ശശി തരൂരിനെ ഇടതുപാളയത്തിലെത്തിക്കാൻ സിപിഎം; ദുബൈയിൽ നിർണായക ചർച്ചയെന്ന് സൂചന
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശശി തരൂർ എംപിയെ ഇടത് പാളയത്തിലെത്തിക്കാൻ സിപിഎം ശ്രമിക്കുന്നതായി സൂചന. ഇതിന്റെ ഭാഗമായി ദുബൈയിൽ വെച്ച് നിർണായക ചർച്ചകൾ നടക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള പ്രമുഖ വ്യവസായിയാണ് ഈ ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്.
മഹാപഞ്ചായത്ത് വേദിയിൽ നേരിട്ട അവഗണനയിലും മോശം അനുഭവത്തിലും തരൂർ വലിയ അതൃപ്തിയിലാണ്. ഇന്ന് രാവിലെയാണ് അദ്ദേഹം ദുബൈയിലേക്ക് തിരിച്ചത്. അവിടെ വെച്ച് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ വ്യവസായിയുമായി തരൂർ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. 27-ന് തിരുവനന്തപുരത്ത് ചേരുന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ നിന്ന് തരൂർ വിട്ടുനിൽക്കുമെന്ന വാർത്തകൾ ഈ സംശയത്തിന് ബലം നൽകുന്നു.
സംസ്ഥാന നേതാക്കളുടെ നിലപാടുകളിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുന്ന തരൂരിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് അടിയന്തര നീക്കം തുടങ്ങിയിട്ടുണ്ട്. രാഹുൽ ഗാന്ധി നേരിട്ട് തരൂരിനോട് സംസാരിക്കുമെന്നാണ് റിപ്പോർട്ട്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തരൂരിനെ പിണക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പാർട്ടി. യുവാക്കൾക്കിടയിലും പ്രൊഫഷണലുകൾക്കിടയിലുമുള്ള തരൂരിന്റെ സ്വാധീനം നഷ്ടപ്പെടുത്താൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. ബുധനാഴ്ചയോ വ്യാഴാഴ്ചയോ രാഹുൽ ഗാന്ധി തരൂരിനെ കാണാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും തരൂർ ഇതിനോട് പ്രതികരിച്ചിട്ടില്ല.
തരൂരിനെപ്പോലൊരു ആഗോള വ്യക്തിത്വത്തെ ഒപ്പം നിർത്തുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വലിയ നേട്ടമുണ്ടാക്കുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരുകളിൽ മനംമടുത്ത തരൂർ നിലപാട് മാറ്റുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."