ഡ്രോണുകള്‍ വിന്യസിച്ച് ഇറാന്‍, യുദ്ധക്കപ്പലുകളുമായി യു.എസ്; ഒരിക്കല്‍ കൂടി യുദ്ധഭീതിയില്‍ പശ്ചിമേഷ്യ
വാഷിങ്ടണ്‍: പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയില്‍. താക്കീതുമായി യു.എസും അതേനാണയത്തില്‍ തിരിച്ചടിക്കാനൊരുങ്ങി ഇറാനും എന്നതാണ് നിലവിലെ സ്ഥിതി. അമേരിക്കക്കെതിരെ വ്യോമാക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന സൂചന നല്‍കി ഇറാന്‍ ഏകദേശം 1,000 പുതിയ 'തന്ത്രപരമായ ഡ്രോണുകള്‍' വിന്യസിച്ചതായി ഇറാനിയന്‍ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്യുന്നു. നാവിക കപ്പലുകളുടെ 'വലിയ അര്‍മാഡ' ഇറാനിലേക്ക് എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാന്‍ നിലപാട് വ്യക്തമാക്കിയത്. 'സൈനിക രഹസ്യങ്ങള്‍' സംരക്ഷിക്കുന്നതിനായി ഡ്രോണ്‍ വിന്യാസത്തിന്റെ ഒരു ഫോട്ടോയും പുറത്തുവിടില്ലെന്ന് തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം അതീവ ഗുരുതര സാഹചര്യത്തിലൂടെ കടന്നുപോകുന്നതിനിടെ, യുദ്ധം ഒഴിവാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ഇറാനുമായി ചര്‍ച്ച നടത്താന്‍ പദ്ധതിയുണ്ടെന്നും ട്രംപിന്റെ പ്രസ്താവന പുറത്തു വന്നിരുന്നു. ഇറാനിലെ ആണവ നിലയങ്ങള്‍ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളെക്കുറിച്ച് ട്രംപ് ആലോചിക്കുന്നതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍ എന്ന പേരില്‍ കഴിഞ്ഞ ജൂണില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ വ്യാപകമായ വ്യോമാക്രമണങ്ങളേക്കാള്‍ 'വളരെ മോശമായ' ആക്രമണം വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ നയിക്കുന്ന കപ്പല്‍പ്പട നടത്തുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പ്രഖ്യാപിച്ചു.
ഒരു വലിയ അര്‍മാഡ ഇറാനിലേക്ക് പോകുന്നു. അത് വളരെ ശക്തിയോടെയും, ഉത്സാഹത്തോടെയും, ലക്ഷ്യബോധത്തോടെയും വേഗത്തില്‍ നീങ്ങുന്നു- ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 'വലിയ വിമാനവാഹിനിക്കപ്പലായ എബ്രഹാം ലിങ്കണ്‍ നയിക്കുന്ന ഒരു വലിയ കപ്പല്‍ക്കൂട്ടമാണിത്, വെനിസ്വേലയിലേക്ക് അയച്ചതിനേക്കാള്‍ വലിയ ഒരു കപ്പല്‍ക്കൂട്ടമാണിത്. വെനിസ്വേലയില്‍ നടത്തിയതിനേക്കാള്‍ വലിക ആക്രമണത്തിന് അത് തയ്യാറാണ്. ആവശ്യമെങ്കില്‍ വേഗതയും അക്രമവും ഉപയോഗിച്ച് അതിന്റെ ദൗത്യം വേഗത്തില്‍ നിറവേറ്റാന്‍ കഴിവുള്ളവനുമാണ്' എന്നും ട്രംപ് കുറിച്ചു.
ഇറാനെതിരെ മിന്നല്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക നടപടികള്‍ അമേരിക്ക പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൈനിക ശക്തി ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണെന്നുമാണ് ട്രംപ് ഇറാനെ ഓര്‍മിപ്പിച്ചത്. അതേസമയം, ഏതെങ്കിലും തരത്തിലുള്ള ആക്രമണം യു.എസിന്റെ ഭാഗത്തുനിന്നുണ്ടായാല്‍, മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങളും വിമാനവാഹിനിക്കപ്പലുകളും നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്കന്‍ കപ്പലുകള്‍ക്ക് ഗുരുതര സുരക്ഷാ പിഴവുകളുണ്ടെന്നും തങ്ങളുടെ മിസൈല്‍ പരിധിയിലാണ് അവയെന്നും ഇറാന്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അക്രമീനിയ പറഞ്ഞിരുന്നു.
അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ ഖത്തര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. തുര്‍ക്കിയും മധ്യസ്ഥതക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെ, റഷ്യ തങ്ങളുടെ ഉദ്യോഗസ്ഥരെ ഇറാന്റെ ബുഷെര്‍ ആണവനിലയത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. യു.എസ് - ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ മിഡില്‍ ഈസ്റ്റില്‍ വീണ്ടുമൊരു യുദ്ധത്തിന്റെ നിഴല്‍ വീണിരിക്കുകയാണ്.
tensions escalated in west asia after iran deployed drones and the united states positioned warships in the region, once again raising fears of a wider military conflict.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."