മട്ടന് പകരം വിളമ്പിയത് ബീഫ്; യൂട്യൂബറുടെ പരാതിയിൽ പ്രശസ്ത റെസ്റ്റോറന്റ് ജീവനക്കാരനെ പൊലിസ് അറസ്റ്റ് ചെയ്തു
കൊൽക്കത്ത: മട്ടൻ സ്റ്റീക്കിന് പകരം ബീഫ് വിളമ്പിയെന്ന യൂട്യൂബറുടെ പരാതിയിൽ കൊൽക്കത്തയിലെ പ്രശസ്തമായ റെസ്റ്റോറന്റ് ജീവനക്കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത പാർക്ക് സ്ട്രീറ്റിലെ 'ഒളിപബ്' (Olypub) ബാർ ആൻഡ് റെസ്റ്റോറന്റിലാണ് സംഭവം നടന്നത്. നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സായക് ചക്രവർത്തി എന്നയാൾ നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സായക് ചക്രവർത്തിയും രണ്ട് സുഹൃത്തുക്കളും റെസ്റ്റോറന്റിലെത്തിയത്. ഇവർ മട്ടൻ സ്റ്റീക്ക് ഓർഡർ ചെയ്തു. ആദ്യം വിളമ്പിയ വിഭവം മട്ടൻ ആണെന്ന കരുതി ഇവർ പൂർണ്ണമായും കഴിച്ചു. എന്നാൽ രണ്ടാമത്തെ വിഭവം എത്തിയപ്പോഴാണ് രുചി വ്യത്യാസം ശ്രദ്ധയിൽപ്പെട്ടതെന്നും, ആദ്യം കഴിച്ചത് ബീഫാണെന്ന് തിരിച്ചറിഞ്ഞതെന്നും സായക് പറയുന്നു.
ഞാൻ ഒരു ബ്രാഹ്മണനാണെന്ന് നിങ്ങൾക്കറിയാമോ? മട്ടൻ ചോദിച്ച എനിക്ക് നിങ്ങൾ ബീഫ് വിളമ്പിയത് എന്തിനാണ്? എന്ന് റെസ്റ്റോറന്റ് ജീവനക്കാരോട് ചോദിച്ച്കൊണ്ട് സായക് തർക്കിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തിന് പിന്നാലെ സായക് പാർക്ക് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് റെസ്റ്റോറന്റിലെത്തിയ പൊലിസ് ഒരു ജീവനക്കാരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇത് കേവലം ഒരു ആശയവിനിമയ പിഴവാണോ അതോ മനഃപൂർവ്വം ചെയ്തതാണോ എന്ന് പരിശോധിച്ചു വരികയാണെന്ന് പൊലിസ് അറിയിച്ചു. സ്ഥാപനത്തിലെ മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്യും.
സായക് ചക്രവർത്തി ആദ്യം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ വീഡിയോ പങ്കുവെച്ചെങ്കിലും പിന്നീട് അത് നീക്കം ചെയ്തിരുന്നു. എന്നാൽ ബിജെപി നേതാവ് തരുൺജ്യോതി തിവാരി ഈ വീഡിയോ പങ്കുവെച്ചതോടെ സംഭവം രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചു. റെസ്റ്റോറന്റിനെതിരെ ബിജെപി കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Kolkata: Waiter Arrested for Serving Beef Instead of Mutton to YouTuber A staff member of the famous Olypub restaurant on Park Street, Kolkata, was arrested after Bengali actor and YouTuber Sayak Chakraborty alleged he was served beef instead of the mutton steak he had ordered.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."