'തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തെ സംരക്ഷിക്കുകയല്ല, വോട്ട് ചോരിയിൽ പങ്കാളിയാവുകയാണ്; ഗുജറാത്ത് എസ്.ഐ.ആറിൽ നടക്കുന്നത് ആസൂത്രിത വോട്ട്‌കൊള്ള' രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഗുജറാത്ത് എസ്.ഐ.ആറിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എസ്.ഐ.ആറിന്റെ പേരിൽ ഗുജറാത്തിൽ നടക്കുന്നത് നന്നായി ആസൂത്രണം ചെയ്തതും, സംഘടിതവും, തന്ത്രപരവുമായ വോട്ട് ചോരി ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമീഷൻ 'വോട്ട് മോഷണ ഗൂഢാലോചന'യിൽ പ്രധാന പങ്കാളിയായി മാറിയെന്നും അദ്ദേഹം തുറന്നടിച്ചു.
'ഒരു വ്യക്തി, ഒരു വോട്ട്' എന്ന ഭരണഘടനാ തത്വം വ്യവസ്ഥാപിതമായി അട്ടിമറിക്കപ്പെടുന്നുണ്ട്. ഭരണഘടനാപരമായ അവകാശം നശിപ്പിക്കുന്നതിനുള്ള ഒരു ആയുധമായി വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആർ) രൂപാന്തരപ്പെട്ടിരിക്കുന്നു. വോട്ടർമാരല്ല, ഭരണകക്ഷിയായ ബി.ജെ.പിയാണ് രാഷ്ട്രീയ അധികാരം നിർണ്ണയിക്കുന്നതെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. എസ്.ഐ.ആർ നടപ്പിലാക്കിയ സ്ഥലങ്ങളിലെല്ലാം വോട്ട് മോഷണം നടന്നിട്ടുണ്ടെന്ന് എക്‌സിൽ പങ്കുവെച്ച് പോസ്റ്റിൽ അദ്ദേഹം പറയുന്നു.
'എസ്.ഐ.ആർ ഉള്ളിടത്തെല്ലാം വോട്ട് മോഷണമുണ്ട്. എസ്.ഐ.ആറിന്റെ പേരിൽ ഗുജറാത്തിൽ ചെയ്യുന്നത് ഒരു തരത്തിലുമുള്ള ഭരണ പ്രക്രിയയല്ല. മറിച്ച് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ കൃത്രിമം കാണിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു മനഃപൂർവ തന്ത്രമാണ്. അത് നന്നായി ആസൂത്രണം ചെയ്തതും സംഘടിതവും, തന്ത്രപരവുമായ വോട്ട് ചോരിയാണ്'- രാഹുൽ 'എക്സി'ലെ പോസ്റ്റിൽ പറഞ്ഞു.
പരിഷ്‌കരണ പ്രക്രിയയുടെ ഏറ്റവും ഞെട്ടിക്കുന്നതും അപകടകരവുമായ കാര്യം, ഒരേ പേരിൽ ആയിരക്കണക്കിന് എതിർപ്പുകൾ ഫയൽ ചെയ്യപ്പെട്ടു എന്നതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഇത് പ്രക്രിയയുടെ വിശ്വാസ്യതയെയും ഉദ്ദേശ്യത്തെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
जहाँ-जहाँ SIR, वहाँ-वहाँ वोट चोरी।
— Rahul Gandhi (@RahulGandhi) January 24, 2026
गुजरात में SIR के नाम पर जो कुछ किया जा रहा है, वह किसी भी तरह की प्रशासनिक प्रक्रिया नहीं है - यह सुनियोजित, संगठित और रणनीतिक वोट चोरी है।
सबसे चौंकाने वाली और ख़तरनाक बात यह है कि एक ही नाम से हज़ारों-हज़ार आपत्तियाँ दर्ज की गईं।
चुन-चुनकर… https://t.co/LC9i5DP44y
പ്രത്യേക സമുദായങ്ങളിലെയും കോൺഗ്രസിനെ പരമ്പരാഗതമായി പിന്തുണയ്ക്കുന്ന പോളിംഗ് ബൂത്തുകളിലെയും വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് തിരഞ്ഞെടുത്ത് നീക്കം ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി പരാജയപ്പെടാൻ സാധ്യതയുള്ള മണ്ഡലങ്ങളിലെല്ലാം വോട്ടർമാരെ സംവിധാനത്തിൽ നിന്ന് 'അപ്രത്യക്ഷരാക്കുന്നു' - അദ്ദേഹം പറഞ്ഞു.അലന്ദിലും രജുരയിലും ഇതേ കാര്യം സംഭവിച്ചു. ഇപ്പോൾ ഗുജറാത്തിലും രാജസ്ഥാനിലും എസ്.ഐ.ആർ നടപ്പാക്കിയ എല്ലാ സംസ്ഥാനങ്ങളിലും ഇതേ ബ്ലൂപ്രിന്റ് നടപ്പിലാക്കുന്നു- അദ്ദേഹം ആവർത്തിച്ചു.
ഏറ്റവും ഗുരുതരമായ സത്യം, തെരഞ്ഞെടുപ്പ് കമീഷൻ ഇനി ജനാധിപത്യത്തിന്റെ സംരക്ഷകനല്ല, മറിച്ച് ഈ വോട്ട് മോഷണ ഗൂഢാലോചനയിൽ പ്രധാന പങ്കാളിയായി മാറിയിരിക്കുന്നു എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി വോട്ട് ചോദി തുറന്നുകാട്ടിയതിന് ശേഷം, ബി.ജെ.പി അടുത്ത ലെവൽ തെരഞ്ഞെടുപ്പ് കൃത്രിമത്വ മാതൃക സ്വീകരിച്ചുവെന്ന് ആരോപിച്ച് ഗുജറാത്ത് കോൺഗ്രസിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വന്നിരുന്നു. ഇതിന് ശേഷമാണ് രാഹുൽ വോട്ട് കൊള്ളയിൽ വീണ്ടും രംഗത്തെത്തിയത്.
'തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുന്നത് വോട്ടവകാശം മോഷ്ടിക്കലാണ്. ഗുജറാത്തിൽ ഈ പുതിയ കളി പുറത്തായിരിക്കുന്നു. നിയമങ്ങൾ അനുസരിച്ച്, എസ്.ഐ.ആർ കരട് പട്ടിക പുറത്തിറക്കി എതിർപ്പു ഫോമുകൾ സ്വീകരിക്കാൻ തുടങ്ങിയതിനുശേഷം ജനുവരി 18 അവസാന തിയ്യതിയായി നിശ്ചയിച്ചു. ജനുവരി 15 വരെ വിരലിലെണ്ണാവുന്ന എതിർപ്പുകൾ മാത്രമേ ലഭിച്ചുള്ളൂ. പക്ഷേ, യഥാർത്ഥ കളി പിന്നീട് ആരംഭിച്ചു. ഗൂഢാലോചനയുടെ ഭാഗമായി ദശലക്ഷക്കണക്കിന് എതിർപ്പുകൾ പെട്ടെന്ന് സമർപ്പിക്കപ്പെട്ടു' പാർട്ടിയുടെ സംസ്ഥാന യൂനിറ്റ് അവകാശപ്പെട്ടു.
പ്രത്യേക ജാതികളെയും സമൂഹങ്ങളെയും പ്രദേശങ്ങളെയും ലക്ഷ്യം വെച്ചുള്ള നിയമങ്ങൾ ലംഘിക്കപ്പെടുകയാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ 1.2 ദശലക്ഷം എതിർപ്പുകൾ പുറത്തിറക്കിയപ്പോൾ വ്യക്തമായി. വ്യത്യസ്ത പേരുകളും ഒപ്പുകളുമുള്ള ഒരൊറ്റ വ്യക്തിയുടെ പേരിൽ ഡസൻ കണക്കിന് എതിർപ്പുകളാണ് ഫയൽ ചെയ്യപ്പെട്ടത്. അപ്പോഴെല്ലാം തെരഞ്ഞെടുപ്പ് കമീഷൻ നിശബ്ദ കാഴ്ചക്കാരനായി തുടർന്നു- ഗുജറാത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
പ്രധാന പ്രതിപക്ഷ പാർട്ടി ഒരു ഔപചാരിക കത്ത് വഴി എതിർപ്പുകളെക്കുറിച്ച് വിശദമായ വിവരങ്ങൾ തേടി. അതിന് മറുപടി ലഭിച്ചില്ലെന്നും കോൺഗ്രസിന്റെ ഗുജറാത്ത് യൂണിറ്റ് ആരോപിച്ചു. സുതാര്യതയുടെ ഈ അഭാവം വലിയ തോതിലുള്ള കൃത്രിമത്വം തുറന്നുകാട്ടിയതായും തിരഞ്ഞെടുപ്പ് കമ്മീഷൻ അതിന്റെ കടമയിലും ഉത്തരവാദിത്തത്തിലും വിട്ടുവീഴ്ച ചെയ്തതായി തെളിഞ്ഞുവെന്നും കോൺഗ്രസ് കുറിച്ചു.
congress leader rahul gandhi accused the election commission of failing to protect democracy and alleged that the special intensive revision in gujarat is a planned attempt at vote theft.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."