വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകിയതിനെതിരെ പരാതിപ്രവാഹം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോർട്ട് തേടി രാഷ്ട്രപതി
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള തീരുമാനത്തിനെതിരായ പരാതികളിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെട്ടു. പരാതി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ രാഷ്ട്രപതിയുടെ ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി. ഇതുസംബന്ധിച്ച അറിയിപ്പ് പരാതിക്കാരായ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിക്ക് ലഭിച്ചു.
ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾക്ക് രാജ്യം ആദരം നൽകുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്യാമ്പയിൻ കമ്മിറ്റി രാഷ്ട്രപതിക്ക് നിവേദനം നൽകിയത്. മുൻപ് പത്മ പുരസ്‌കാരങ്ങളെ പരസ്യമായി അധിക്ഷേപിച്ച വ്യക്തിക്ക് അത്തരമൊരു ഉന്നത ബഹുമതി നൽകുന്നത് പുനഃപരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
വെള്ളാപ്പള്ളിക്ക് പുരസ്‌കാരം നൽകുന്നതിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയെ കൂടാതെ എസ്എൻഡിപി സംരക്ഷണ സമിതിയും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി 21-ഓളം ക്രിമിനൽ കേസുകളിൽ വെള്ളാപ്പള്ളി പ്രതിയാണ് എന്നും പത്മവിഭൂഷൺ ജേതാവ് കൂടിയായ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ വെള്ളാപ്പള്ളിയും പ്രതിപ്പട്ടികയിലുണ്ട്. കൂടാതെ തട്ടിപ്പ് കേസുകളിൽ പ്രതിയായ ഒരാൾക്ക് പുരസ്‌കാരം നൽകുന്നത് നിയമവിരുദ്ധമാണെന്നും, ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും സംരക്ഷണ സമിതി വ്യക്തമാക്കി.
രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചാണ് വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പ്രഖ്യാപിച്ചത്. പൊതുരംഗത്തെ പ്രവർത്തനങ്ങൾ മുൻനിർത്തിയായിരുന്നു പുരസ്‌കാരം. കേരളത്തിൽ നിന്ന് നടൻ മമ്മൂട്ടിയും ഇത്തവണ പത്മഭൂഷണ് അർഹനായിരുന്നു.
വി.എസ്. അച്യുതാനന്ദൻ (മരണാനന്തര ബഹുമതി), ജസ്റ്റിസ് കെ.ടി. തോമസ്, എൻ. നാരായണൻ എന്നിവർക്ക് പത്മവിഭൂഷൺ ലഭിച്ച വർഷം തന്നെ വെള്ളാപ്പള്ളിക്ക് പുരസ്‌കാരം നൽകാനുള്ള തീരുമാനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.
Several organizations and whistleblowers have petitioned the President of India to withdraw the Padma Bhushan awarded to SNDP Yogam General Secretary Vellappally Natesan. Following the volume of complaints, the President's office has reportedly sought a detailed report from the Ministry of Home Affairs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."