ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ഉദ്യാനറാണി അണിഞ്ഞൊരുങ്ങി
മലമ്പുഴ: കേരളത്തിന്റെ വൃന്ദാവനം ഓണക്കാലത്തെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടാന്‍ സാംസ്‌കാരിക പരിപാടികളും സന്ദര്‍ശകര്‍ക്കായി മലമ്പുഴയില്‍ ഒരുക്കിയിട്ടുണ്ട്. ഓണം ദിവസങ്ങളിലെ വിനോദസഞ്ചാരികളുടെ വരവ് മുന്നില്‍ക്കണ്ട് ഉദ്യാനത്തെ കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള തയ്യാറെടുപ്പിലാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍.
ഉദ്യാനത്തിനകത്ത് പ്രവര്‍ത്തിക്കാതെ കിടന്ന മുഴുവന്‍ ജലധാരകളും ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമാക്കിക്കഴിഞ്ഞു. മാസങ്ങളായി കട്ടപ്പുറത്തായിരുന്ന കുട്ടികളുടെ പാര്‍ക്കിലെ കളിത്തീവണ്ടിയും സര്‍വീസ് തുടങ്ങിക്കഴിഞ്ഞു. ഉദ്യാനത്തിനകത്തെ പാര്‍ക്കുകളെല്ലാം വെട്ടി വൃത്തിയാക്കി മോടി പിടിപ്പിക്കുന്ന തിരക്കിലാണ് ഉദ്യോഗസ്ഥര്‍. ഓണക്കാലത്തേക്ക് ഉദ്യാനത്തിനകത്ത് വിവിധതരത്തിലുള്ള പുഷ്പങ്ങള്‍ നിറഞ്ഞ് ചെടികളുമെത്തിത്തുടങ്ങി.
ഇതിനുപുറമെ നാലു ദിവസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക പരിപാടികളും നടക്കും. 14ന് സ്വരലയയുടെ ഗാനമേള, 15ന് പ്രണവം ശശിയുടെ നാടന്‍പാട്ട്, 16ന് കോഴിക്കോട് ആര്‍ ബ്രാന്‍ഡ് ഓര്‍ക്കസ്ട്രയുടെ ഗാനമേള എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.
ഉദ്യാനത്തിനകത്തെ മെമ്മറിപില്ലറിനു സമീപം വൈകീട്ട് അഞ്ചുമുതല്‍ എട്ടുവരെയാണ് പരിപാടികള്‍ നടക്കുന്നത്. കൂടാതെ അണക്കെട്ടിന് സമീപത്ത് ബീമര്‍ ലൈറ്റ്‌ഷോയും ഒരുക്കിയിട്ടുണ്ട്.
സന്ദര്‍ശകര്‍ക്കായി മലമ്പുഴ ഡാം സെക്ഷന്‍ ഓഫിസിന് സമീപത്ത് സ്ഥാപിക്കുന്ന ബീമര്‍ലൈറ്റില്‍ 16 കളറുകളോടുകൂടിയ 12 ലൈറ്റുകളാണുള്ളത്. മൂന്നു കിലോമീറ്റര്‍വരെ ഇതില്‍നിന്നുള്ള പ്രകാശമെത്തും.
മലമ്പുഴ ജലാശയത്തിനുള്ളില്‍ ചിത്രങ്ങള്‍ രചിക്കുന്ന അനുഭവം സൃഷ്ടിക്കുന്ന ബീമര്‍ ലൈറ്റ് ഷോ വിനോദസഞ്ചാരികള്‍ക്ക് ഇത്തവണ പുതിയൊരു അനുഭവമാകും.13 മുതല്‍ 17വരെ വൈകീട്ട് 6.30 മുതല്‍ ഉദ്യാനം അടയ്ക്കുന്ന സമയം വരെയാണ് ബീമര്‍ ലൈറ്റ് ഷോ നടക്കുക.
കഴിഞ്ഞ തിരുവോണനാളില്‍ ആരംഭിച്ച വൈഫൈ സൗകര്യവും ഇത്തവണ സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ടിക്കറ്റ് സമ്പ്രദായമുള്ളതിനാല്‍ പതിവുപോലെ ഉദ്യാനത്തിന് മുന്നില്‍ ടിക്കറെറ്റടുക്കാനുള്ള നീണ്ട ക്യൂവില്‍ നില്‍ക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടാവില്ല.
ബക്രീദിനു പിന്നാലെ ഓണം കൂടി വരുന്നതോടെ ഇത്തവണ റെക്കോര്‍ഡ് കളക്ഷന്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."