മമ്മിയൂര്‍ ക്ഷേത്രത്തിന് സമീപം വീട്ടില്‍ മോഷണം
ഗുരുവായൂര്‍: മമ്മിയൂര്‍ ക്ഷേത്രത്തിന് സമീപം രാത്രി സമയത്ത് വീട്ടില്‍ മോഷണം. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടേയാണ് ഞാറക്കാട്ട് ശിവശങ്കരന്റെ വീട്ടില്‍ മോഷണം നടന്നത്. ഷോക്കേസില്‍ വെച്ചിരുന്ന ഒരുമാലയും, മോതിരവുമുള്പ്പടെ ഒന്‍പത് പവനാണ് മോഷണം പോയത്.
രാത്രി പന്ത്രണ്ടുമണിയോടെ കട പൂട്ടി വീട്ടിലെത്തിയ ശേഷം ഊരിവെച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. മുകളിലെ വരാന്തയില്‍ വാതിലില്ലാത്തതാണ് മോഷ്ടാവിന് അകത്തുകയറാന്‍ സൗകര്യമായത്. മുകളിലെ കിടപ്പു മുറിയിലാണ് ഗൃഹനാഥനും, കുട്ടികളും കിടന്നിരുന്നത്. അടിയിലെ മുറിയില്‍ ഭാര്യാപിതാവ് മാത്രമാണുണ്ടായിരുന്നത്. ചുവട്ടിലെ മറ്റൊരു മുറിയിലെ ഷോക്കേസിലായിരുന്നു ആഭരണങ്ങള്‍ ഊരിവെച്ചിരുന്നത്.
അകത്തുകടന്ന മോഷ്ടാവ് രക്ഷപ്പെടുന്നതിനായി തുടക്കത്തിലെ മുന്‍വാതില്‍ തുറന്നിട്ടിരുന്നു. ആഭരണങ്ങള്‍ മോഷ്ടിച്ച ശേഷം ഭാര്യാപിതാവ് കിടന്നിരുന്ന മുറിയിലെത്തിയ മോഷ്ടാവ് മുഖത്തേക്ക് ടോര്‍ച്ചടിച്ചപ്പോള്‍ ഉണര്‍ന്ന് ബഹളം വെച്ചനേരത്ത് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഇരുട്ടിന്റെ മറവില്‍ ഒരാള്‍ മാത്രം ഓടി പോകുന്നത് മാത്രമാണ് കണ്ടത്.
ഗുരുവായൂര്‍ അസി: പൊലിസ് കമ്മീഷണര്‍ പി.എ ശിവദാസന്‍, ഗുരുവായൂര്‍ ടെമ്പിള്‍ സിഐ എന്‍.രാജേഷ്കുമാര്‍, ടെമ്പിള്‍ എസ്.ഐ സുരേന്ദ്രന് മുല്ലശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ പൊലിസെത്തി പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ദ സംഗീതാ സത്യദേവന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ദരും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."