എസ്.ഐ.ആറിൽ അനാവശ്യ തിടുക്കം; മുസ്‌ലിംകളും ദരിദ്രരും ഒഴിവാക്കപ്പെടാൻ സാധ്യത: അമർത്യ സെൻ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടപ്പിലാക്കിയ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടി (എസ്.ഐ.ആർ) ജനാധിപത്യത്തിലെ പങ്കാളിത്തത്തെ അപകടത്തിലാക്കുമെന്ന് നൊബേൽ സമ്മാന ജേതാവ് അമർത്യ സെൻ. എസ്.ഐ.ആർ നടപടികളിലൂടെ, നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുസ്്ലിംകളും മറ്റ് ദുർബല വിഭാഗങ്ങളും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ടെന്നും അമർത്യ സെൻ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അനാവശ്യ തിടുക്കത്തിൽ എസ്.ഐ.ആർ നടപ്പിലാക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. അതീവ ശ്രദ്ധയോടെയും മതിയായ സമയമെടുത്തും ചെയ്യേണ്ട നടപടിക്രമങ്ങളാണ് വേണ്ടിയിരുന്നത്. എങ്കിൽ മാത്രമെ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ കഴിയുകയുള്ളൂ. സമയമെടുത്ത് വോട്ടർപട്ടിക പരിഷ്‌കരിക്കുന്നത് ജനാധിപത്യത്തിന് ഗുണം ചെയ്യും. എന്നാൽ തിടുക്കപ്പെട്ടുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്.
വോട്ടർമാർ അവരുടെ വോട്ടവകാശം സ്ഥാപിച്ചെടുക്കാനായി പ്രയാസപ്പെടുന്ന അവസ്ഥയാണുള്ളത്. രേഖകൾ സമർപ്പിക്കാൻ മതിയായ സാവകാശം നിഷേധിക്കുകയാണ്. ഇത് വോട്ടർമാരോടും ജനാധിപത്യത്തോടുമുള്ള അനീതിയാണ്.
ശാന്തിനികേതനിൽ തന്റെ വോട്ടവകാശത്തെ കുറിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടികളെ കുറിച്ചും അമർത്യ സെൻ വിശദീകരിച്ചു. ഗ്രാമീണ ഇന്ത്യയിൽ ജനിച്ച എന്നെ പോലുള്ള പലർക്കും ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടെന്നു വരില്ല. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട പ്രകാരമുള്ള രേഖകൾ ഹാജരാക്കാൻ സാവകാശം നൽകേണ്ടതുണ്ട്. തനിക്കുണ്ടായ പ്രശ്‌നം പരിഹരിച്ചെങ്കിലും മറ്റനേകം പൗരൻമാരുടെ സമാനമായ വിഷയങ്ങൾ തന്നെ ആശങ്കപ്പെടുത്തുന്നതായും അമർത്യ സെൻ പറഞ്ഞു.
സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളും മുസ്്ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുമാണ് ഇത്തരം രേഖകൾ ഹാജരാക്കുന്നതിൽ ഏറെ പ്രയാസപ്പെടുക. ഫലത്തിൽ അവരുടെ വോട്ടവകാശം നിഷേധിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുക. ഇത്തരം നടപടികൾ ദോഷകരമായ ഫലമുണ്ടാക്കുമെന്നും അമർത്യ സെൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."