ദീപക്കിന്റെ വീഡിയോ പകർത്തിയ ഷിംജിത ഒളിവിൽ, വിദേശത്തേക്ക് കടന്നതായി സൂചന; അന്വേഷണം ഊർജിതമാക്കി പൊലിസ്
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിലെ പ്രതി ഒളിവിൽ. വടകര സ്വദേശി ഷിംജിത മുസ്തഫ വിദേശത്തേക്ക് കടന്നതായാണ് സൂചന. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലിസ് അന്വേഷണം ഊർജിതമാക്കി. മരണപ്പെട്ട കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ അമ്മ നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.
ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെന്ന് ഇൻസ്പക്ടർ ബൈജു കെ.ജോസ് പറഞ്ഞു. യുവാവിന്റെ ബന്ധുക്കൾ സിറ്റി പൊലിസ് കമ്മിഷണർക്കും കലക്ടർക്കും പരാതി നൽകിയിരുന്നു. തുടർന്ന് വീട്ടിലെത്തി അമ്മ കന്യക, ബന്ധു യു.സനീഷ്, സുഹൃത്ത് അസ്‌കർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. തുടർന്നാണ് കേസെടുത്തത്. അസ്വാഭാവിക മരണത്തിലും കേസ് നിലവിലുണ്ട്.
അതേസമയം യുവതിയുടെ മൊഴി രേഖപ്പെടുത്താനും മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കാനും പൊലിസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കൂടാതെ ബസിലുണ്ടായിരുന്ന സഹയാത്രികരേയും ബസ് ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തുമെന്നും പൊലിസ് അറിയിച്ചു. യുവതിക്കെതിരേ രൂക്ഷവിമർശനമാണ് ഉയരുന്നത്. യുവാവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ടി.സിദ്ദീഖ് എം.എൽ.എയും രംഗത്തെത്തി.
കഴിഞ്ഞ വെള്ളിയാഴ്ച ബസ് യാത്രക്കിടെയാണ് യു. ദീപകിന്റെ വിഡിയോ യുവതി പകർത്തുകയും പിന്നീട് സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ബസിൽ വച്ച് ശരീരത്തിൽ സ്പർശിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്. സംഭവം ഉത്തരമേഖലാ ഡി.ഐ.ജി. അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."