ഭിന്നശേഷിക്കാരനായ മലയാളിയോട് കൊച്ചി വിമാനത്താവളത്തില്‍ മോശമായി പെരുമാറിയത് സി.ഐ.എസ്.എഫ് അന്വേഷിക്കും
ന്യൂഡല്‍ഹി: കൊച്ചി വിമാനത്താവളത്തില്‍ ശാരീരിക പരിമിതിയുള്ള മലയാളി അധ്യാപകനെ സുരക്ഷാ പരിശോധനയുടെ പേരില്‍ ബുദ്ധിമിട്ടിച്ച വിഷയത്തില്‍ സി.ഐ.എസ്.എഫ് അന്വേഷണം നടത്തും. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് സംഭവം. ഡല്‍ഹി സര്‍വകലാശാലയിലെ മലയാളി അധ്യാപകന്‍ ജസ്റ്റിന്‍ മാത്യുവിനാണു ദുരനുഭവമുണ്ടായത്. ഡല്‍ഹി ഹന്‍സ്രാജ് കോളജിലെ ചരിത്ര വിഭാഗം അധ്യാപകനാണു ഇടുക്കി സ്വദേശിയായ ജസ്റ്റിന്‍. ശാരീരിക പരിമിതിയുള്ളവരെ സുരക്ഷാ പരിശോധനയുടെ പേരില്‍ ബുദ്ധിമുട്ടിക്കരുതെന്നു കോടതികളുടെ ഉള്‍പ്പെടെ പ്രത്യേക നിര്‍ദേശമുള്ളതാണ്.
സംഭവം സി.ഐ.എസ.്എഫിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്കുശേഷം കാലില്‍ ലോഹ ദണ്ഡ് ഘടിപ്പിച്ചിട്ടുള്ള ജസ്റ്റിനോടു ഷൂസ് അഴിച്ചു മാറ്റി പരിശോധിച്ച ശേഷമേ കടത്തിവിടൂ എന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധം പിടിച്ചു. നിന്നു കൊണ്ട് ഷൂസ് അഴിച്ചുമാറ്റല്‍ പ്രയാസമായിരുന്നു. ഒടുവില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെത്തി പ്രത്യേക മുറിയില്‍ കൊണ്ടു പോയി ഷൂസ് അഴിച്ചു പരിശോധിച്ച ശേഷമാണു യാത്ര തുടരാന്‍ അനുവദിച്ചത്.
ശാരീരിക പരിമിതിയുള്ളവരെ സുരക്ഷ പരിശോധനയുടെ പേരില്‍ ബുദ്ധിമുട്ടിക്കരുതെന്നു നാഷനല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ദി റൈറ്റ്‌സ് ഓഫ് ഡിസേബിള്‍സ് 2013 മുതല്‍ ഉന്നയിക്കുന്നതാണ്. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ബോംബെ വിമാനത്താവളത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തക സുരാഞ്ജന ഘോഷിന് ഇതേ അനുഭവം ഉണ്ടായതിനെത്തുടര്‍ന്നാണു ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തത്.
'സുരക്ഷാ പരിശോധനയില്‍നിന്ന് ഒഴിവാക്കണമെന്നല്ല ആവശ്യം. മറിച്ച് ആധുനിക ഉപകരണങ്ങള്‍ സജ്ജീകരിച്ചു സമയ നഷ്ടമുണ്ടാകാതെ ശാരീരിക പരിമിതികളുള്ളവരുടെ ദേഹപരിശോധനയ്ക്കു സംവിധാനമൊരുക്കണം. ഭിന്നശേഷിക്കാരോടു മാന്യമായും സഹിഷ്ണുതയോടെയും പെരുമാറുന്നതിനു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പ്രത്യേക പരിശീലനവും നല്‍കണം' - നാഷനല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ദി റൈറ്റ്‌സ് ഓഫ് ഡിസേബിള്‍സ് ജനറല്‍ സെക്രട്ടറി മുരളീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."