പേരാവൂർ പോര്; കളംപിടിക്കാൻ കരുത്തർ
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന വി.ഐ.പി മണ്ഡലങ്ങളിൽ പ്രഥമസ്ഥാനത്ത് മലയോരമേഖലയായ പേരാവൂർ ഉണ്ട്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെ തളയ്ക്കാൻ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ കെ.കെ ശൈലജയെയാണ് പാർട്ടി നിയോഗിച്ചത്. സിറ്റിങ് സീറ്റായ മട്ടന്നൂർ ഇത്തവണ പ്രതീക്ഷിക്കേണ്ടെന്നും മത്സരിക്കണമെങ്കിൽ പേരാവൂരിൽ പരിഗണിക്കാമെന്നുമായിരുന്നു പാർട്ടി നിലപാട്. മട്ടന്നൂർ ഇല്ലെങ്കിൽ മത്സരിക്കുന്നില്ലെന്ന തീരുമാനം തിരുത്താൻ കെ.കെ ശൈലജ അതോടെ നിർബന്ധിതയായി.
ബി.ഡി.ജെ.എസിലെ പൈലി വാത്യാട്ട് ആണ് എൻ.ഡി.എ സ്ഥാനാർഥി. തുടർച്ചയായ നാലാം എം.എൽ.എ സ്ഥാനം ലക്ഷ്യമിട്ട് നാട്ടുകാരൻ കൂടിയായ സണ്ണി ജോസഫ് ഇറങ്ങുമ്പോൾ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് പേരാവൂരിലെ മുൻ എം.എൽ.എ കൂടിയായ കെ.കെ ശൈലജയ്ക്ക്. ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനെ ചേർത്തുപിടിച്ച മണ്ഡലമാണ് പേരാവൂർ. കാലങ്ങളായി കോൺഗ്രസിന്റെ ഉറച്ച കോട്ടയാണ്. 2006ൽ യു.ഡി.എഫ് സ്ഥാനാർഥി എ.ഡി മുസ്തഫയെ 9,099 വോട്ടുകൾക്ക് തോൽപ്പിച്ച് കെ.കെ ശൈലജ വെന്നിക്കൊടി പാറിച്ചപ്പോഴാണ് ഇതിനൊരു മാറ്റം വന്നത്. എന്നാൽ, തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ 2011ൽ 3,440 വോട്ടുകൾക്ക് കെ.കെ ശൈലജ സണ്ണി ജോസഫിനോട് പരാജയപ്പെട്ടു. തുടർച്ചയായി മൂന്നുവട്ടം (2011, 2016, 2021) സണ്ണി ജോസഫ് പേരാവൂർ എം.എൽ.എയായി. എന്നാൽ, 2011 മുതൽ നേരിയ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് വിജയമെന്നത് എൽ.ഡി.എഫിന് പ്രതീക്ഷ നൽകുന്നു.
2011ൽ 3,440 വോട്ടിനാണ് ശൈലജയെ സണ്ണി ജോസഫ് പരാജയപ്പെടുത്തിയത്. 2016ൽ സി.പി.എമ്മിന്റെ ബിനോയ് കുര്യൻ സണ്ണി ജോസഫിനോട് പരാജയപ്പെട്ടത് 7,989 വോട്ടിനും. 2021ൽ യു.ഡി.എഫ് ഭൂരിപക്ഷം വീണ്ടും ഇടിഞ്ഞു. 3,172 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എം യുവമുഖം സക്കീർ ഹുസൈനെ സണ്ണി ജോസഫ് പരാജയപ്പെടുത്തിയത്.
അതുകൊണ്ടുതന്നെ നിസാര വോട്ടുകൾ തന്നെയാവും ഇത്തവണയും പേരാവൂരിന്റെ രാഷ്ട്രീയ ചിത്രം രേഖപ്പെടുത്തുക. കെ. സുധാകരൻ കണ്ണൂർ സീറ്റിനായി ഭൂകമ്പമുണ്ടാക്കിയത് പേരാവൂരിലും പ്രകമ്പനം സൃഷ്ടിച്ചിരുന്നു. സുധാകരന് സീറ്റ് നൽകിയില്ലെങ്കിൽ സണ്ണി ജോസഫ് മറുപടി പറയേണ്ടിവരുമെന്ന് പേരാവൂരിൽ ഉൾപ്പെടെ ഫ്‌ളക്സ് ബോർഡുകൾ ഉയർന്നു. മണ്ഡലത്തിൽ സണ്ണി ജോസഫിനുള്ള ജനകീയതയും ശൈലജയ്ക്കുള്ള തലയെടുപ്പും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഇരു മുന്നണികളും.
ലോക്സഭ തെരഞ്ഞെടുപ്പിൽ 23,481 വോട്ടകളുടെയും ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പതിനായിരത്തിലേറെ വോട്ടുകളുടെയും ഭൂരിപക്ഷം പേരാവൂരിൽ യു.ഡി.എഫിനുണ്ട്. കെ.കെ ശൈലജയുടെ വ്യക്തിപ്രഭാവത്തിലൂടെ ഇതിനെ മറികടക്കാം എന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് ക്യാംപ്.
ആകെ വോട്ടർമാർ-1,80,685
സ്ത്രീ-91766
പുരുഷൻ-88,918
ട്രാൻസ് ജെൻഡർ-1
2021 നിയമസഭ
ആകെ വോട്ടർമാർ: 1,77,249
പോൾ ചെയ്ത വോട്ട്:1,42,138
സണ്ണി ജോസഫ് (യു.ഡി.എഫ്): 66,706
സക്കീർ ഹുസൈൻ (എൽ.ഡി.എഫ്) :63,534
സ്മിത ജയമോഹൻ (ബി.ജെ.പി):9155
ഭൂരിപക്ഷം:3172
2016 നിയമസഭ
പോൾ ചെയ്ത വോട്ട്:1,36,047
സണ്ണി ജോസഫ് (യു.ഡി.എഫ്):65,659
ബിനോയ് കുര്യൻ (എൽ.ഡി.എഫ്): 57,670
പൈലി വാതിയാട്ട്(ബി.ജെ.പി): 9129
ഭൂരിപക്ഷം: 7989
2024 ലോക്സഭ
കെ. സുധാകരൻ നേടിയ ഭൂരിപക്ഷം: 23,481
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."