'മുൻപ് ചെയ്യാൻ മടിച്ച കാര്യങ്ങൾ ചെയ്യിക്കാൻ ഇടവരുത്തരുത്, എസ്. രാജേന്ദ്രനെ കൈകാര്യം ചെയ്യണം': വിവാദ പ്രസംഗവുമായി എം.എം. മണി
ഇടുക്കി: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രനെതിരെ മുതിർന്ന സിപിഎം നേതാവ് എം.എം. മണി. രാജേന്ദ്രനെ സഖാക്കൾ കൈകാര്യം ചെയ്യണമെന്നും, മുൻപ് ചെയ്യാൻ മടിച്ച കാര്യങ്ങൾ ചെയ്യിക്കാൻ ഇടവരുത്തരുതെന്നും മണി പരസ്യമായി ആഹ്വാനം ചെയ്തു. മൂന്നാറിൽ നടന്ന പൊതുയോഗത്തിനിടെയായിരുന്നു മുൻ മന്ത്രിയുടെ വിവാദ പ്രസംഗം.
പാർട്ടിയെ വെല്ലുവിളിച്ചാൽ എന്തു ചെയ്യണമെന്ന് തന്റെ ഭാഷയിൽ പറഞ്ഞാൽ ഇങ്ങനെയാണെന്ന് സൂചിപ്പിച്ച മണി, കൈകൊണ്ട് 'തീർത്തുകളയണം' എന്ന ആംഗ്യം കാണിക്കുകയായിരുന്നു.
‘‘ക്ഷമിച്ചു നിൽക്കുന്നതിനും പരിധിയുണ്ട്. ഏത് പാർട്ടിയിൽ ചേർന്നാലും സിപിഎമ്മിന് ഒന്നുമില്ല, പക്ഷേ ഉണ്ട ചോറിന് നന്ദി കാണിക്കണം,‘‘ മണി പറഞ്ഞു.
‘‘രാജേന്ദ്രനും ഭാര്യക്കും ജീവിതകാലം മുഴുവൻ പെൻഷൻ വാങ്ങി സുഖമായി കഴിയാം. അയാൾ മരിച്ചാലും ഭാര്യക്ക് പെൻഷൻ കിട്ടും. ഇതെല്ലാം പാർട്ടി നൽകിയതാണ്. ജനിച്ചപ്പോൾ മുതൽ ഒരാളെ എംഎൽഎ ആക്കി ചുമക്കാനുള്ള ബാധ്യത പാർട്ടിക്കില്ല. പാർട്ടിയുടെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച ശേഷം അതിനെത്തന്നെ വെല്ലുവിളിക്കാൻ വന്നാൽ അത് എം.എം. മണി ആണെങ്കിൽ പോലും തല്ലിക്കൊല്ലണം.‘‘ അദ്ദേഹം പറഞ്ഞു.
ഏറെക്കാലമായി പാർട്ടി നേതൃത്വവുമായി അകന്നു കഴിഞ്ഞിരുന്ന എസ്. രാജേന്ദ്രൻ അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്. തിരുവനന്തപുരത്തെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ വെച്ചാണ് എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് എസ്. രാജേന്ദ്രൻ അംഗത്വം സ്വീകരിച്ചത്. കാലങ്ങളായി പ്രവർത്തിച്ച് വന്നിരുന്ന പ്രസ്ഥാനത്തിൽ വിശ്വാസം നഷ്‌ടപ്പെട്ടതിനെ തുടർന്നാണ് രാഷ്ട്രീയ മാറ്റത്തിന് മുതിരുന്നതെന്ന് എസ് രാജേന്ദ്രൻ പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."