ബലിമൃഗ കയറ്റുമതി: സൊമാലിയക്ക് ഹജ്ജ് സീസണ്‍ അനുഗ്രഹമാകുന്നു
മൊഗാദിശു: പട്ടിണിയും സംഘര്‍ഷവും നിറഞ്ഞ സൊമാലിയയ്ക്ക് ഹജ്ജ് സീസണ്‍ അനുഗ്രഹമാണ്. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാസംഗമം കഴിഞ്ഞതോടെ ഹാജിമാര്‍ക്ക് ബലിയറുക്കാനുള്ള മൃഗങ്ങളുടെ കയറ്റുമതിയാണ് സൊമാലിയക്കാര്‍ക്ക് അനുഗ്രഹമാകുന്നത്. ബലിയറുത്ത മൃഗങ്ങളുടെ മാംസം സംസ്‌കരിച്ച് സഊദി ഭരണകൂടം സൊമാലിയയിലെ പട്ടിണി പ്രദേശങ്ങളില്‍ വിതരണം നടത്തുകയും ചെയ്യുന്നു.
15 ലക്ഷത്തിലേറെ ബലിമൃഗങ്ങളെയാണ് മക്കയിലെത്തിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നാണ് ഇവയെ കൊണ്ടുവന്നത്. ഇതില്‍ ഭൂരിഭാഗവും സൊമാലിയയിലെ സൊമാലിലാന്റ് എന്ന പ്രദേശത്തുനിന്നാണ്. ദയനീയാവസ്ഥയിലുള്ള സൊമാലിയയുടെ സാമ്പത്തിക രംഗത്തിനു ആശ്വാസമാണ് ബലി മൃഗങ്ങളുടെ കയറ്റുമതി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 5.3 ദശലക്ഷം ബലിമൃഗങ്ങളെ കയറ്റുമതി നടത്തിയെന്നാണ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടെ ഏറ്റവും കൂടിയ നിരക്കാണിത്. കയറ്റുമതി നടത്തിയവയില്‍ മൂന്നില്‍ രണ്ടും ആടുകളാണ്. രണ്ടാം സ്ഥാനത്ത് ഒട്ടകമാണ്.
സൊമാലിലാന്റിലെ 80 ശതമാനം ജനങ്ങളും ആട്, ഒട്ടകം എന്നീ മൃഗങ്ങളെ വളര്‍ത്തി ജീവിക്കുന്നവരാണ്. ചെങ്കടലില്‍ ബെര്‍ബറ നഗരത്തിലുള്ള തുറമുഖത്തിലൂടെയാണ് മൃഗങ്ങളെ കപ്പല്‍വഴി സഊദിയിലേക്ക് കയറ്റുന്നത്. സീസണ്‍ അടുത്താല്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ബെര്‍ബറ നഗരത്തിലേക്ക് മൃഗങ്ങളെ എത്തിക്കും.
വടക്കന്‍ സൊമാലിയയില്‍ സ്ഥിതി ചെയ്യുന്ന സൊമാലിയലാന്റ് 1991 ല്‍ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിട്ടില്ല. ലോകത്തെ ഏറ്റവും കുറഞ്ഞ ജി.ഡി.പി രാജ്യങ്ങളിലൊന്നാണിത്. ഇവിടുത്തെ തൊഴിലില്ലായ്മ 70 ശതമാനമാണ്. സൊമാലിയലാന്റിന്റെ സാമ്പത്തിക നട്ടെല്ലു തന്നെ മൃഗ വ്യാപാരമാണ്. കയറ്റുമതിയുടെ 80 ശതമാനവും ആട്, ഒട്ടകം എന്നിവയാണ്.
കഴിഞ്ഞവര്‍ഷം സൊമാലിയലാന്റ്, പുന്‍ട്‌ലാന്റ്, സൗത്ത് സെന്‍ട്രല്‍ എന്നീ സൊമാലിയന്‍ പ്രദേശങ്ങളില്‍ നിന്നായി 53 ലക്ഷം മൃഗങ്ങളെയാണ് കയറ്റി അയച്ചത്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആറു ശതമാനം വര്‍ധനയുണ്ടായിരുന്നതായി യു.എന്‍ ഭക്ഷ്യ കാര്‍ഷിക വകുപ്പ് കണക്കാക്കിയിരുന്നു.
ബെര്‍ബറ, അയല്‍തുറമുഖങ്ങളായ ജിബൂത്തി, ബൊസാകൊ എന്നിവയാണ് ലോകത്തു തന്നെ മൃഗ വ്യാപാരത്തില്‍ ഒന്നാമത് നില്‍ക്കുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ ബെര്‍ബറ തുറമുഖം ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡി.പി വേള്‍ഡ് എന്ന കമ്പനി ലേലത്തിനെടുത്തിരുന്നു. 30 വര്‍ഷത്തെ പ്രവര്‍ത്തനത്തിനായി 442 ദശലക്ഷം ഡോളറാണ് കമ്പനി നല്‍കിയത്. ഒരു കപ്പലില്‍ 65,000 ആടുകളെയും ചെമ്മരിയാടുകളെയും കയറ്റി അയക്കാമെന്ന് ഇവിടത്തുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."