മേപ്പാടിയില്‍ പൊലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു: യു.ഡി.എഫ്
കല്‍പ്പറ്റ: മേപ്പാടിയില്‍ പൊലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് യു.ഡി.എഫ് ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മേപ്പാടിയില്‍ വ്യാഴാഴ്ച നടന്ന പോളിടെക്‌നിക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കെ.എസ്.യു- എം.എസ്.എഫ് സംഘടനകളുടെ കൊടിമരവും പതാകയും നശിപ്പിക്കുകയും കെ.എസ്.യു ജില്ലാ പ്രസിഡന്റും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗവുമായ ജഷീര്‍ പള്ളിവയലിനെ ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലിസിന്റെ ഒത്താശയോടെ കൊല്ലാനുള്ള ഉദ്ദേശത്തോടെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
തലയില്‍ മാരകമായി പരുക്കേറ്റ് ജഷീര്‍ ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുകയാണ്. അക്രമികളുടെ പേരുവിവരങ്ങള്‍ നല്‍കിയിട്ടും കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരുന്നു. എന്നാല്‍ പ്രകോപനം സൃഷ്ടിക്കാനായി മേപ്പാടി പഞ്ചായത്ത് ഭരണസമിതി പഞ്ചായത്ത് ഓഫിസ് തുറന്നുപ്രവര്‍ത്തിക്കുകയും ഇത് ചോദ്യം ചെയ്ത യു.ഡി.എഫ് ഉന്നത നേതാക്കളുള്‍പ്പെടെ നിരപരാധികളായ നിരവധി പേര്‍ക്കെതിരേ സി.പി.എമ്മിന്റെ നിര്‍ദേശപ്രകാരം കേസെടുക്കുകയാണ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി നിരപരാധികളുടെ വീടുകളില്‍ പൊലിസ് അതിക്രമിച്ചുകയറി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേ ഭീഷണി ഉയര്‍ത്തുകയാണ് ചെയ്തത്. ബലിപ്പെരുന്നാളും തിരുവോണവുമടക്കമുള്ള ആഘോഷവേളകളില്‍ അശാന്തി സൃഷ്ടിക്കാനുള്ള നീക്കം എന്തുവില കൊടുത്തും ചെറുക്കുമെന്നും യു.ഡി.എഫ് ജില്ലാനേതാക്കള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ്, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ്ഹാജി, വി.എ മജീദ്, പി.പി ആലി, റസാഖ് കല്‍പ്പറ്റ, യു.എ ഖാദര്‍, യഹ്‌യാഖാന്‍ തലക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."