ദാഹജലത്തിനായി തലസ്ഥാനം തെരുവിൽ; വാട്ടർ അതോറിറ്റിക്കെതിരെ ജനരോഷം, കൈമലർത്തി തിരുവനന്തപുരം കോർപ്പറേഷൻ
തിരുവനന്തപുരം:തിരുവനന്തപുരത്ത് രണ്ടാഴ്ചയായി തുടരുന്ന കുടിവെള്ളക്ഷാമം അതിരൂക്ഷമാകുന്നു. അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ജനങ്ങൾ തെരുവിലിറങ്ങിയതോടെ തലസ്ഥാന നഗരി സമരവേദിയായി. പ്രശ്നപരിഹാരത്തിന് കോർപ്പറേഷൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് മേയർ വി.വി. രാജേഷ് വ്യക്തമാക്കിയെങ്കിലും വാട്ടർ അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾ ജനങ്ങളെ ദുരിതത്തിലാക്കുകയാണ്.
നഗരത്തിലെ വിവിധയിടങ്ങളിൽ രണ്ടാഴ്ചയായി കുടിവെള്ള വിതരണം തടസ്സപ്പെട്ടതോടെ വാട്ടർ അതോറിറ്റിക്കെതിരെ ജനകീയ പ്രതിഷേധം ഇരമ്പുന്നു. ശ്രീകാര്യം, ഉള്ളൂർ, ആക്കുളം മേഖലകളിൽ പൈപ്പ് ലൈൻ ചോർച്ചയെത്തുടർന്ന് ജലവിതരണം പൂർണ്ണമായും നിലച്ചതോടെയാണ് നാട്ടുകാർ സമരവുമായി രംഗത്തിറങ്ങിയത്. 14 ദിവസമായി വെള്ളമില്ലാതെ വലയുന്ന ആക്കുളം നിവാസികൾ വാട്ടർ അതോറിറ്റിയുടെ പോങ്ങുംമൂട് സബ് ഡിവിഷണൽ ഓഫീസിന് മുന്നിൽ ദേശീയപാത ഉപരോധിച്ചു.
റോഡിൽ കുളിച്ചും പൈപ്പ് സ്ഥാപിച്ചും പ്രതിഷേധം
കിടപ്പുരോഗികളും സ്കൂൾ കുട്ടികളുമടക്കം ദുരിതത്തിലായതോടെ വേറിട്ട പ്രതിഷേധ രീതികളാണ് നാട്ടുകാർ സ്വീകരിച്ചത്. റോഡിൽ പ്രതീകാത്മകമായി പൈപ്പും കുടവും സ്ഥാപിച്ചും, റോഡിലിരുന്ന് കുളിച്ചുമായിരുന്നു ജനങ്ങളുടെ പ്രതിഷേധം. ബിജെപി പ്രവർത്തകരും കൗൺസിലർമാരും സമരത്തിന് പിന്തുണയുമായെത്തി.
"പരീക്ഷാ സമയത്ത് കുട്ടികൾക്ക് കുളിക്കാനോ കുടിക്കാനോ വെള്ളമില്ല. ഫ്ലാറ്റുകളിൽ താമസിക്കുന്നവർ അയൽവീടുകളിലെ കിണറുകളെയാണ് ആശ്രയിക്കുന്നത്. അധികൃതർ എയർ ബ്ലോക്ക് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്," - പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.
വാട്ടർ അതോറിറ്റിക്കെതിരെ മേയർ വി.വി. രാജേഷ്
വിഷയത്തിൽ കോർപ്പറേഷന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും എന്നാൽ അന്തിമ നടപടി സ്വീകരിക്കേണ്ടത് വാട്ടർ അതോറിറ്റിയാണെന്നും മേയർ വി.വി. രാജേഷ് പ്രതികരിച്ചു.ടാങ്കർ ലോറികളിൽ കോർപ്പറേഷൻ സൗജന്യമായി വെള്ളമെത്തിക്കുന്നുണ്ട്.പലതവണ വാട്ടർ അതോറിറ്റിയെ വിവരം അറിയിച്ചിട്ടും 'നടപടിയുണ്ടാകും' എന്ന സ്ഥിരം മറുപടി മാത്രമാണ് ലഭിക്കുന്നത്.ടാങ്കറുകൾക്ക് കടന്നുചെല്ലാൻ കഴിയാത്ത ഇടുങ്ങിയ വഴികളിലുള്ളവരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്.
നാളെ രാത്രി വരെ ജലവിതരണം തടസ്സപ്പെടും; ജാഗ്രതാ നിർദ്ദേശം
പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇന്ന് രാത്രിയോടെ പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകി. എന്നാൽ, ഇതിനിടെ നഗരത്തിലെ മറ്റ് ഭാഗങ്ങളിലും ജലവിതരണം തടസ്സപ്പെടുമെന്ന പുതിയ അറിയിപ്പ് വാട്ടർ അതോറിറ്റി പുറപ്പെടുവിച്ചു. അരുവിക്കരയിലെ വൈദ്യുതി തടസ്സത്തെത്തുടർന്ന് തിരുമല, കരമന സെക്ഷനുകളിൽ ഇന്ന് രാത്രി 8 മുതൽ നാളെ രാത്രി 10 വരെ ജലവിതരണം ഉണ്ടാകില്ല.
ബാധിക്കപ്പെടുന്ന പ്രധാന പ്രദേശങ്ങൾ:
വട്ടിയൂർക്കാവ്, പി.ടി.പി നഗർ, പാങ്ങോട്, കാഞ്ഞിരംപാറ, നെട്ടയം, തിരുമല, പൂജപ്പുര, കരമന, കൈമനം, കിള്ളിപ്പാലം, പൂജപ്പുര, നീറമൺകര, നെടുംകാട്.നഗരവാസികൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."