കക്കൂസ്, അടുക്കള തുടങ്ങി സ്മാർട്ട് ഫോൺ വരെ; ആദ്യ ഡിജിറ്റൽ സെൻസസിൽ 33 ചോദ്യങ്ങൾ; ജനസംഖ്യാ കണക്കെടുപ്പ് രണ്ടാംഘട്ടം
ന്യൂഡൽഹി: 2027ലെ സെൻസസ് സർവേയുടെ ആദ്യഘട്ടത്തിൽ ചോദിക്കേണ്ട ചോദ്യങ്ങൾ സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ(ആർ.ജി.ഐ). ഇതുപ്രകാരം വീടുകളിൽ ചെന്ന് വിവരശേഖരണം നടത്തുമ്പോൾ സ്മാർട്ട് ഫോൺ ആണോ ഉപയോഗിക്കുന്നത്, വീട്ടിൽ പാചകവാതകം ഉപയോഗിക്കുന്നുണ്ടോ- എൽ.പി.ജിയാണോ പി.എൻ.ജിയാണോ തുടങ്ങിയ ചോദ്യങ്ങളെല്ലാമുണ്ടാകും. രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസായിരിക്കുമിത്.
രജിസ്ട്രാർ ജനറലും സെൻസസ് കമ്മിഷണറുമായ മൃത്യുഞ്ജയ് കുമാർ നാരായണാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജാതി, കെട്ടിട നമ്പർ, വീട്ടുനമ്പർ, വീട് നിർമിക്കാനുപയോഗിച്ചത് കോൺക്രീറ്റാണോ, ഉപയോഗിച്ചത് കല്ലോ ഇഷ്ടികയോ, റസിഡൻഷ്യൽ കെട്ടിടമാണോ, അടുക്കള ഇല്ലേ, വീട്ടിൽ കക്കൂസുണ്ടോ, ഏതു തരത്തിലുള്ളതാണത്, കുടിവെള്ളലഭ്യത, എത്ര പേരുടെ വിവാഹം കഴിഞ്ഞു എന്നെല്ലാം ചോദിക്കും. അതുപോലെ വീട്ടിൽ കംപ്യൂട്ടറോ ലാപ്ടോപോ ഉണ്ടോ, ഇന്റർനെറ്റ് ഇല്ലേ, സൈക്കിൾ-സ്‌കൂട്ടർ-ബൈക്ക് ഇവയിൽ ഏതാണുള്ളത്, കാർ-ജീപ്പ്-വാൻ എന്നിവയുണ്ടോ എന്നിങ്ങനെ 33 വിവരങ്ങളാണ് ഓരോ വീട്ടിൽനിന്നും ശേഖരിക്കുക.
ഏപ്രിൽ ഒന്നിനും സെപ്റ്റംബർ 30നുമിടയിലാണ് സെൻസസ് സർവേ നടത്തുക. 30 ലക്ഷം ജീവനക്കാരെ നിയോഗിക്കും. മൊബൈൽ ഫോണിലാണ് ഇവർ വിവരങ്ങൾ ശേഖരിക്കുക. 2021ലെ സെൻസസിനുവേണ്ടി 2020 ജനുവരി 7ന് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ 31 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. കൊവിഡ് മഹാമാരി മൂലം അത് വൈകുകയും പിന്നീട് റദ്ദാവുകയുമായിരുന്നു.
ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ രണ്ടാംഘട്ടത്തിലാണ് നടക്കുക. അതിലെ ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. ആദ്യഘട്ട സെൻസസിന്റെ പരീക്ഷണം കഴിഞ്ഞവർഷം നവംബർ 10 മുതൽ 30 വരെ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."