ത്യാഗസ്മരണയില്‍ നാടും നഗരവും ബലിപെരുന്നാള്‍ ആഘോഷിച്ചു
പട്ടാമ്പി: ഇബ്രാഹിമീയ ചരിത്രം അയവിറക്കി ത്യാഗസ്മരണയില്‍ നാടും നഗരവും ബലിപെരുന്നാള്‍ ആഘോഷിച്ചു. ശിഥിലമായി കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങള്‍ പുലര്‍ത്താനും സ്‌നേഹ സൗഹൃദങ്ങള്‍ പരസ്പരം കൈമാറി മനുഷ്യത്വം പുലര്‍ത്താനും വിശ്വാസി സമൂഹം തയാറാകണമെന്ന് പള്ളികളില്‍ നടന്ന പെരുന്നാള്‍ സന്ദേശത്തില്‍ ഖത്തീബുമാര്‍ ഉണര്‍ത്തി.
ലഹരി പദാര്‍ത്ഥങ്ങള്‍ വര്‍ജിച്ച് സാമൂഹ്യതിന്മകള്‍ക്കെതിരേ പടപൊരുതാന്‍ യുവസമൂഹം തയാറാകുമ്പോഴാണ് ഇബ്രാഹീമിയ ചരിത്രം മനസ്സിലാക്കിയവര്‍ക്ക് വിശ്വാസം മുറുകെ പിടിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ പണ്ഡിതനേതാക്കള്‍ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി.
പട്ടാമ്പിയിലെ പള്ളികളിലും വിവിധ കേന്ദ്രങ്ങളിലും ഈദ്ഗാഹ് നടന്നു. ടൗണ്‍ ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനുമുമ്പില്‍ സംഘടിപ്പിച്ച ബലിപെരുന്നാള്‍ നമസ്‌കാരത്തിന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ജില്ലാ പ്രസിഡന്റ് എന്‍.എ.എം ഇസ്ഹാഖ് മൗലവി നേതൃത്വം നല്‍കി.
കെ.എന്‍.എമ്മിന്റെ നേതൃത്വത്തില്‍ ടൗണ്‍ഹാള്‍ പരിസരത്തു നടന്ന ഈദ്ഗാഗിന് യു.പി .ഷിഹാബുദ്ദീന്‍ അന്‍സാരി നേതൃത്വം നല്‍കി.
ഒലവക്കോട് എം.ഇ. എസ് ഗ്രൗണ്ടിലും ഈദ്ഗാഗ് സംഘടിപ്പിച്ചു.ബലിപെരുന്നാളിനോടനുബന്ധിച്ച് ജുമുഅത്ത് പള്ളികള്‍ കേന്ദ്രീകരിച്ച് ബലികര്‍മ്മം നടത്തി. മഹല്ലില്‍ താമസിക്കുന്ന വീടുകളിലേക്ക് എത്തിച്ച് ബലി മാംസം വിതരണം ചെയ്തുമാണ് ത്യാഗസ്മരണകളില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചത്.
കൊപ്പം: തക്ബീറിന്റെ മന്ത്രധ്വനികള്‍, കൈകളില്‍ മൊഞ്ചുള്ള മൈലാഞ്ചിച്ചുവപ്പും ഉടയാടകളിലെ അത്തറിന്‍ പൂമണവും സന്തോഷ വേളയിലും ജീവിതത്തില്‍ നിറം നഷ്ടപ്പെട്ടവര്‍ക്കുള്ള സ്‌നേഹത്തിന്റെ കയ്യൊപ്പും ചാര്‍ത്തി നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷിച്ചു.
നിസ്‌കാരത്തിനും ഖുതുബക്കും ശേഷം മുമ്പേ നടന്നവരുടെ ഖബര്‍ സിയാറത്തിന് ശേഷം വിഭവ സമൃദ്ധമായ ഭക്ഷണവും കഴിച്ച് കുടുംബ വീടുകള്‍ സന്ദര്‍ശിക്കാനാണ് വിശ്വാസികള്‍ സയം കണ്ടെത്തിയത്.
വിവിധ പള്ളികളില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിന് പ്രഗത്ഭ പണ്ഡിതന്‍മാര്‍ നേതൃതം നല്‍കി.
കൊപ്പം ടൗണ്‍ ജുമാമസ്ജിദില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിന് ജി.എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴയും വിളയൂരില്‍ നൗഷാദ് ഫൈസിയും വല്ലപ്പുഴയില്‍ കെ.കെ.എം മുസ്തഫ ഫൈസി വളപുരവും ആമയൂരില്‍ സയ്യിദ് ഹാശിം തങ്ങളും കുലുക്കല്ലൂരില്‍ കെ.പി.സി തങ്ങളും തിരുവേഗപ്പുറയില്‍ അബ്ദുല്ല മുസ്‌ലിയാരും നെല്ലായയില്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാരുമടക്കമുള്ളവര്‍ വിവിധ പള്ളികളില്‍ നിസ്‌കാരത്തിനും ഖുതുബക്കും നേതൃത്വം വഹിച്ചു.
എസ്.കെ.എസ്.എസ്.എഫ് ചെര്‍പ്പുളശ്ശേരി മേഖല കമ്മിറ്റി പൊലീസ് സ്റ്റേഷനിലും സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും വിഭവ സമൃദ്ധമായ ഭക്ഷണം നല്‍കിയാണ് ബലിപെരുന്നാള്‍ ആഘോഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."