പൊലിസുകാരനെ മർദിച്ച സംഭവം; സേനയിൽ അമർഷം പുകയുന്നു; കേസെടുത്തതിൽ ആഭ്യന്തരവകുപ്പിനെതിരേ വിമർശനം
കോഴിക്കോട്: പുതുവത്സരാഘോഷ വേളയിലെ തർക്കത്തിന്റെ പേരിൽ തിരുവനന്തപുരത്തെ മാളിൽ കുടുംബത്തോടൊപ്പമെത്തിയ പൊലിസുകാരനെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ സേനയ്ക്കുള്ളിൽ പ്രതിഷേധം ശക്തം. മർദനമേറ്റ പൊലിസുകാരനെ സംരക്ഷിക്കുന്നതിന് പകരം ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത് പൊലിസുകാരുടെ ആത്മവീര്യം കെടുത്തുന്ന നടപടിയെന്ന് സേനാംഗങ്ങൾ വ്യക്തമാക്കി. പൊലിസുകാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റു സമൂഹമാധ്യമങ്ങളിലും ഇതിനെതിരേ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഡ്യൂട്ടിക്കിടയിലുള്ള സംഭവങ്ങളുടെ പേരിൽ പകവീട്ടുന്ന സമീപനം സമൂഹത്തിൽ തെറ്റായ സന്ദേശത്തിനിടവരുത്തുമെന്ന അഭിപ്രായമാണുയരുന്നത്. സമൂഹമാധ്യമങ്ങളിലുൾപ്പെടെ പൊലിസുകാരനെ ആക്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ചകളും നടക്കുന്നു. ഇത്തരത്തിലുള്ള ചർച്ചകൾ തുടരുന്നത് പൊലിസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് പറയുന്നത്.
അതേസമയം, മർദനമേറ്റ പൊലിസുകാരൻ സർക്കാരിന്റെ നഷ്ടപരിഹാരത്തിന് അർഹനായിട്ടും അർഹിക്കുന്ന പരിഗണനപോലും ലഭിച്ചിട്ടില്ലെന്നും ആരോപണമുയരുന്നുണ്ട്. പൊലിസ് ആക്ട് പ്രകാരം മർദനമേറ്റ പൊലിസുകാരന് ഇൻഷൂറൻസ് പരിരക്ഷയ്ക്കും നഷ്ടപരിഹാരത്തിനും അർഹതയുണ്ട്.
പൊലിസുദ്യോഗസ്ഥർക്ക് അവരുടെ ജോലിക്കിടയിലോ കൃത്യനിർവഹണത്തിനിടയിലെ വിരോധം കാരണമുണ്ടായ ആക്രമണത്തിലോ സംഭവിക്കുന്ന പരുക്ക്, അംഗഭംഗം, മരണം എന്നിവയ്ക്ക് മതിയായ ഇൻഷൂറൻസ് പരിരക്ഷ സർക്കാർ നൽകേണ്ടതാണെന്നാണ് ആക്ടിൽ പരാമർശിച്ചിട്ടുള്ളത്. നഷ്ടപരിഹാരം വൈദ്യസഹായത്തിനുള്ള ചെലവുകൾക്ക് പുറമെ നൽകണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ, ഇക്കാര്യം പോലും പരിഗണിക്കാതെ നടപടി സ്വീകരിച്ചതിൽ ആഭ്യന്തരവകുപ്പിനെതിരേയും ആരോപണമുയരുന്നുണ്ട്.
അതിനിടെ, പൊലിസ് അസോസിയേഷന്റെ നിലവിലെ നേതൃത്വത്തിനെതിരേ മുൻ സംസ്ഥാന സെക്രട്ടറി ജി.ആർ അജിത് രംഗത്തെത്തി. പൊലിസ് അസോസിയേഷൻ സംഘടനാ നേതാക്കളെല്ലാം തൊട്ടടുത്തുണ്ടായിരുന്നിട്ടും ഉടൻ ഇടപെടാൻ പോലും തയാറായില്ലെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കി.
സംഭവം നടന്ന് 18 മണിക്കൂറുകൾക്ക് ശേഷം കേവലം ഒരു പ്രസ്താവന ഇറക്കിയതിലൂടെ സംഘടനയുടെ പ്രതികരണവും ഇടപെടലും അവസാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. എ.ആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ മിഥുൻ റോയിയെയാണ് തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചത്. പുതുവത്സരാഘോഷത്തിനിടയിൽ ശംഖുമുഖത്തുണ്ടായ തർക്കമാണ് മാളിലെ സംഘർഷത്തിൽ കലാശിച്ചത്. സഹോദരിക്കൊപ്പമാണ് മിഥുൻ മാളിൽ എത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."