കേന്ദ്രത്തിന്റെ ആവശ്യപ്രകാരം ജഡ്ജിയെ സ്ഥലംമാറ്റുന്നത് കൊളീജിയത്തിന്റെ സമഗ്രത ഇല്ലാതാക്കും: സുപ്രിംകോടതി ജഡ്ജി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ അഭ്യർഥന പ്രകാരം ഹൈക്കോടതി ജഡ്ജിയെ സ്ഥലംമാറ്റുന്നത് കൊളീജിയത്തിന്റെ സമഗ്രത ഇല്ലാതാക്കുമെന്ന് സുപ്രിംകോടതി ജഡ്ജി ഉജ്വൽ ഭുയാൻ. ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിലും നിയമനത്തിലും എക്‌സിക്യൂട്ടീവിന് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ജസ്റ്റിസ് അതുൽ ശ്രീധരനെ മധ്യപ്രദേശ് ഹൈക്കോടതിയിൽ നിന്ന് ഛത്തീസ്ഗഢ് ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള ശുപാർശ നൽകുകയും കേന്ദ്രത്തിന്റെ എതിർപ്പിനെത്തുടർന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാൻ ശുപാർശ മാറ്റുകയും ചെയ്ത കൊളീജിയം നടപടിയുടെ പശ്ചാത്തലത്തിലാണ് ജഡ്ജിയുടെ പരാമർശം. പൂനെയിലെ ഐ.എൽ.എസ് ലോ കോളജിൽ ഭരണഘടനാ ധാർമികതയും ജനാധിപത്യ ഭരണവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഭുയാൻ.
കേന്ദ്രത്തിന്റെ അഭ്യർഥന പ്രകാരം സ്ഥലംമാറ്റം തിരുത്തുന്നുവെന്ന കൊളീജിയത്തിന്റെ രേഖ ഭരണഘടനാപരമായി ഒരു സ്വതന്ത്ര പ്രക്രിയയിലേക്ക് എക്‌സിക്യൂട്ടീവ് കടന്നുകയറിയതിന്റെ രേഖയാണ്. സർക്കാരിനെതിരേ ചില അസൗകര്യകരമായ ഉത്തരവുകൾ പുറപ്പെടുവിച്ചതിന്റെ പേരിൽ ഒരു ജഡ്ജിയെ ഒരു ഹൈക്കോടതിയിൽ നിന്ന് മറ്റൊരു ഹൈക്കോടതിയിലേക്ക് മാറ്റുന്നതെങ്ങനെ. അത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നില്ലേ. അത്തരം പ്രവർത്തനങ്ങൾ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയായ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തും. ജഡ്ജിമാരുടെ സ്ഥലംമാറ്റവും നിയമനവും ജുഡീഷ്യറിയുടെ പരിധിയിൽ മാത്രമാണെന്നും കേന്ദ്ര സർക്കാരിന് സ്വാധീനം ചെലുത്താൻ കഴിയില്ലെന്നും ജസ്റ്റിസ് ഭൂയാൻ നിരീക്ഷിച്ചു.
സ്ഥലംമാറ്റങ്ങൾ എക്‌സിക്യൂട്ടീവിന് അനിഷ്ടകരമായ തീരുമാനങ്ങളുടെ പേരിൽ ജഡ്ജിമാരെ ശിക്ഷിക്കാനുള്ളതല്ല. നിയമനപ്രക്രിയ എക്‌സിക്യൂട്ടീവ് സ്വാധീനത്തിൽ നിന്ന് സ്വതന്ത്രമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് കൊളീജിയം സംവിധാനം രൂപകൽപ്പന ചെയ്തത്. കൊളീജിയം അംഗങ്ങൾ എക്‌സിക്യൂട്ടീവിനാൽ സ്വാധീനിക്കപ്പെടുകയാണെങ്കിൽ, അവർ കൊളീജിയം സംവിധാനത്തിന്റെ യഥാർഥ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുകയാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം വിലപേശാൻ കഴിയാത്തതാണെന്നും ജസ്റ്റിസ് ഭൂയാൻ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."