വൃദ്ധ സ്ത്രീകളെ പറ്റിച്ച് ആഭരണം കൈക്കലാക്കുന്നയാള്‍ പിടിയില്‍
നിലമ്പൂര്‍: പരിചയം നടിച്ചു വൃദ്ധരായ സ്ത്രീകളെ പറ്റിച്ചു പണവും ആഭരണവുമായി മുങ്ങുന്നയാളെ നിലമ്പൂര്‍ പൊലിസ് പിടികൂടി. സുല്‍ത്താന്‍ ബത്തേരി വാകേരി കല്ലൂര്‍കുന്ന് സ്വദേശി പന്തലായനിക്കല്‍ ശിവദാസന്‍ എന്ന മുക്കം ശിവദാസനെ (42)യാണ് നിലമ്പൂര്‍ എസ്.ഐ മനോജ് പറയറ്റയും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ചിനു നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ വണ്ടൂര്‍ തൃക്കേക്കുത്ത് സ്വദേശി കുന്നുംപറമ്പത്ത് കാര്‍ത്ത്യായനിയുടെ മാല മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
രോഗവിവരങ്ങള്‍ ചോദിച്ചു മനസിലാക്കിയ ശേഷം പ്രായമായവര്‍ക്കു സര്‍ക്കാര്‍ ചികിത്സാ സഹായമായി 1.35 ലക്ഷം രൂപ ബാങ്കുവഴി നല്‍കുന്നുണ്ടെന്നും ഇത് ഇവര്‍ക്കും പാസായിട്ടുണ്ടെന്നും ഇതിനുള്ള ഫോമുകളും മറ്റും വാങ്ങുന്ന ചിലവിലേക്കായി 6000 രൂപ ബാങ്കില്‍ അടക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു കഴുത്തിലുണ്ടായിരുന്ന ഒരു പവന്റെ മാല കൈക്കലാക്കി കടന്നത്. തുടര്‍ന്നു നിലമ്പൂര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
ബത്തേരി സ്വദേശിയാണെങ്കിലും പ്രതി നിലവില്‍ മുക്കത്താണ് താമസം. 2014ല്‍ വടകര സര്‍ക്കാര്‍ ആശുപത്രി പരിസരത്തുനിന്നു സമാനമായ കുറ്റകൃത്യത്തിന് ഇയാളെ പൊലിസ് പിടികൂടിയിരുന്നു. കൊയിലാണ്ടി, താമരശ്ശേരി, വടകര, പേരാമ്പ്ര തുടങ്ങി എട്ടോളം സ്ഥലങ്ങളില്‍ നടന്ന തട്ടിപ്പുകളില്‍ ഇയാള്‍ പ്രതിയായിരുന്നു. ഡിവൈ.എസ്.പി മോഹനചന്ദ്രന്റെ നിര്‍ദേശപ്രകാരം നിലമ്പൂര്‍ സി.ഐ. കെ.എം ദേവസ്യ, എസ്.ഐ മനോജ് പറയറ്റ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."