുന്നതും.
ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അധിനിവേശം സാധ്യമാക്കിയ അമേരിക്ക യൂറോപ്പ്യന്‍ യൂണിയനിന് കീഴിയിലെ ഒരു ദ്വീപിനെ കൂടി ലക്ഷ്യം വെച്ചിരിക്കുകയാണ്.
English Summary: The article discusses Donald Trump’s aggressive interest in acquiring Greenland from Denmark. Framing it as a 'real estate deal,' Trump has issued threats suggesting that if a peaceful purchase (the 'easy way') is rejected, he may resort to 'harder methods,' raising fears of a military or political intervention similar to US actions in Venezuela. While the US justifies its interest under the guise of 'national security,' experts believe the true motivation lies in Greenland's vast untapped natural resources. Additionally, the move is seen as a strategic maneuver to counter the growing influence of Russia and China in the Arctic Circle.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."