പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല; നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിഷയത്തിന്‍ മേലുള്ള അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. വിഷയത്തിന് അടിയന്തര പ്രധാന്യമില്ലെന്നും സബ്മിഷനായി വേണമെങ്കില്‍ വിഷയം ഉന്നയിക്കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
അടിയന്തര പ്രമേയം തള്ളിയതിന് പിന്നാലെ എതിര്‍പ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. ബഹളം വെച്ചാല്‍ പ്രതിപക്ഷ നേതാവിന് മൈക്ക് നല്‍കാനാവില്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. അങ്ങനെ പറയേണ്ട കാര്യമില്ലെന്നായിരുന്നു ഇതിനോടുള്ള പ്രതിപക്ഷ നേതാവിന്റെ മറുപടി. അടിയന്തര പ്രാധാന്യമുള്ള വിഷയം തന്നെയാണ് ഇതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ക്രൂരമായി പയ്യന്നൂരില്‍ മര്‍ദ്ദനമേറ്റെന്നും വി.ഡി സതീശന്‍ പറഞ്ഞു.
സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്. സ്പീക്കറുടെ ഡയസിന് മുന്നിലും പ്രതിഷേധമുണ്ടായി. സര്‍ക്കാര്‍ ചോദ്യങ്ങളെ ഭയക്കുന്നത് എന്തിന് എന്ന പ്ലക്കാര്‍ഡുകളുയര്‍ത്തിയായിരുന്നു പ്രതിഷേധം.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിക്കാന്‍ നിയമസഭ തടസപ്പെടുത്തേണ്ടെന്ന തീരുമാനത്തിലാണ് പ്രതിപക്ഷം. രാവിലെ നിയമസഭ മന്ദിരത്തില്‍ ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റേതാണ് തീരുമാനം. എന്നാല്‍, പ്രതിഷേധത്തിന്റെ ഭാഗമായി സഭാ കവാടത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ സത്യഗ്രഹം നടത്തും.
ആദ്യ ദിവസം കോണ്‍ഗ്രസിലെയും മുസ്ലിം ലീഗിലെയും ഓരോ അംഗങ്ങള്‍ സത്യഗ്രഹം ഇരിക്കാനാണ് തീരുമാനം. കോണ്‍ഗ്രസില്‍ നിന്ന് സി.ആര്‍. മഹേഷും ലീഗില്‍ നിന്ന് നജീബ് കാന്തപുരവുമാണ് യു.ഡി.എഫിനായി സത്യഗ്രഹം ഇരിക്കുന്നത്.
സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് രണ്ട് പ്രതിപക്ഷ അംഗങ്ങള്‍ സത്യഗ്രഹം ഇരിക്കുന്ന വിവരം സഭയെ അറിയിച്ചത്. സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ അംഗങ്ങള്‍ സത്യഗ്രഹമിരിക്കുക. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ സമ്മര്‍ദ്ദം പ്രത്യേക അന്വേഷണ സംഘത്തിന് മുകളില്‍ ഉണ്ടാകരുതെന്നും ആവശ്യമുന്നയിക്കുന്നു. സഭാ നടപടികളോട് സഹകരിച്ച് കൊണ്ടുതന്നെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.
ഹൈക്കോടതിക്കെതിരായ സമരമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. പ്രത്യേക അന്വേഷണ സംഘത്തിന്റെ കാര്യത്തില്‍ ഇടപെടുന്നതും നടപടി സ്വീകരിക്കുന്നതും ഹൈക്കോടതിയാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സഭാ കവാടത്തില്‍ സമരം നടത്തിയാലും ഹൈക്കോടതിക്കെതിരായാണ് വരികയെന്നും കൂട്ടിച്ചേര്‍ത്തു.
ജനുവരി 22ന് നിയമസഭ സമ്മേളനം ആരംഭിച്ചത് മുതല്‍ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രക്ഷുബ്ധ രംഗങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമാണ് സഭ സാക്ഷ്യം വഹിക്കുന്നത്. സര്‍ക്കാറിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് വെള്ളിയാഴ്ചത്തെ സഭാ സമ്മേളനം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തില്‍ 'പോറ്റിയേ കേറ്റിയേ...' പാട്ട് പാടിയായിരുന്നു നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല്‍.
The Speaker of the Kerala Legislative Assembly denied permission to present an urgent motion regarding the alleged Martyrs Fund scam in Payyannur, stating that the issue did not warrant urgent consideration and could instead be raised as a submission.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."