കാത്തിരുന്ന ദിവസമെത്തി! ഐഎസ്എല്ലിന് ഇന്ന് കൊടിയേറ്റം; കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിൽ
കൊൽക്കത്ത: ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ പുതിയ സീസണ് ഇന്ന് തുടക്കമാകും. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മോഹൻ ബഗാനും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് സീസൺ തുടങ്ങുന്നത്. വൈകിട്ട് അഞ്ചു മണിക്കാണ് മത്സരം. ആദ്യ ദിനമായ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കുന്നുണ്ട്. രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ എഫ്.സി ഗോവയും ഇന്റർ കാശിയും തമ്മിലാണ് കൊമ്പുകോർക്കുന്നത്.
കൊൽക്കത്ത, ഗോവ, കൊച്ചി തുടങ്ങിയ പ്രധാന വേദികളിൽ കൂടുതൽ മത്സരം വെച്ച് സീസൺ പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം. ലീഗിന്റെ സംഘാടകരായ ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ) എ.ഐ എഫ്.എഫും തമ്മിലുള്ള കരാർ അവസാനിച്ചതോടെയായിരുന്നു ഐ.എസ്.എല്ലിന്റെ ഭാവി അനിശ്ചിതത്വത്തിലായത്. തുടർന്ന് പല തവണ ചർച്ചകൾ നടത്തിയെങ്കിലും ടൂർണമെന്റ് സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നു. ഇതിനെ തുടർന്ന് പല ക്ലബുകളും ഭാഗികമായി പ്രവർത്തനം നിർത്തി. പല ക്ലബുകളിലേയും താരങ്ങൾ നാട്ടിലേക്ക് മടങ്ങി. പ്രധാനപ്പെട്ട രണ്ട് വേദികളിൽ മത്സരം നടത്താനാണ് ഇപ്പോൾ തീരുമാനം. ഹോം എവേ ഫോർമാറ്റികൾ കളിച്ച് കൂടുതൽ പോയിന്റ് നേടുന്നവർ ജേതാക്കളാവുക എന്ന രീതിയിലാണ് പുതിയ സീസൺ ആരംഭിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു
പുതിയ സീസൺ ഐ.എസ്.എല്ലിനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടീം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസമായിരുന്നു അധികൃതർ ടീം പ്രഖ്യാപനം നടത്തിയത്. പരിചയസമ്പന്നരായ താരങ്ങളും വളർന്നുവരുന്ന ഇന്ത്യൻ പ്രതിഭകളും പുതിയ വിദേശ സൈനിംഗുകളും ഉൾപ്പെടുന്നതാണ് ടീം. ഓരോ പൊസിഷനിലും മികച്ച പോരാട്ടം ഉറപ്പാക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് ടീമിൽ വരുത്തിയിട്ടുള്ളത്. മുഖ്യ പരിശീലകൻ ഡേവിഡ് കറ്റാലയുടെ കീഴിൽ ഒരേ ലക്ഷ്യത്തോടെ മുന്നേറാൻ ശേഷിയുള്ള ഒരു സംഘത്തെയാണ് ക്ലബ്ബ് അണിനിരത്തുന്നത്. സച്ചിൻ സുരേഷും അർഷ് ഷെയ്ഖും നയിക്കുന്ന ഗോൾകീപ്പിംഗ് വിഭാഗം ടീമിന് കരുത്താകുമ്പോൾ, പ്രതിരോധനിരയിൽ വിദേശ താരം ഉമർ ബാഹിന്റെ അനുഭവസമ്പത്തും ഇന്ത്യയുടെ അണ്ടർ 23 ക്യാപ്റ്റൻ ബികാഷ് യുംനാമിന്റെ നേതൃപാടവവും ടീമിന് ആത്മവിശ്വാസം നൽകുന്നു. മധ്യനിരയിൽ കളി നിയന്ത്രിക്കാനും ടീമിനെ ഒത്തിണക്കത്തോടെ മുന്നോട്ട് കൊണ്ടുപോകാനും മർലോൺ റൂസ്, വിബിൻ മോഹനൻ എന്നിവർക്ക് പ്രധാന ചുമതലയുണ്ട്. മുന്നേറ്റനിരയിൽ വിക്ടർ ബെർട്ടോമിയുവും കെവിൻ യോക്കും എത്തുന്നതോടെ സാഹചര്യങ്ങൾക്കനുസരിച്ച് തന്ത്രങ്ങൾ മാറ്റാൻ പരിശീലകർക്ക് കൂടുതൽ ഓപ്ഷനുകൾ ലഭിക്കും.നിലവിലെ ഇന്ത്യൻ ഫുട്‌ബോൾ സാഹചര്യങ്ങളിൽ മികച്ച പോരാട്ടം കാഴ്ചവെക്കുന്നതോടൊപ്പം, താരങ്ങളുടെ വളർച്ചയ്ക്കും ടീമിനുള്ളിലെ ഒത്തൊരുമയ്ക്കും മുൻഗണന നൽകിയാണ് സ്‌ക്വാഡ് തയ്യാറാക്കിയിരിക്കുന്നത്.
കരുത്തുകാട്ടാൻ മോഹൻ ബഗാൻ
സ്വന്തം തട്ടകത്തിൽ നടക്കുന്ന പോരാട്ടത്തിൽ ജയിച്ചു കയറാൻ വേണ്ടിയാണ് മോഹൻ ബഗാൻ കളത്തിലിറങ്ങുന്നത്. അവസാന സീസണിൽ കളിച്ച പല താരങ്ങളും ടീം വിട്ടെങ്കിലും പുതിയ സീസണിലേക്കായി മികച്ച താരങ്ങളെ എത്തിച്ചിട്ടുണ്ട്. ഇന്ന് സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരത്തിൽ ജയിച്ചു കയറുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ടീം എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."