110 കോടി ദിര്‍ഹമിന്റെ ഹംദാന്‍ ബിന്‍ മുഹമ്മദ് സ്‌കോളര്‍ഷിപ്പ്: മൂന്നാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു
ദുബൈ: 2026, 27 അധ്യയന വര്‍ഷത്തേക്കുള്ള ഹംദാന്‍ ബിന്‍ മുഹമ്മദ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിന്റെ (Hamdan bin Mohammed Scholarship Programme) മൂന്നാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബൈ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA). യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് 'ദുബൈ നൗ' (Dubai Now) സ്മാര്‍ട്ട് ആപ്പിലെ 'എമിറാത്തി' (Emirati) വിഭാഗം വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 2026 ജൂണ്‍ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
1.1 ബില്യണ്‍ (110 കോടി) ദിര്‍ഹം ബജറ്റുള്ള ഈ പ്രോഗ്രാമിലൂടെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് മികച്ച വിജയം നേടുന്ന 100 എമിറാത്തി വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം പൂര്‍ണ്ണമായും ഫണ്ട് ചെയ്യുന്ന സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കും. ദുബൈയുടെ ഭാവി വികസനത്തിന് കുതിപ്പേകുന്ന തന്ത്രപ്രധാനമായ മേഖലകളില്‍ ബാച്ചിലര്‍ ബിരുദം നേടാനും, പുതിയ തലമുറയിലെ മികച്ച ആശയങ്ങളുള്ളവരെയും നേതാക്കളെയും വാര്‍ത്തെടുക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരം 2024ലാണ് ഈ പ്രോഗ്രാമിന് തുടക്കമിട്ടത്. മികച്ച വിദേശ സര്‍വ്വകലാശാലകളില്‍ പഠനസൗകര്യമൊരുക്കി മിടുക്കരായ എമിറാത്തി വിദ്യാര്‍ത്ഥികളെ ദുബൈയുടെ ഭാവി നേതാക്കളാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദുബൈ സാമ്പത്തിക അജണ്ട (D33), ദുബൈ സോഷ്യല്‍ അജണ്ട 33, എജ്യുക്കേഷന്‍ 33 സ്ട്രാറ്റജി എന്നിവയുടെ ഭാഗമായാണ് പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്.
ആദ്യ രണ്ട് വര്‍ഷങ്ങളില്‍ തന്നെ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രോഗ്രാമിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിലവില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചവരില്‍ 70 ശതമാനം പേരും ലോകത്തെ മികച്ച 100 സര്‍വ്വകലാശാലകളിലാണ് പഠിക്കുന്നത്. കമ്പ്യൂട്ടര്‍ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ടെക്‌നോളജി, ബിസിനസ്ഫിനാന്‍സ്, മെഡിസിന്‍, നിയമം, സോഷ്യല്‍ സയന്‍സ് തുടങ്ങി ദുബൈയുടെ ഭാവി വികസനത്തിന് മുന്‍ഗണന നല്‍കുന്ന വിവിധ മേഖലകളിലാണ് വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നത്.
അപേക്ഷിക്കാന്‍ യോഗ്യതയുള്ളവര്‍ ആരെല്ലാം?
* 2023 - 24, 2024 - 25, 2025 - 26 അധ്യയന വര്‍ഷങ്ങളില്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ എമിറാത്തി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
* ദുബൈയില്‍ നിന്നുള്ള ഫാമിലി ബുക്ക് ഉണ്ടായിരിക്കണം.
* മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിച്ചവരാകരുത്.
* സ്‌കോളര്‍ഷിപ്പ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നോ അക്കാദമിക് പ്രോഗ്രാമുകളില്‍ നിന്നോ നിബന്ധനകളോടെയോ (Conditional) അല്ലാതെയോ (Unconditional) ഉള്ള ഓഫര്‍ ലെറ്റര്‍ ലഭിച്ചിരിക്കണം.
* തിരഞ്ഞെടുക്കപ്പെടുന്നവര്‍ ബന്ധപ്പെട്ട രാജ്യത്ത് മുഴുവന്‍ സമയ പഠനത്തിന് (Fulltime study) തയ്യാറാകണം.
പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും അപേക്ഷാ മാനദണ്ഡങ്ങള്‍ക്കും KHDA വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
English Summary: The Knowledge and Human Development Authority (KHDA) has opened applications for the third cohort of the Hamdan bin Mohammed Scholarship Programme for the 2026-27 academic year. Supported by a Dh1.1 billion budget, the initiative awards 100 fully-funded scholarships annually to outstanding Emirati high school graduates. The program enables students to pursue bachelor's degrees in future-focused, strategic fields at top-tier global universities. Eligible Emirati students who graduated between the 2023-24 and 2025-26 academic years can apply through the 'Emirati' section of the Dubai Now app until June 30, 2026.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."