രക്തസാക്ഷി ഫണ്ട് വിവാദം: പടക്കം പൊട്ടിച്ച് ഒരു വിഭാഗം, മാലയിട്ട് മറ്റൊരു വിഭാഗം; വി. കുഞ്ഞികൃഷ്ണനെ ചൊല്ലി പയ്യന്നൂർ സി.പി.ഐ.എമ്മിൽ ചേരിതിരിവ്
കണ്ണൂർ: വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പയ്യന്നൂർ വെള്ളൂരിൽ പ്രവർത്തകർ പ്രകടനം നടത്തിയത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ഉറച്ചുനിന്നതിനാണ് വി. കുഞ്ഞികൃഷ്ണനെ സി.പി.ഐ.എം പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. പാർട്ടിയെ പിന്നിൽ നിന്ന് കുത്തിയെന്നും വഞ്ചിച്ചെന്നും ആരോപിച്ചാണ് നടപടി.
കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് കുഞ്ഞികൃഷ്ണനെ പുറത്താക്കിയ വിവരം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. കുഞ്ഞികൃഷ്ണന്റേത് കടുത്ത അച്ചടക്കലംഘനമാണെന്നും ഒരു കമ്മ്യൂണിസ്റ്റ് എങ്ങനെ ആകാൻ പാടില്ല എന്നതിന് ഉദാഹരണമാണ് അദ്ദേഹമെന്നും രാഗേഷ് വിമർശിച്ചു.
പുറത്താക്കൽ വാർത്ത പുറത്തുവന്നതിന് പിന്നാലെ വെള്ളൂരിൽ കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രവർത്തകർ തെരുവിലിറങ്ങി. "പാർട്ടി ഫണ്ട് മുക്കിയവർക്ക് മാപ്പില്ല", "മധുസൂദനന് മാപ്പില്ല" തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രകടനം. പ്രവർത്തകർ അദ്ദേഹത്തിന് രക്തഹാരമണിയിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കുഞ്ഞികൃഷ്ണനെ പുറത്താക്കിയതിൽ ആഹ്ലാദ പ്രകടനം നടത്തിയ ഒരു വിഭാഗം പാർട്ടി പ്രവർത്തകർ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഈ സമയം അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല.
പാർട്ടി നടപടിക്ക് പിന്നാലെ രൂക്ഷമായ ഭാഷയിലാണ് വി. കുഞ്ഞികൃഷ്ണൻ പ്രതികരിച്ചത്. തന്റെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. "കെ.കെ. രാഗേഷിന്റെ വിശദീകരണം കേട്ടപ്പോൾ ചിരിയാണ് വന്നത്. ആടിനെ പട്ടിയാക്കുന്ന വിശദീകരണമാണ് അദ്ദേഹം നൽകിയത്. പണം നഷ്ടപ്പെട്ടെന്ന കാര്യത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ടി.ഐ. മധുസൂദനൻ ഏരിയ സെക്രട്ടറിയായിരുന്ന കാലത്ത് രണ്ട് സഹകരണ ബാങ്കുകളിൽ നിന്ന് വന്ന പണം അക്കൗണ്ടിലെത്തിയിട്ടില്ല. കെട്ടിട നിർമ്മാണ കണക്കിലും വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ട് എന്നും വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി
താൻ ഉന്നയിച്ച വസ്തുതകൾ പരിശോധിക്കുന്നതിന് പകരം ഇല്ലാത്ത കാര്യങ്ങൾ അടിച്ചേൽപ്പിക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കുഞ്ഞികൃഷ്ണനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. മാധ്യമങ്ങൾക്ക് മുന്നിൽ പാർട്ടി രഹസ്യങ്ങൾ വെളിപ്പെടുത്തിയത് ആസൂത്രിതമാണെന്നും പാർട്ടിയെ അവമതിപ്പുണ്ടാക്കാൻ അദ്ദേഹം ശ്രമിച്ചെന്നും ഭൂരിഭാഗം നേതാക്കളും അഭിപ്രായപ്പെട്ടു. തുടർന്നാണ് ഇന്നത്തെ ജില്ലാ കമ്മിറ്റി യോഗം പുറത്താക്കൽ നടപടി അംഗീകരിച്ചത്.
The CPI(M) has expelled senior leader V. Kunhikrishnan from its primary membership following his persistent allegations of financial misappropriation in the Payyannur martyr fund. Kunhikrishnan had accused MLA T.I. Madhusoodanan and other leaders of diverting funds collected for the family of slain party worker C.V. Dhanraj.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."