കേരളത്തിൽ നിന്നും മോഷണം പോയ 40 മൊബൈൽ ഫോണുകൾ തമിഴ്നാട്ടിലും ആന്ധ്രയിലും; ഉടമകൾക്ക് തിരികെ നൽകി പൊലിസ്
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ നിന്നും മോഷണം പോയതും നഷ്ടപ്പെട്ടതുമായ ലക്ഷങ്ങൾ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ ഉടമസ്ഥർക്ക് തിരികെ ലഭിച്ചു. തിരുവനന്തപുരം സിറ്റിയിലെ ഫോർട്ട് പൊലിസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കഴിഞ്ഞ മൂന്ന് മാസത്തിനിടെ കാണാതായ 40 ഫോണുകളാണ് പൊലിസ് സംഘം വിവിധ സംസ്ഥാനങ്ങളിൽ നിന്നായി വീണ്ടെടുത്തത്.
തിരുവനന്തപുരം ഈസ്റ്റ് ഫോർട്ട്, പഴവങ്ങാടി, ചാല എന്നീ തിരക്കേറിയ ഭാഗങ്ങളിൽ നിന്നാണ് ഭൂരിഭാഗം ഫോണുകളും നഷ്ടപ്പെട്ടത്. അന്വേഷണത്തിൽ കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ഫോണുകൾ കണ്ടെത്തി. ഐഫോൺ, ഗൂഗിൾ പിക്സൽ തുടങ്ങി ഏകദേശം 15 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്മാർട്ട് ഫോണുകളാണ് കണ്ടെടുത്തവയിൽ ഭൂരിഭാഗവും.
സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നു പൊലിസിന്റെ നീക്കം. കേന്ദ്ര സർക്കാരിന്റെ CEIR (Central Equipment Identity Register) പോർട്ടലിൽ രജിസ്റ്റർ ചെയ്ത പരാതികളുടെ അടിസ്ഥാനത്തിൽ ഐ.എം.ഇ.ഐ (IMEI) നമ്പറുകളും ലൊക്കേഷനും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മോഷണം പോയ ഫോണുകളിൽ പുതിയ സിം കാർഡുകൾ ഇട്ടതോടെ പൊലിസിന് വിവരം ലഭിച്ചു. തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും കടകളിൽ വിൽപന നടത്തിയ ഫോണുകൾ പൊലിസ് നേരിട്ടെത്തിയും കൊറിയർ വഴിയും സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കണ്ടെത്തിയവയിൽ പകുതിയോളം നേരിട്ട് മോഷ്ടിക്കപ്പെട്ടവയാണെന്ന് പൊലിസ് സ്ഥിരീകരിച്ചു.
ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ബിനുകുമാർ, ഇൻസ്പെക്ടർ എസ്.ബി. പ്രവീൺ, എസ്‌സിപിഒ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഈ ദൗത്യം പൂർത്തിയാക്കിയത്. ഫോർട്ട് പൊലിസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സിറ്റി പൊലിസ് കമ്മീഷണർ കാർത്തിക് ഐ.പി.എസ് ഉടമകൾക്ക് ഫോണുകൾ കൈമാറി. മോഷണത്തിന് പിന്നിലുള്ള സംഘത്തെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലിസ് അറിയിച്ചു.
നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ ചെയ്യേണ്ടത്: ഫോൺ നഷ്ടമായാൽ ഉടൻ തന്നെ കെ.എൽ പൊലിസ് ആപ്പ് വഴിയോ അടുത്തുള്ള സ്റ്റേഷനിലോ പരാതി നൽകുകയും ceir.gov.in പോർട്ടലിൽ വിവരം രജിസ്റ്റർ ചെയ്യുകയും വേണം. ഇത് ഫോൺ ദുരുപയോഗം ചെയ്യുന്നത് തടയാനും വേഗത്തിൽ കണ്ടെത്താനും സഹായിക്കും.
The Thiruvananthapuram Fort Police successfully recovered 40 stolen mobile phones worth approximately ₹15 lakh and returned them to their rightful owners. The devices, which went missing over the last three months from areas like East Fort and Chalai, were tracked to Tamil Nadu and Andhra Pradesh.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."