കാവേരി ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍
കാവേരി നദീജലതര്‍ക്കത്തിന്റെപേരില്‍ കര്‍ണാടകത്തിന്റെ പല പ്രദേശങ്ങളും കത്തിക്കൊണ്ടിരിക്കുകയാണ്. സുപ്രിംകോടതിവിധിയെ തുടര്‍ന്നുണ്ടായ പ്രക്ഷോഭം നിയന്ത്രണംവിട്ടതോടെ കര്‍ണാകടയിലുള്ള തമിഴ്‌നാട്ടുകാരും മലയാളികളുമുള്‍പ്പെടെയുള്ള അന്യ സംസ്ഥാനക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഭീതിയിലാണു കഴിയുന്നത്.
പ്രക്ഷോഭകാരികളെ നേരിടുന്നതില്‍ കര്‍ണ്ണാടകസര്‍ക്കാരിനു ഗുരുതരമായ വീഴ്ചയുണ്ടായതായി ആരോപണമുണ്ട്. പ്രക്ഷോഭത്തെ ആദ്യഘട്ടത്തില്‍ കര്‍ശനമായി നേരിടാനായില്ലെന്നു കോണ്‍ഗ്രസ്സിന്റെ മുഖപത്രംപോലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യത്ത് കോടതിവിധികള്‍ ഭരണകൂടതാല്‍പ്പര്യങ്ങള്‍ക്കെതിരായി വരുന്നതു സാധാരണമാണ്. അത്തരം ഉത്തരവു നടപ്പാക്കാതിരിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങി വികാരം പ്രകടിപ്പിക്കട്ടെയെന്നു ഭരണകൂടം ചിന്തിച്ചിട്ടുണ്ടെങ്കില്‍ ഗുരുതരമായ വൈകല്യമാണ്. ദൂരവ്യാപകമായ ദോഷഫലങ്ങളുണ്ടാക്കുന്ന ഹീനകൃത്യമാണത്. സിദ്ധരാമയ്യ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികൂട്ടിലാണ്.
കാവേരി നദീജലം തമിഴ്‌നാടിനു നല്‍കാനാവില്ലെന്നാണു കര്‍ണാകടത്തിന്റെ നിലപാട്. കാവേരി നദീജലതര്‍ക്കട്രൈബ്യൂണല്‍ എത്രയോ വര്‍ഷമായി തെളിവെടുപ്പും നടപടികളുമായി ഖജനാവില്‍നിന്ന് എത്രയോ പണം ഇതിനായി ചെലവഴിച്ചിട്ടുണ്ട്. സുപ്രിംകോടതിയുടെ ഇടപെടലുകള്‍ പലപ്പോഴും അനിവാര്യമായിത്തീര്‍ന്ന തര്‍ക്കമാണിത്. 15,000 ഘനയടി വെള്ളം കുറച്ചുദിവസത്തേയ്ക്കു തമിഴ്‌നാടിനു നല്‍കാന്‍ സുപ്രിംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഇതു നടപ്പാക്കാന്‍ കര്‍ണാകടം തയാറായില്ല. പകരം വീണ്ടും നിയമനടപടികളുമായി മുന്നേറുകയാണു ചെയ്തത്.
കര്‍ണാടക സര്‍ക്കാരിന്റെ ഉപഹര്‍ജിയെ തുടര്‍ന്ന് അതു 12000 ഘനയടിയായി കോടതി കുറച്ചു. കഴിഞ്ഞദിവസം കര്‍ണാടകം സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി സുപ്രിം കോടതി തള്ളിയതോടെയാണ് ആസൂത്രിതമെന്നും സര്‍ക്കാര്‍ പിന്‍ബലമുള്ളതെന്നും തോന്നുംവിധം കലാപം ആളിപ്പടര്‍ന്നത്. സംഘര്‍ഷം കനത്തതോടെ തമിഴ്‌നാട്ടുകാരുടെ നൂറുകണക്കിനു വാഹനങ്ങള്‍ കത്തിക്കപ്പെട്ടു. ഭീകരാവസ്ഥയാണിന്നു കര്‍ണാകടത്തില്‍.
ഇതിനു പ്രതിക്രിയയെന്നവണ്ണം തമിഴ്‌നാട്ടിലെ ചില സ്ഥലങ്ങളില്‍ കര്‍ണാടക്കാരും അവരുടെ സ്ഥാപനങ്ങളും ആക്രമിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. മലയാളികളായ ഒട്ടേറെപേര്‍ ഓണക്കാലത്തു കേരളത്തിലെത്താനായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ട്രെയിനുകളും മറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ഇത്തരത്തില്‍ മലയാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുവരുന്നുണ്ട്.
ഇന്ത്യക്കാരെന്നനിലയില്‍ ആസേതു ഹിമാചലം നമ്മെ കോര്‍ത്തിണക്കി നിര്‍ത്തുന്ന പൊതുവികാരങ്ങളും അഭിലാഷങ്ങളുമുണ്ട്. ഏതു മതക്കാരായാലും ഏതു ഭാഷ സംസാരിക്കുന്നവരായാലും ഏതു പ്രദേശത്തുകാരായാലും നമ്മെ ഒരുമിപ്പിച്ചുനിര്‍ത്തുന്ന വികാരങ്ങളുടെ ബീജങ്ങളെ പരിപോഷിപ്പിക്കുകയാണു വേണ്ടത്. പ്രാദേശികവികാരങ്ങളാലും താല്‍പ്പര്യങ്ങളാലും ജനങ്ങളുടെ ഒരുമയില്‍ വിള്ളലുണ്ടാകാന്‍പാടില്ല. കാവേരി നദീജലതര്‍ക്കം ദക്ഷിണേന്ത്യന്‍സംസ്ഥാനങ്ങളെ വിദ്വേഷത്തിന്റെ വിളനിലമാക്കി മാറ്റുമോയെന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. രാഷ്ട്രീയക്കാരന്‍ വരാന്‍പോകുന്ന തെരഞ്ഞെടുപ്പിനെപ്പറ്റി ചിന്തിക്കുമ്പോള്‍ രാഷ്ട്രതന്ത്രജ്ഞന്‍ വരുന്ന തലമുറയെപ്പറ്റിയാണു ചിന്തിക്കുകയെന്നു പറയാറുണ്ട്. നമുക്കുവേണ്ടത് രാഷ്ട്രതന്ത്രജ്ഞന്മാരായ രാഷ്ട്രീയക്കാരെയാണ്.
കര്‍ണാടകയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സംസ്ഥാനം കേന്ദ്രഅര്‍ധസൈനികസംവിധാനത്തിന്റെ സഹായംതേടിയിരിക്കുകയാണ്. പ്രശ്‌നപരിഹാരത്തിനും അക്രമങ്ങള്‍ അമര്‍ച്ച ചെയ്ത് സാധാരണനില കൈവരിക്കുന്നതിനും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒത്തൊരുമിച്ച് ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നുണ്ട്. ഇതു ഫലപ്രദമാകാന്‍ പ്രാര്‍ഥിക്കാം.
കോടതി വിധിപ്രസ്താവിക്കുന്നതു മുന്‍പിലെത്തുന്ന തെളിവുകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലാണ്. കാവേരി നദീജലത്തര്‍ക്കം പോലുള്ളവയ്ക്കു കോടതിവിധി ആത്യന്തികപരിഹാരമാകണമെന്നില്ല. സാമൂഹ്യ,രാഷ്ട്രീയപ്രശ്‌നങ്ങള്‍ പഠിച്ചു ജനാധിപത്യസംവിധാനം പരിഹാരം കണ്ടെത്തുന്നതാണ് ഉചിതം. വികാരങ്ങള്‍ക്ക് അടിമപ്പെട്ടു ജനങ്ങള്‍ തലതല്ലിക്കീറി നശിക്കുന്നത് അടിയന്തിരമായി തടയേണ്ടിയിരിക്കുന്നു. അടല്‍ ബിഹാരി വാജ്‌പേയി ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പ്രധാനനദികളെല്ലാം രാജ്യത്തിന്റെ പൊതുസ്വത്താണെന്നു പ്രഖ്യാപിച്ച് നദീ സംയോജനത്തിനുള്ള സംരംഭമാരംഭിച്ചിരുന്നു. ജലധാരാളിത്വവും ജലദൗര്‍ലഭ്യവും പരിഹരിക്കാന്‍ ഇതു സഹായകമാകുമായിരുന്നു. എന്നാല്‍, കേരളത്തിലെ ഭരണപ്രതിപക്ഷകക്ഷികളുള്‍പ്പെടെ നിരവധി കോണുകളില്‍നിന്നു കടുത്ത എതിര്‍പ്പുണ്ടായതിനാല്‍ ആ നല്ല നിര്‍ദ്ദേശം പ്രാവര്‍ത്തികമായില്ല.
രാഷ്ട്രീയതാല്‍പ്പര്യങ്ങളും എതിര്‍പ്പുകളും മാറ്റിവച്ചു ദേശീയ നദീ സംയോജന ഉദ്യമം വീണ്ടും സജീവമായി പരിഗണിക്കുന്നതു നല്ലതാണ്. കക്ഷിരാഷ്ട്രീയത്തിനും പ്രാദേശികവികാരങ്ങള്‍ക്കുമപ്പുറം നദീജലതര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള കൂട്ടായ ശ്രമം കാലഘട്ടത്തിന്റെ ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."