ഉത്രാടത്തിരക്കില്‍ കുരുങ്ങാതെ നഗരം
കൊച്ചി: ഇന്നലെ ജില്ലയുടെ വിവിധഭാഗങ്ങളില്‍ ഉത്രാടത്തിരക്ക് ദൃശ്യമായെങ്കിലും നഗര ഹൃദയത്ത് തെരക്കനുഭവപ്പെട്ടില്ല. സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമൊക്കെ ഒരാഴ്ചയോളം അവധിലഭിച്ചതാണ് തിരക്ക് കുറയാന്‍ കാരണം.
നഗരത്തിലേറെയും വരുത്തരായതിനാല്‍ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ നാട്ടിലേക്ക് മടങ്ങിയതും നഗരത്തിലെ കുരുക്കിന് ഒരുപരിധിവരെ പരിഹാരമായി.
കഴിഞ്ഞ ആഴ്ചയിലെ തിരക്കില്‍ നഗരം വീര്‍പ്പുമുട്ടിയിരുന്നു. പ്രധാന റോഡുകളായ എം.ജി.റോഡ്, തേവര, കലൂര്‍, കടവന്ത്ര എന്നിവിടങ്ങളിലൊക്കെ ഏറെനേരം കാത്തുകിടന്നാണ് വാഹനങ്ങള്‍ നീങ്ങിയത്. ഈ തിരക്ക് കണ്ട് ഉത്രാടപ്പാച്ചിലില്‍ നഗരത്തില്‍ കടുത്ത തിരക്കനുഭവപ്പെടുമെന്ന് എല്ലാവരും വിധയെഴുതിയിരുന്നു. എന്നാല്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലുമൊക്കെ കഴിഞ്ഞിരുന്ന മറ്റ് ജില്ലകളിലുള്ളവരും മറ്റ് സംസ്ഥാനങ്ങളിലുള്ളവരുമൊക്കെ നേരത്തെ തന്നെ ഷോപ്പിങ് നടത്തി ജില്ലവിട്ടതാണ് തിരക്കൊഴിയാന്‍ കാരണം.
ഇന്നലെ ഉത്രാടദിനമായിരുന്നിട്ടുപോലും പകല്‍ സമയത്ത് ഞായറാഴ്ചയുടെ പ്രതീതിയായിരുന്നു.ബക്രീദിന് പിറ്റേദിവസമായിരുന്നതിനാല്‍ മിക്ക കടകളും അടഞ്ഞുകിടന്നു. വൈകുന്നേരത്തോടെയാണ് കടകള്‍ തുറന്നുപ്രവര്‍ത്തിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ ഏറെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നെങ്കില്‍ ഇന്നലെ റോഡുകളെല്ലാം ഒഴിഞ്ഞുകിടന്നു. വന്‍ തിരക്ക് പ്രമാണിച്ച് സ്വന്തം വാഹനം ഉപേക്ഷിച്ച് പൊതുവാഹനങ്ങള്‍ തെരഞ്ഞെടുത്തതും ഗതാഗതക്കുരുക്ക് കുറയാന്‍ ഇടയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."