മഞ്ചേശ്വരത്ത് ത്രികോണപ്പോരാട്ടം
കാസർകോട്: പ്രഖ്യാപനത്തിനും മുമ്പെ പ്രചാരണചൂട് കടുത്ത മണ്ഡലമാണ് മഞ്ചേശ്വരം. 'ഡീൽ' ആരോപണങ്ങൾ കൂടി ഉയർന്നതോടെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് കർണാടകയുമായി അതിർത്തി പങ്കിടുന്ന ഈ മണ്ഡലം. മതേതരത്വത്തിന് ഒപ്പമെന്ന മഞ്ചേശ്വരത്തിന്റെ വിധിയെഴുത്ത് രാഷ്ടീയചരിത്രത്തിന്റ ഭാഗം കൂടിയാണ്.
745 വോട്ടിന് യു.ഡി.എഫ് വിജയിച്ച മഞ്ചേശ്വരം മണ്ഡലത്തിലാണ് കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണപ്പോരാട്ടം നടന്നത്. ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ മഞ്ചേശ്വരത്ത് എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തായിരുന്നു. മുസ്‌ലിം ലീഗിലെ എ.കെ.എം അഷ്‌റഫ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്ന കെ. സുരേന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. സി.പി.എമ്മിലെ വി.വി രമേശനായിരുന്നു മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ തവണ മത്സരിക്കാതെ എസ്.ഡി.പി.ഐ പിന്തുണ യു.ഡി.എഫിനു നൽകുകയായിരുന്നു. എന്നാൽ ഇക്കുറി എസ്.ഡി.പി.ഐയും മത്സരരംഗത്തുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച കെ. സുന്ദരയെ കാണാതായതും പിന്നീട് സ്ഥാനാർഥിത്വം പിൻവലിച്ചതും ചർച്ചയായിരുന്നു. തന്റെ പേരിനോട് സാമ്യമുള്ള സുന്ദരയ്ക്ക് കോഴ നൽകി പത്രിക പിൻവലിക്കുകയായിരുന്നുവെന്ന പരാതിയിൽ പിന്നാലെ കെ. സുരേന്ദ്രനെതിരേ പൊലിസ് കേസ് ചുമത്തി.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു കെ. സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചിരുന്നത്. ബി.ജെ.പി സ്ഥാനാർഥിയായിരുന്ന കെ. സുരേന്ദ്രൻ 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 2016ലെ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ കള്ളവോട്ട് ആരോപിച്ച് ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ നിയമ പോരാട്ടാത്തിനിറങ്ങിയതോടെ മഞ്ചേശ്വരം മണ്ഡലം വീണ്ടും ശ്രദ്ധയാകർഷിച്ചു. 2018 ഒക്ടേബർ 20നു പി.ബി അബ്ദുൽറസാഖ് മരണപ്പെട്ടതോടെ സുരേന്ദ്രൻ ഹരജി പിൻവലിച്ചു. 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ് ലിംലീഗിലെ എം.സി ഖമറുദ്ദീൻ 7923 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
സിറ്റിങ് എം.എൽ.എ മുസ് ലിംലീഗിലെ എ.കെ.എം അഷ്‌റഫാണ് ഇക്കുറിയും യു.ഡി.എഫ് സ്ഥാനാർഥി. കെ. സുരേന്ദ്രൻ എൻ.ഡി.എ സ്ഥാനാർഥി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ആർ ജയാനന്ദയാണ് എൽ.ഡി.എഫിനായി പോരിനിറങ്ങിയത്. കെ.എം അഷ്‌റഫാണ എസ്.ഡി.പി.ഐ സ്ഥാനാർഥി. യു.ഡി.എഫ് വോട്ടുകളിൽ വിള്ളലുണ്ടാകാൻ ഈ സാമ്യതയും സ്ഥാനാർഥിത്വവും കാരണമാകുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
ആകെ വോട്ട്: 229181
സ്ത്രീ: 113757
പുരുഷൻ: 115424
ട്രാൻസ്ജൻഡർ: പൂജ്യം
2021 നിയമസഭ
ആകെ വോട്ട്: 212108
പോൾ ചെയ്തത്: 172039
എ.കെ.എം. അഷ്‌റഫ് (മുസ് ലിംലീഗ്): 65758
കെ. സുരേന്ദ്രൻ (ബി.ജെ.പി): 65013
വി.വി രമേശൻ (സി.പി.എം): 40639
ഭൂരിപക്ഷം: 745
2016 നിയമസഭ
1. പി.ബി അബ്ദുറസാഖ് (മുസ് ലിംലീഗ്) :56870
2. കെ. സുരേന്ദ്രൻ (ബി.ജെ.പി) :56781
3. സി.എച്ച് കുഞ്ഞമ്പു (സി.പി.എം) :42565
ഭൂരിപക്ഷം: 89
2024 ലോക്സഭ
യു.ഡി.എഫ്-74437
എൻ.ഡി.എ-57179
എൽ.ഡി.എഫ്-30156
ഭൂരിപക്ഷം (യു.ഡി.എഫ്)- 17528
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."