പ്രമാണിമാരോടും ഉന്നതന്മാരോടും ഒരു നീതി, സാധാരണ മനുഷ്യരോട് മറ്റൊരു നീതി: മുഖ്യമന്ത്രിക്കെതിരെ പ്രേംകുമാര്‍
തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് പിന്നാലെ നടന്‍ മമ്മൂട്ടി നേരിട്ട സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി പരസ്യമായി മാപ്പു പറഞ്ഞ വിഷയത്തില്‍ പ്രതികരണവുമായി പ്രേംകുമാര്‍. സംസ്ഥാന ചലച്ചിത്ര അക്കാദമി ചുമതലയില്‍ നിന്ന് അറിയിക്കാതെ മാറ്റിയതിലെ നീരസം വീണ്ടും പരസ്യമാക്കിയാണ് പ്രേംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'ആശാ സമരം പരിഹരിക്കണമെന്ന' നിര്‍ദോഷമായ മനുഷ്യപക്ഷ നിലപാടിന്റെ പേരില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒരു അറിയിപ്പും കൂടാതെ പുറത്താക്കിയതിന് പിന്നാലെ തനിക്കെതിരെ സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അരുതെന്ന് പറയാന്‍ മുഖ്യമന്ത്രിയോ മറ്റാരെങ്കിലുമോ തയ്യാറായില്ലെന്ന് പ്രേംകുമാര്‍ പറഞ്ഞു. പ്രമാണിമാരോടും ഉന്നതന്മാരോടും ഒരു നീതി, സാധാരണ മനുഷ്യരോട് മറ്റൊരു നീതിയാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
'മുഖ്യമന്ത്രി മാപ്പ് പറയുമ്പോള്‍'
മലയാളത്തിന്റെ മഹാനടന്‍ ചൂരല്‍മല സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ ഒപ്പം കൂടിയ നേതാവിനോട് തോന്നിയ നീരസം നാട്യം കൊണ്ട് മറയ്ക്കാതെ പരസ്യമായി പ്രകടിപ്പിച്ചു. വാര്‍ത്ത പുറംലോകം അറിഞ്ഞതോടെ ആ മഹാപ്രതിഭയെ മുന്‍പ് വാഴ്ത്തിയവര്‍ തന്നെ ഒരു നിമിഷം എല്ലാം മറന്ന് സൈബര്‍ ഇടങ്ങളില്‍ ആക്രമിച്ചു. എല്ലാ മനുഷ്യരെയും പോലെ സൈബര്‍ ആക്രമണത്തില്‍ മഹാനടന്റെ മനസ്സ് വേദനിച്ചു.
ആദരണീയനായ കേരളത്തിന്റെ മുഖ്യമന്ത്രി സൈബര്‍ പോരാളികളുടെ നീചമായ പ്രവര്‍ത്തികളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് അദ്ദേഹത്തോട് മാപ്പ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശാല മനസ്സിനെയും മാനവികബോധത്തെയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.
മുന്‍പ് പൊതുസമൂഹം ഒന്നടങ്കം പറയാന്‍ ആഗ്രഹിച്ച 'ആശാ സമരം പരിഹരിക്കണമെന്ന' നിര്‍ദോഷമായ മനുഷ്യപക്ഷ നിലപാടിന്റെ പേരില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒരു അറിയിപ്പും കൂടാതെ എന്നെ പുറത്താക്കിയത് 'മാധ്യമങ്ങളിലൂടെ അറിയേണ്ടിവന്ന ഗതികേട്' എന്റെ അഭിമാനത്തിന് ഏല്‍പ്പിച്ച ക്ഷതത്തെക്കുറിച്ച് പറഞ്ഞതിന് എനിക്ക് നേരെ സൈബര്‍ പോരാളികള്‍ നടത്തുന്ന സമാനതകളില്ലാത്ത സൈബര്‍ ആക്രമണം എല്ലാ അതിരുകളും ലംഘിച്ചുകൊണ്ട് ഇപ്പോഴും പൂര്‍വാധികം ശക്തിയോടെ തുടരുകയാണ്.
സംസ്‌കാരം ഉള്ള ആരുകേട്ടാലും അറയ്ക്കുന്ന തെറികളും മുറിപ്പെടുത്തുന്ന വാക്കുകളും ഉപയോഗിച്ച് തേജോവധം ചെയ്തും അവഹേളിച്ചും അപമാനിച്ചും ലോകത്തെ ഏറ്റവും മോശം മനുഷ്യനായി ചിത്രീകരിച്ചും എന്നെ മാത്രമല്ല, എന്റെ കുടുംബത്തെയും ഏറ്റവും മ്ലേച്ഛമായി അപഹസിച്ചിട്ടും ''അരുത്'' എന്ന ഒരു വാക്ക് പോലും ബഹുമാനപെട്ട അങ്ങയില്‍ നിന്ന് എന്നല്ല, ആരില്‍ നിന്നും കേട്ടില്ല.
കഴിഞ്ഞ 35 വര്‍ഷമായി പ്രസ്ഥാനത്തിന്റെ സഹയാത്രികനായി ഫാസിസത്തിനെതിരെയും വര്‍ഗീയതയ്ക്ക് എതിരെയും കൃത്യമായ രാഷ്ട്രീയം പറഞ്ഞും നിലപാടുകളില്‍ ഉറച്ച് നിന്നുമാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ സാംസ്‌കാരിക മന്ത്രി ഉള്‍പ്പടെ ഏവരും പ്രശംസിക്കുന്ന തരത്തില്‍ മികവുറ്റതാക്കി, ആത്മാര്‍ത്ഥതയോടെയും അര്‍പ്പണബോധത്തോടെയും സുതാര്യമായും പ്രവര്‍ത്തിച്ച എനിക്ക് നേരെ സൈബര്‍ ഇടങ്ങളില്‍ ഉണ്ടായ അതിക്രൂരമായ വ്യക്തിഹത്യ അങ്ങയെയും ഒപ്പമുള്ളവരെയും അല്പം പോലും ആസ്വസ്ഥമാക്കിയില്ല എന്നത് എന്നെ അങ്ങേയറ്റം അത്ഭുതപ്പെടുത്തുന്നു.
പ്രമാണിമാരോടും ഉന്നതന്മാരോടും ഒരു നീതി, സാധാരണ മനുഷ്യരോട് മറ്റൊരു നീതി - ആ ഇരട്ടനീതി തന്നെയാണ് സാഹിത്യ അക്കാദമി ചെയര്‍മാനോടും മഹാനടനോടും കാണിച്ച സമീപനവും, എന്നോട് കാണിക്കുന്ന സമീപനവും വ്യക്തമാക്കുന്നത്.
മഹാനടനുമായി എനിക്ക് ഒരു താരതമ്യവും ഇല്ലെന്നും ഞങ്ങള്‍ തമ്മില്‍ അജഗജാന്തരം ഉണ്ടെന്നും അറിയാം. എങ്കിലും മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു 'ചെറിയ നടന്‍' ആണ് ഞാനും.
തുല്യനീതി ഉറപ്പുള്ള നാട്ടില്‍ എന്നോടും മാപ്പ് പറയണമെന്ന് പറയാനുള്ള അഹങ്കാരം എനിക്കില്ല. പക്ഷേ 'ഈ പാവപ്പെട്ടവനെ ഇനി ഉപദ്രവിക്കരുതെന്ന്' ഒരു വാക്കെങ്കിലും ആ സൈബര്‍ പോരാളികളോട് ദയവായി അങ്ങ് പറയണം.
ചരിത്രം തുടങ്ങേണ്ടത് ഏറ്റവും അടിത്തട്ടില്‍ നിന്നാണെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പാവപ്പെട്ടവരുടെ ചരിത്രമാണ് യഥാര്‍ത്ഥ ചരിത്രമെന്നും പാവപ്പെട്ടവരെ കൂടി കരുതിക്കൊണ്ടാകണം എല്ലാ തീരുമാനങ്ങളെന്നും പറയുന്ന കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികത ഓര്‍ത്തുകൊണ്ട് -
സൈബര്‍ ഇടങ്ങളില്‍ മുഖം ഒളിപ്പിച്ച കൂലി എഴുത്തുകാരായ സൈബര്‍ പടയാളികളില്‍ നിന്ന് ആക്രമണം നേരിടുന്ന -
സത്യത്തിന്റെയും നീതിയുടെയും ശരിയുടെയും മനുഷ്യന്റെയും പക്ഷത്ത് നില്‍ക്കുന്ന -
തുല്യദുഖിതരായ എല്ലാ സഹോദരങ്ങളോടും ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട്,
സ്നേഹാദരവുകളോടെ,
- പ്രേംകുമാര്‍.
Actor and politician Premkumar criticized the Chief Minister, alleging that the government follows different standards of justice for influential people and ordinary citizens. He accused the administration of showing leniency towards powerful individuals while taking strict action against common people.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."