കെ.പി.സി.സി നേതൃയോഗം ഇന്ന്; തിരുവനന്തപുരത്ത് സ്ഥാനാർഥികളെ ഉറപ്പിക്കാൻ കൊച്ചിയിൽ അനൗപചാരിക ചർച്ച നടത്തി നേതാക്കൾ
തിരുവനന്തപുരം/ കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിനായി കെ.പി.സി.സി നേതൃയോഗം ഇന്ന് ഇന്ദിരാഭവനിൽ ചേരും. ഇന്നലെ തിരുവനന്തപുരത്ത് നടക്കേണ്ടിയിരുന്ന യോഗം നേതാക്കളുടെ അസൗകര്യം മൂലം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. യോഗം മാറ്റിയെങ്കിലും ഇന്നലെ നേതാക്കൾ കൊച്ചിയിലെത്തി വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് അനൗപചാരിക ചർച്ചകൾ നടത്തി. സിറ്റിങ് എം.എൽ.എമാരിൽ 20 പേർ മത്സരിക്കുമെന്ന കാര്യത്തിൽ നേരത്തെ ധാരണയായിട്ടുണ്ട്. തൃപ്പൂണിത്തുറ, പാലക്കാട് മണ്ഡലങ്ങളിൽ ആരെ പരിഗണിക്കണമെന്നതും ചർച്ചയായി. സിനിമ, സാഹിത്യം, സാംസ്‌കാരിക രംഗത്തെ ചില പ്രമുഖരെ മുന്നണിയിൽ എത്തിക്കുന്ന കാര്യം ചർച്ചയായി.
ചിലർ പൊതു സ്ഥാനാർഥികളായി രംഗത്തെത്താൻ സാധ്യതയുണ്ട്. മറ്റ് മണ്ഡലങ്ങളിലെ പേരുകൾ ഇന്ന് യോഗത്തിൽ കെ.പി.സി.സി അധ്യക്ഷൻ അറിയിക്കും. ചർച്ചകൾക്ക് ശേഷം സ്ക്രീനിങ് കമ്മിറ്റിയെ പേരുവിവരം അറിയിക്കും. പിന്നാലെ പേരുകൾ ഹൈക്കമാൻഡ് അംഗീകരിച്ചാണ് പ്രഖ്യാപിക്കുക.
പുതുയുഗ യാത്രയ്ക്ക് അവധിയായിരുന്നതിനാൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ള നേതാക്കൾ കൊച്ചിയിലുണ്ടായിരുന്നു. എറണാകുളം റസ്റ്റ് ഹൗസിൽ വച്ചാണ് ചർച്ച നടത്തിയത്. കെ.സി വേണുഗോപാൽ, ദീപാദാസ് മുൻഷി, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, അടൂർ പ്രകാശ് തുടങ്ങിയ നേതാക്കളാണ് ചർച്ചയിൽ പങ്കെടുത്തത്. ഇടതുമുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിൽ നിലനിൽക്കുന്ന ഭിന്നിപ്പ് യു.ഡി.എഫ് നേതാക്കൾ ഗൗരവത്തോടെയാണ് കാണുന്നത്.
ജോസ് കെ. മാണി മുന്നണിമാറാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്ന് നേതാക്കൾ വിലയിരുത്തി. സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും യു.ഡി.എഫ് നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം നടക്കുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. കേരള കോൺഗ്രസിനെ കൂടി പരിഗണിച്ചായിരിക്കും സീറ്റ് വിഭജന ചർച്ചകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."