പിണറായി എന്നെ വളർത്തിയിട്ടില്ല; അന്ന് അദ്ദേഹത്തെ ഇവിടെ ആർക്കും അറിയില്ലായിരുന്നു: തുറന്നടിച്ച് ജി. സുധാകരൻ
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവും അമ്പലപ്പുഴയിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി. സുധാകരൻ. താൻ വളർന്നത് പിണറായി വിജയന്റെ തണലിലാണെന്ന വാദങ്ങളെ പൂർണ്ണമായും തള്ളിയ സുധാകരൻ, രാഷ്ട്രീയ പാരമ്പര്യത്തിൽ താൻ ആരുടെയും പിന്നിലല്ലെന്ന് വ്യക്തമാക്കി. രാഹുൽ ഗാന്ധി പങ്കെടുത്ത യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു സുധാകരന്റെ തുറന്നുപറച്ചിൽ.
'മലബാറിൽ മാത്രം ഒതുങ്ങിയ നേതാവ്'
1967 കാലഘട്ടത്തിൽ പിണറായി വിജയനെ തിരുവിതാംകൂറിൽ ആർക്കും അറിയില്ലായിരുന്നുവെന്ന് സുധാകരൻ പരിഹസിച്ചു. "അന്ന് അദ്ദേഹം മലബാറിൽ തലശ്ശേരിയിൽ മാത്രം ഒതുങ്ങിനിന്ന നേതാവായിരുന്നു. പിണറായി വിജയനാണ് എന്നെ വളർത്തിയതെന്ന വാദം ശുദ്ധ അസംബന്ധമാണ്. 15-ാം വയസ്സിൽ പാർട്ടിയിൽ ചേർന്ന ഞാൻ 63 വർഷമായി പൊതുരംഗത്തുണ്ട്," സുധാകരൻ പറഞ്ഞു.
രക്തസാക്ഷി കുടുംബത്തെ പാർട്ടി കൈവിട്ടു
തന്റെ അനുജനും രക്തസാക്ഷിയുമായ ഭുവനേശ്വരന്റെ കേസ് നടത്താൻ പിണറായി വിജയൻ നയിക്കുന്ന പാർട്ടി പത്തു പൈസ പോലും നൽകിയിട്ടില്ലെന്ന് സുധാകരൻ ആരോപിച്ചു. "വീട്ടിലെ ആഞ്ഞിലി മരം വെട്ടി വിറ്റ പണം കൊണ്ടാണ് ആ കേസ് നടത്തിയത്. പാർട്ടി സഹായിച്ചെന്നത് വ്യാജ പ്രചാരണമാണ്," അദ്ദേഹം ആവർത്തിച്ചു.
വിജയരാഘവൻ 'പരാജയരാഘവൻ'
സി.പി.എം നേതാവ് എ. വിജയരാഘവനെ 'പരാജയരാഘവൻ' എന്ന് വിശേഷിപ്പിച്ച സുധാകരൻ അദ്ദേഹത്തെ പരിഹസിക്കാനും മറന്നില്ല. "വിജയരാഘവൻ എവിടെ പ്രസംഗിക്കുന്നുവോ അവിടെ എൽ.ഡി.എഫ് തോൽക്കും. മാർക്സിനെയോ ഏംഗൽസിനെയോ വായിക്കാത്തവരാണ് ഇന്നത്തെ പല മാർക്സിസ്റ്റുകാരും," സുധാകരൻ കുറ്റപ്പെടുത്തി.
ആലപ്പുഴയിൽ എൽ.ഡി.എഫിന് തിരിച്ചടി
ഒരു പാർട്ടിക്കും ഒരു മണ്ഡലവും സ്വന്തമാണെന്ന് അവകാശപ്പെടാനാവില്ലെന്ന് സുധാകരൻ ഓർമ്മിപ്പിച്ചു. ആലപ്പുഴ ജില്ലയിൽ യു.ഡി.എഫ് കൃത്യമായി പ്രവർത്തിച്ചാൽ ഇത്തവണ എൽ.ഡി.എഫ് ഒന്നോ രണ്ടോ സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും അദ്ദേഹം പ്രവചിച്ചു. പിണറായി സർക്കാരിനെതിരായ ജനവികാരം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."